പത്തനംതിട്ട: മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് കൊവിഡ് 19 പകരാനുള്ള സാധ്യത കണക്കിലെടുത്ത് വളർത്ത് മൃഗങ്ങളെയും വന്യമൃഗങ്ങളെയും നിരീക്ഷിക്കാൻ നിർദേശം. കൊവിഡ് രോഗികൾ ഇടപ്പെട്ട വളര്‍ത്ത് മൃഗങ്ങൾക്ക് രോഗം വരാൻ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ഉള്ള സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം വന്നത്. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അയിരൂർ സ്വദേശിയുടെ വളർത്ത് നായയാണ് നിരീക്ഷണത്തിലുള്ളത്.

അമേരിക്കയിലെ മൃഗശാലയിൽ കടുവക്ക് കൊവിഡ് സ്ഥിരികരിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലും മൃഗങ്ങളെ നിരീക്ഷിക്കാൻ സർക്കാർ നിർദേശം നൽകിയത്. ക്യാമകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ എത്തുന്ന വന്യമൃഗങ്ങളെയും നിരീക്ഷിക്കാൻ വനപാലർക്ക് നിർദേശം നൽകിയിട്ടുണ്ട്. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് സംസ്ഥാനത്ത് സ്ഥിരീകരിക്കപ്പെട്ടതോടെ ആന സംരക്ഷണ കേന്ദ്രങ്ങളുൾപ്പെടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. എന്നാൽ ഇവിടെയുള്ള ആനകൾക്ക് ജീവനക്കാർ ഭക്ഷണം നൽകുന്നതിനാൽ മൃഗങ്ങളുമായുള്ള സമ്പർക്ക സാധ്യത കൂടുതലാണ്. ക്വാറന്‍റൈനിൽ കഴിയുന്നവർ മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക