ഇവരിൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്ക് അഗതിമന്ദിരത്തിൽ തന്നെ ചികിത്സ ഒരുക്കും. ഇതിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും സംഘത്തെ അയക്കും. 

കോഴിക്കോട്: ജില്ലയിലെ അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് കൂട്ടത്തോടെ കൊവിഡ്. കോഴിക്കോട് എടച്ചേരിയിലെ അഗതിമന്ദിരത്തിലാണ് 92 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഗുരുതര ആരോഗ്യപ്രശ്നമുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ഫസ്റ്റ് ലൈൻ ട്രീറ്റ്‍മെന്‍റ് സെന്‍ററിലേക്കും മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട്ട് ഇന്ന് 468 കൊവിഡ് കേസുകളാണ് റിപ്പോ‍ർട്ട് ചെയ്തത്.

കോഴിക്കോട് രണ്ട് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. കോഴിക്കോട് നല്ലളം സ്വദേശി പ്രേമലത (60), വടകര പുതുപ്പണം സ്വദേശി കെ എൻ നാസർ (42) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇതിനിടെ, കോഴിക്കോട് പൊലീസ് കമ്മീഷണർ ഓഫീസിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഴുവൻ ജീവനക്കാർക്കും തിങ്കളാഴ്ച കൊവിഡ് പരിശോധന നടത്തും. 

കോഴിക്കോട്ട് ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകളുടെ വിശദാംശങ്ങൾ:

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 3
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 11
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 37
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 417