Asianet News Malayalam

വാളയാറിൽ ഉണ്ടായിരുന്ന 5 ജനപ്രതിനിധികൾ ക്വാറന്‍റീനിൽ പോവണം; പൊലീസുകാർക്കും മാധ്യമപ്രവർത്തകര്‍ക്കും ബാധകം

വികെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, അനിൽ അക്കര, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, എന്നിവർ ഇതോടെ ക്വാറന്‍റൈനിൽ പോകേണ്ട സാഹചര്യമാണ്. 

Covid 19 all present at walayar border including politicians to should enter 14 days quarantine
Author
Palakkad, First Published May 14, 2020, 12:17 PM IST
  • Facebook
  • Twitter
  • Whatsapp

പാലക്കാട്: അതിർത്തിയിൽ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപത്തുണ്ടായിരുന്നവർ 14 ദിവസം ക്വാറൻ്റീനിൽ പ്രവേശിക്കണമെന്ന് മെഡിക്കൽ ബോർഡ്. മെയ് 12ന് പാലക്കാട് ജില്ലയില്‍ വെച്ച് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതും ഇയാൾ ഉണ്ടായിരുന്ന സമയത്ത് വാളയാര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ എന്നിവർ 14 ദിവസത്തേക്ക് ഹോം ക്വാറന്റെയിനില്‍ പ്രവേശിക്കണമെന്നുമാണ് ഡിഎംഒ കെ പി റീത്തയുടെ നേത‍ൃത്വത്തിലുള്ള മെഡിക്കൽ ബോർഡിൻ്റെ നിർദ്ദേശം. 

മെഡിക്കൽ ബോർഡ് നിർദ്ദേശം അനുസരിച്ച് അഞ്ച് ജനപ്രതിനിധികൾ ക്വാറന്‍റീനിൽ പോകണം, എംഎൽഎമാരായ ഷാഫി പറമ്പിലും, അനിൽ അക്കരയും, എംപിമാരായ വികെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ എന്നിവരുമാണ് ക്വാറന്‍റീനിൽ പോകണ്ടത്. കഴിഞ്ഞ ദിവസം ഡി എം ഒ യുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടും ജില്ലാ ആശുപത്രിയിലെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെയും നോഡല്‍ ഓഫീസര്‍മാരും , ഡി.എസ്.ഒ, ഫിസിഷ്യന്മാരും ഉള്‍പ്പെടെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ്  യോഗത്തിലാണ് തീരുമാനം. ജില്ലാ കലക്ടർ ഡി ബാലമുരളിയുടെ അധ്യക്ഷതയില്‍   ചേര്‍ന്ന അവലോകനയോഗ തീരുമാനം പ്രകാരമാണ്  മെഡിക്കല്‍ബോര്‍ഡ് യോഗം ചേര്‍ന്നത്.

വാളയാറിൽ തടഞ്ഞ് വെച്ചവരെ കടത്തിവിടണെന്നാവശ്യപ്പെട്ട് യുഡിഎഫ് എംഎൽഎമാരും എംപിമാരും പ്രതിഷേധിച്ചതിനെച്ചൊല്ലി രാഷ്ട്രീയവിവാദം മുറുകുന്നതിനിടെയാണ് ഇവരെ ക്വാറന്‍റീനിൽ അയക്കാൻ ആരോഗ്യവകുപ്പിൻ്റെ തീരുമാനം. എന്നാൽ പരിശോധനകൾക്ക് ശേഷം മതി ക്വാറന്റയിൻ കാര്യത്തിൽ തീരുമാനമെന്ന് യുഡിഎഫ് കൺവീനർ പ്രതികരിച്ചു. രാഷ്ട്രീയനീക്കമാണിതെന്നാണ് കോണഗ്രസ് നിലപാട്.

"

നാല് ദിവസമായി സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസ് സിപിഎം പ്രവർത്തകർ ഇതേ ചൊല്ലി തർക്കം തുടരുന്നതിനിടെയാണ് ആരോഗ്യവകുപ്പിന്റെ ക്വാറൻ്റീൻ നിർദ്ദേശം. കോൺഗ്രസ് നേതാക്കൾ കൊവിഡ് പരത്തുകയാണെന്നും ഷാഫിപറമ്പിലിന് കൊവിഡാണെന്ന് പ്രചാരണം നത്തിയതിന് പുന്നയൂർകുളത്തെ സിപിഎം നേതാവ് സി ടി സോമരാജനെ  പോലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു .

