Asianet News MalayalamAsianet News Malayalam

മരിച്ച കൊവിഡ് രോഗിയുടെ ചികിത്സയ്ക്ക് കോട്ടയം മെഡി. കോളേജ് വന്‍തുക ഈടാക്കിയെന്ന് ബന്ധുക്കൾ

വിദേശത്ത് നിന്ന് മരുന്ന് വരുത്തി തിരുവല്ല സ്വദേശിയായ ജോഷിക്ക് നൽകിയതിന് എൺപത്തിയയ്യായിരത്തോളം രൂപ ചെലവായെന്നാണ് ആരോപണം. എന്നാൽ ഫലസാധ്യത കുറവാണെന്ന് പറഞ്ഞിട്ടും കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് ഈ മരുന്നെത്തിച്ച് നൽകിയതെന്നാണ് കോട്ടയം മെഡിക്കൽ കോളേജ് പറയുന്നത്. 

covid 19 allegation against the treatment of joshi patient dead due to covid in kottayam medical college
Author
Thiruvalla, First Published May 30, 2020, 6:21 PM IST

കോട്ടയം: കൊവിഡ് ബാധ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയവെ മരിച്ച തിരുവല്ല സ്വദേശിക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നല്ല ചികിത്സ കിട്ടിയില്ലെന്നും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് വലിയ തുക ഈടാക്കിയെന്നുമുള്ള ഗുരുതര ആരോപണവുമായി കുടുംബം. കഴിഞ്ഞ ദിവസം മരിച്ച പി ടി ജോഷിയുടെ കുടുംബമാണ് ആരോപണവുമായി എത്തിയത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടിയില്ലെന്ന് കാണിച്ച് ജോഷിയുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സക്ക് വലിയ തുക നൽകേണ്ടി വന്നുവെന്നും ജോഷിയുടെ മരുമകൾ ബിബി ലിജു പറയുന്നു. എന്നാൽ കോട്ടയം മെഡിക്കൽ കോളേജ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. 

''പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ച് പപ്പയുടെ നില വളരെ മോശമായി എന്ന് മനസ്സിലായത് ഏറ്റവും അവസാനമാണ്. അപ്പോൾ വിളിക്കുമ്പോൾ പപ്പയുടെ ശബ്ദം തീരെ വയ്യാത്ത പോലെ കുഴഞ്ഞു കുഴഞ്ഞാണിരുന്നത്. ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് ഇരുപത്തിയഞ്ചാം തീയതി വൈകിട്ടോടെ വിദഗ്ധ ചികിത്സ നൽകാനാകുന്ന കോട്ടയം മെഡിക്കൽ കോളേജിലേക്ക് പപ്പയെ കൊണ്ടുപോയത്. അവിടെ മികച്ച ചികിത്സ തന്നെയാണ് ഞങ്ങൾക്ക് ലഭിച്ചത്. അവസാനം വരെ പപ്പയെ സംരക്ഷിക്കാൻ അവർ ശ്രമിച്ചു. പക്ഷേ, മാധ്യമങ്ങളിൽ കൊവിഡുമായി ബന്ധപ്പെട്ട വാർത്തകളിലൊക്കെ കാണുന്നത് ചികിത്സ സൗജന്യമാണെന്നാണ്. പക്ഷേ പപ്പ വെന്‍റിലേറ്ററിലായപ്പോൾ, നാല് ദിവസത്തോളം പപ്പ വെന്‍റിലേറ്ററിലായിരുന്നു. ആ നാല് ദിവസം മരുന്നുകൾക്ക് മാത്രമായി എൺപത്തിയയ്യായിരം രൂപ നമുക്ക് ചെലവ് വന്നിട്ടുണ്ട്. അതിലൊരു ഇഞ്ചക്ഷൻ കേരളത്തിലാദ്യമായി പരീക്ഷിക്കുന്ന ഇഞ്ചക്ഷനായിരുന്നു. അത് പുറത്ത് നിന്ന് വരുത്തിപ്പിക്കുകയാണ് ചെയ്തത്. ഇതിൽ ഒരു ഇഞ്ചക്ഷന് മാത്രം ഏതാണ്ട് മുപ്പത്തിയയ്യായിരം രൂപയായി'', എന്നാണ് മരുമകൾ ബിബി ലിജു പറയുന്നത്.

പത്തനംതിട്ട ആശുപത്രിയിൽ എത്തിയപ്പോൾ എക്സ്റേ എടുക്കുന്നതുൾപ്പടെ വൈകിയെന്ന ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. എന്നാൽ, ആരോപണങ്ങളെല്ലാം ഡിഎംഒയും ആശുപത്രി ആർഎംഒയും നിഷേധിച്ചിട്ടുണ്ട്. രോഗം മൂർച്ഛിക്കുമെന്ന സാഹചര്യത്തിൽ മാത്രമേ മെഡിക്കൽ കോളേജുകളിലേക്ക് മാറ്റാറുള്ളൂ. അതല്ലെങ്കിൽ പത്തനംതിട്ടയിലെ കൊവിഡ് പ്രത്യേക ആശുപത്രിയായ ജനറലാശുപത്രിയിൽത്തന്നെയാണ് ചികിത്സിക്കാറ്. ജോഷിയ്ക്ക് കടുത്ത പ്രമേഹമുണ്ടായിരുന്നു എന്ന് ബന്ധുക്കൾക്ക് പോലും അറിവുണ്ടായിരുന്നില്ല. ഒപ്പം നല്ല വണ്ണവുമുണ്ടായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹത്തിന് ഏതാണ്ട് 94 കിലോ ഭാരമുണ്ടായിരുന്നു എന്ന് നേരത്തേ ആരോഗ്യവകുപ്പ് തന്നെ വ്യക്തമാക്കിയിരുന്നതാണ്.

മരുന്നിന്‍റെ ചെലവിനെക്കുറിച്ചുള്ള ആരോപണങ്ങൾ കോട്ടയം മെഡിക്കൽ കോളേജും നിഷേധിക്കുകയാണ്. ജോഷിക്ക് വിദേശത്ത് നിന്ന് വിലകൂടിയ മരുന്ന് വരുത്തിയത് കുടുംബം ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. മരുന്നിന്‍റെ ഫല സാധ്യത കുറവാണെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നെന്നുമാണ് മെഡിക്കൽ കോളേജിന്‍റെ വിശദീകരണം. 

ഷാ‍ർജയിൽ മകനെ കാണാൻ പോയി മെയ് 11-ന് മടങ്ങിയെത്തിയ ഷാജി വീട്ടിലെ നിരീക്ഷണത്തിൽ നിന്ന് ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് ആശുപത്രിയിലേക്ക് മാറിയത്. തുടർന്ന് വെള്ളിയാഴ്ച രാവിലെയോടെ പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios