കോഴിക്കോട്: കോഴിക്കോട് തൂണേരിയിൽ പഞ്ചായത്ത് പ്രസിഡന്‍റടക്കം 53 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ് ഇത്രയധികം പേർക്ക് ഒരുമിച്ച് കൊവിഡ് പോസിറ്റീവായത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പഞ്ചായത്ത് മെമ്പർമാരുമുണ്ട്. നേരത്തെ തൂണേരിയിൽ പോസിറ്റീവായിരുന്ന രണ്ട് പേരുടെ സമ്പർക്കത്തിൽ വരുന്ന 400 പേരുടെ സ്രവം പരിശോധിച്ചതിലാണ് 53 പേർക്ക് പോസിറ്റീവായത്.

ഇതോടെ തൂണേരി പഞ്ചായത്ത് ഓഫീസ് അടച്ചിടാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശം നൽകി. പഞ്ചായത്തിലെ മുഴുവൻ പേരുടെയും സ്രവം പരിശോധനക്കെടുക്കും. അൻ്റിജൻ ടെസ്റ്റിൽ ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ആറ് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.