കഴിഞ്ഞ എട്ടാം തീയതി തൃശൂരിൽ നടത്തിയ സമരത്തിനിടെ അനിൽ അക്കരെ നടത്തിയ പരാമർശവും വിവാദമായിരുന്നു. പാസ്സില്ലാത്തവരെ താനിടപെട്ട് കടത്തിവിട്ടു എന്നായിരുന്നു അനിലിൻ്റെ പരാമർശം, രാഷ്ട്രീയ തർക്കമായി മുന്നേറിയ പ്രശ്നത്തിൽ ആരോഗ്യമന്ത്രിയും വകുപ്പും ക്വാറൻ്റീൻ നിർദ്ദേശിച്ചതോടെ കോൺഗ്രസ് വെട്ടിലായിരിക്കുകയാണ്.

പ്രതികരിക്കുന്ന ജനപ്രതിനിധികളെ ക്വാറൻ്റീനിലാക്കുന്നത് പ്രതിപക്ഷത്തിനെതിരെയുള്ള  നീക്കമാണെന്നാണ്  കോണഗ്രസിൻ്റെ നിലപാട്. നിരീക്ഷണത്തിലുള്ള പ്രവാസികളെ കണ്ട  മന്ത്രി എ സി മൊയ്തീനെ ക്വാറൻ്റീനിലാക്കണമെന്ന ആവശ്യം  യുഡിഎഫും ഉന്നയിക്കുന്നു. 

ആരോഗ്യവകുപ്പ് നിർദ്ദേശം ഇങ്ങനെ

പ്രാഥമിക സമ്പര്‍ക്ക പട്ടിക - പ്രൈമറി ഹൈറിസ്‌ക് കോണ്‍ടാക്ട് , പ്രൈമറി ലോറിസ്‌ക് കോണ്ടാക്റ്റ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്നും മെയ് ഒമ്പതിന് രാവിലെ 10 ന് വാളയാര്‍ അതിര്‍ത്തിയില്‍  വിവിധ നടപടിക്രമങ്ങള്‍ക്കായി കാത്തുനില്‍ക്കെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ എടുത്തു പൊക്കിയ പ്രൈമറി ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട  പോലീസുകാരോട് ഹോം ക്വാറന്‍റീനിൽ പ്രവേശിക്കാന്‍ നിലവില്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. വാളയാര്‍ അതിര്‍ത്തിയില്‍ ഇദ്ദേഹത്തെ പരിചരിച്ച സ്റ്റാഫ് നഴ്സുമാരും  പ്രൈമറി ഹൈ റിസ്‌ക് കോണ്ടാക്ടില്‍ ഉള്‍പ്പെടുന്നതിനാല്‍ അവരെ ഐസോലേഷനില്‍ ആക്കിയിട്ടുണ്ട്. 14 ദിവസം നിരീക്ഷണത്തില്‍ തുടരവെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്രവപരിശോധന നടത്തും. 14 ദിവസം നിരീക്ഷണത്തിന് ശേഷം ലക്ഷണങ്ങളില്ലെങ്കിലും സ്രവപരിശോധന നടത്തും.

അന്നേദിവസം  പാസ് ഇല്ലാതെ എത്തുകയും  പിന്നീട് സ്വന്തം ജില്ലകളിലേക്ക് മടങ്ങി പോവുകയും ചെയ്ത 139 പേര്‍ , ഹൈ റിസ്‌ക്  വിഭാഗത്തിലല്ലാതെ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍,  മാധ്യമ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ ,പൊതു ജനങ്ങള്‍ എന്നിവര്‍ ലോ റിസ്‌ക് പ്രൈമറി കോണ്‍ടാക്ടില്‍ ഉള്‍പ്പെടും. ഇതില്‍ ഉള്‍പ്പെടുന്ന മറ്റു ജില്ലയില്‍ നിന്നുള്ളവരുടെ  ലിസ്റ്റ് അതാത് ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് അയച്ചുകൊടുത്തു വിവരം നല്‍കിയിട്ടുണ്ട്. ഇത്രയും പേര്‍ 14 ദിവസം നിരീക്ഷണത്തില്‍ ഇരിക്കണം. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കും. അല്ലാത്തപക്ഷം ഏഴു ദിവസം നിരിക്ഷിച്ച ശേഷം സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുമെന്നും ഡി എം ഒ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios