Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കേരളത്തിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയത്തിന് തകരാറുള്ള കുഞ്ഞായിരുന്നു. 

covid 19 4 month old infant tested positive for covid in kozhikode dies
Author
Kozhikode, First Published Apr 24, 2020, 8:38 AM IST

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. രാവിലെ എട്ട് മണിയോടെയാണ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കുഞ്ഞാണ്. മഞ്ചേരി സ്വദേശികളുടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾത്തന്നെ അതീവഗുരുതരാവസ്ഥയിലായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. ജന്മനാ ആരോഗ്യപ്രശ്‍നങ്ങളുള്ള കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ അവശനിലയിൽ ആയിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖവും ഭാരക്കുറവും കുഞ്ഞിന് ഉണ്ടായിരുന്നു.

മഞ്ചേരി സ്വദേശിയായ കുഞ്ഞിന്‍റെ ബന്ധുവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാകാം കുഞ്ഞിന് വൈറസ് ബാധയേറ്റതെന്നാണ് സംശയം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. എവിടെ നിന്നാണ് കൃത്യമായി കുഞ്ഞിന് അസുഖം വന്നതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ ബന്ധു കുഞ്ഞിനെ കാണാൻ എത്തിയിട്ടില്ലെന്നാണ് അച്ഛനമ്മമാർ പറയുന്നത്. അസുഖമുള്ള കുട്ടിയായതിനാൽ കുഞ്ഞിനെ പുറത്ത് കൊണ്ടുപോയിരുന്നതുമില്ല. 

നിരവധി ആരോഗ്യപ്രശ്‍നങ്ങളുള്ള കുട്ടിയെ വിവിധ ആശുപത്രികളിൽ നേരത്തെ ചികിത്സിച്ചിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഏപ്രില്‍ 17 ന് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചിരുന്നു. ന്യുമോണിയ ബാധിച്ചെന്ന് കണ്ടെത്തിയതോടെ അതേദിവസം തന്നെ മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷം അപസ്‍മാരത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Follow Us:
Download App:
  • android
  • ios