പത്തനംതിട്ട: പുറത്ത് വരുന്ന കൊവിഡ് പരിശോധന ഫലങ്ങളിൽ ആശ്വസിച്ച് പത്തനംതിട്ട. ഇന്ന് വന്ന 90 പരിശോധന ഫലങ്ങളും നെഗറ്റീവാണെന്ന ആശ്വസകരമായ വാര്‍ത്തയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പങ്കുവയ്ക്കുന്നത്. ഇക്കൂട്ടത്തിൽ നിസാമുദ്ദീനിൽ നിന്ന് വന്ന രണ്ട് പേരുടെ പരിശോധന ഫലവും ഉണ്ട്. ഇനി പുറത്ത് വരാനുള്ളത് 95 പേരുടെ പരിശോധന ഫലമാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.

കഴിഞ്ഞ് മൂന്ന് ദിവസമായി ജില്ലയിൽ നിന്നുള്ള 201 പേരുടെ  കൊവിഡ് 19 പരിശോധനാ ഫലങ്ങളും  നെഗറ്റീവ് ആണ്. ഇക്കൂട്ടത്തിൽ ദില്ലി നിസാമുദ്ദീനിൽ  നിന്ന് വന്ന 16 പേരുടെയും ഉൾപ്പെടുന്നു. സ്രവ സാംപിൾ അയച്ചതിൽ 95 പേരുടെ ഫലങ്ങൾ വരാനുണ്ട്. കൂടാതെ നേരത്തെ രോഗം സ്ഥിരീകരിച്ച 5 പേരുടെ തുടർ ഫലങ്ങളും കിട്ടാനുണ്ട്.

19 പേരാണ് ജില്ലയിൽ ആശുപത്രി ഐസോലേഷനിലുള്ളത്.ആകെ 7676 പേര്‍ വീടുകളിലും നിരീക്ഷണത്തിൽ തുടരുകയാണ്.  നിസാമുദ്ദീനിൽ നിന്ന് കേരളത്തിലേക്ക് വന്നിട്ടുള്ള 5 ൽ അധികം  ട്രെയിനുകളിൽ സഞ്ചരിച്ച ജില്ലയിൽ നിന്നുള്ളവരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. റെയിൽവേയിൽ നിന്ന് യാത്രാ പട്ടിക  ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ട്. ഇവരെയും നീരീക്ഷണത്തിലാക്കാനാണ് തീരുമാനം.

അതിനിടെ നിരോധനാജ്ഞാ ലംഘനവുമായി ബന്ധപ്പെട്ട് ഇന്ന് 129 പേർ ജില്ലയിൽ അറസ്റ്റിലായി. കൂടുതൽ നെഗറ്റീവ് ഫലങ്ങൾ തുടർച്ചയായി വരുന്നുണ്ടെങ്കിലും മുൻ കരുതൽ നടപടികളിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ജില്ലയിൽ കൊവിഡ് കെയർ സെന്‍ററിന്‍റെ പ്രവർത്തനം ആരംഭിച്ചു. നെഗറ്റീവ് ആയ 4 പേരെ ഇവിടേക്ക് മാറ്റിയിട്ടുണ്ട്.

പത്തനംതിട്ടക്ക് മാത്രമല്ല സംസ്ഥാനത്താകെയും കൊവിഡ് വ്യാപനത്തിന്‍റെ കാര്യത്തിൽ ആശ്വാസ വാര്‍ത്തകളാണ് പുറത്ത് വരുന്നത് . സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കൊവിഡ് പരിശോധനാ ഫലങ്ങളില്‍ കൂടുതല്‍ പേരുടെ ഫലങ്ങളും നെഗറ്റീവാണ്. കോഴിക്കോട് ജില്ലയില്‍ നിന്ന് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത അഞ്ച് പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. 
ഇനി ആറു പേരുടെ പരിശോധനാ ഫലമാണ് വരാനുള്ളത്.

തിരുവനന്തപുരത്ത് 172 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. നിസാമുദ്ദീനിൽ നിന്ന് വന്ന 11 പേരുടെ പരിശോധനയിൽ ഒന്‍പത് പേരുടേത് നെഗറ്റീവാണ്. ഇനി രണ്ടുപേരുടെ ഫലം കൂടി വരാനുണ്ട്. കൊവിഡ് മരണം സംഭവിച്ച പോത്തൻകോട് ഇതുവരെ 215 പേരുടെ സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതില്‍ 152 പേരുടെ ഫലം നെഗറ്റീവാണ്. ഇനി  61 പേരുടെ ഫലം കിട്ടാനുണ്ട്.