കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന എം സി കമറുദ്ദീൻ എംഎൽഎ യെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അപേക്ഷയിൽ നാളെ ഉച്ചക്ക് 3 മണിവരെ കസ്റ്റഡി അനുവദിച്ചത്. ഒരാഴ്ച മുമ്പ് 3 കേസുകളിൽ എംഎൽഎയെ രണ്ട് ദിവസം കസ്റ്റഡിയിൽ വിട്ടിരുന്നു.

കസ്റ്റഡി അപേക്ഷ വന്നതിനാൽ എംഎൽഎ 13 കേസുകളിൽ നൽകിയ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. അതേ സമയം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കമറുദ്ദീനെ വൈദ്യ പരിശോധന നടത്തി. കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചായിരുന്നു പരിശോധന. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനാൽ എംഎൽഎയെ കാഞ്ഞങ്ങാട് ജയിലിലേക്ക് തന്നെ മാറ്റിയിരുന്നു.