Asianet News MalayalamAsianet News Malayalam

'പരീക്ഷയുണ്ടാകും, പഠിക്കണം, വിദേശത്ത് നിന്ന് വരുന്ന കുട്ടികൾക്ക് അഡ്മിഷൻ കിട്ടും', മന്ത്രി

'പരീക്ഷയുണ്ടാകില്ല ഇനി എന്ന് കരുതി കളിച്ച് നടക്കരുത് കേട്ടോ? വീട്ടിൽ അടങ്ങിയൊതുങ്ങി നല്ല കുട്ടികളായി ഇരിക്കണം. സമഗ്ര എന്ന പോർട്ടലിൽ രസകരമായി പാഠഭാഗങ്ങളുണ്ട്, അവധിക്കാല രസങ്ങളും', വിദ്യാഭ്യാസമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട്. 

covid 19 asianet news special show kara kayaran education minister c raveendranath live vinu v john
Author
Thiruvananthapuram, First Published Apr 9, 2020, 3:44 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ്, പതിനൊന്ന്, പന്ത്രണ്ടാം ക്ലാസ്സുകളിലെ പരീക്ഷകൾ വൈകാതെ തന്നെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. കൊവിഡ് പ്രതിരോധത്തിൽ നമ്മൾ വിജയിച്ചു എന്നൊരു ഘട്ടമെത്തിയാൽ ഉടനടി പരീക്ഷകൾ നടത്തും. ജൂൺ 1-ന് തന്നെ സ്കൂൾ തുറക്കണമെന്നാണ് നമ്മുടെ പ്രതീക്ഷ. എട്ടാം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും ജില്ലാ ഹബ്ബുകളിൽ എത്തിയിട്ടുണ്ട്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലേക്ക് ഉള്ള പുസ്തകങ്ങൾ വാഹനങ്ങൾ ഓടിത്തുടങ്ങിയാൽ ഉടനെത്തിക്കാം. എല്ലാ പുസ്തകങ്ങളും അച്ചടിച്ച് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. പക്ഷേ, കൊവിഡ് പ്രതിരോധമാണ് പ്രധാനം. അതിനാണ് പ്രഥമപരിഗണനയെന്നും മന്ത്രി കുട്ടികളോട് പറഞ്ഞു.

പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഇനി നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകൾക്കും കുറച്ചുകൂടി നന്നായി പഠിച്ച് തയ്യാറെടുക്കണം. പത്താം ക്ലാസ്സിലെ മൂന്ന് പരീക്ഷകളും പ്ലസ്ടുവിലെ രണ്ട് പരീക്ഷകളും, വൊക്കേഷണൽ ഹയർ സെക്കന്‍ററിയിലെ അഞ്ച് പരീക്ഷകളുമാണ് ബാക്കിയുള്ളത്. ഏത് തരത്തിലും ഈ പരീക്ഷകൾ നടത്താൻ സർക്കാർ തയ്യാറാണ്. ഓൺലൈനായി പരീക്ഷ നടത്തേണ്ട സാഹചര്യമുണ്ടായാൽ അങ്ങനെ ചെയ്യാൻ നമുക്ക് സംവിധാനങ്ങളുണ്ട്. അതല്ല, സാമ്പദ്രായിക തരത്തിൽ പരീക്ഷ നടത്തണമെങ്കിൽ അതിന് പരമാവധി ആളുകളെ കുറച്ച്, പല സമയങ്ങളിലായും ദിവസങ്ങളിലായും നടത്തുന്നതടക്കം സർക്കാർ ആലോചിക്കുന്നുണ്ട്. 

മുതിർന്ന ക്ലാസുകളിലല്ലാത്തവർ, സമഗ്ര എന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ ഓൺലൈൻ പോർട്ടലിൽ അവധിക്കാലം കളിച്ച് പഠിക്കാമെന്ന തരത്തിലുള്ള നിരവധി പാഠഭാഗങ്ങൾ ഇപ്പോൾത്തന്നെ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. അതെല്ലാം നോക്കി, പഠിച്ച് അവധിക്കാലം സന്തോഷകരമാക്കണം. വരാനിരിക്കുന്ന പാഠഭാഗങ്ങൾ നേരത്തേ കളിച്ച് പഠിച്ച് തുടങ്ങണം. പക്ഷേ, പുറത്തിറങ്ങരുത്. ശ്രദ്ധയോടെ വീട്ടിലിരിക്കണം - മന്ത്രി പറഞ്ഞു.

അതോടൊപ്പം, വിദേശത്ത് നിന്ന് പുതുതായി നാട്ടിലേക്ക് പഠിക്കാനായി വരുന്നവർക്ക് അഡ്മിഷൻ മുടങ്ങില്ലെന്നും മന്ത്രി ഉറപ്പ് നൽകി. വിദേശത്ത് നിന്ന് മാതാപിതാക്കൾക്കൊപ്പം എത്തി ക്വാറന്‍റൈനിൽ 28 ദിവസം കഴിഞ്ഞ ശേഷവും അഡ്മിഷൻ എടുക്കാൻ ശ്രമിക്കുന്ന എല്ലാ കുട്ടികൾക്കും അഡ്മിഷൻ കൊടുക്കും. ഒരു കുട്ടിക്കും അഡ്മിഷൻ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ മുടങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി.

ലക്ഷദീപിലെ അധ്യാപകരെ തിരികെയെത്തിക്കാൻ എന്ത് വേണമെന്നാലോചിക്കുന്നു

പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളുടെ ഡ്യൂട്ടിക്കായി ലക്ഷദ്വീപിൽ പോയ അധ്യാപകരെ ലോക്ക് ഡൗൺ ചട്ടങ്ങളുടെ ലംഘനമില്ലാതെ എങ്ങനെ തിരികെയെത്തിക്കാനാകും എന്ന് ആലോചിക്കുന്നുണ്ടെന്നും, അത് വരെ സുരക്ഷിതരായി അവർക്ക് അവിടെ തുടരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ലക്ഷദ്വീപിൽ പരീക്ഷാ ഡ്യൂട്ടിക്ക് പോയ ആറ് ഡെപ്യൂട്ടി എക്സാമിനർമാർ മൂന്ന് ദ്വീപുകളിലായാണ് കുടുങ്ങിയത്. കൽപ്പേനി എന്ന ദ്വീപിൽ സെക്രട്ടേറിയറ്റിലെ ഒരു സ്ക്വാഡും കുടുങ്ങി.  

സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ സ്ഥിരം നിയമനത്തിൽ ഇടപെടലുണ്ടാകും

കരാറടിസ്ഥാനത്തിൽ ഓരോ സ്കൂളുകളിലുമുള്ള കലാ കായിക പ്രവൃത്തിപരിചയ സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ നിയമനം പലപ്പോഴും ഓരോ വർഷവും പുതുക്കാറാണ്. മാർച്ചിൽ അധ്യയനവർഷം അവസാനിച്ച് ജൂൺ വരെയുള്ള സമയത്ത് ഇവരിൽ പലരുടെയും സാമ്പത്തികനില പോലും മോശമാണ് എന്ന് ജെസ്സി എന്ന ഒരു അദ്ധ്യാപിക ചൂണ്ടിക്കാട്ടി. ഇതേ ആവശ്യം ബേബി എന്ന, പാലോട് ഡിആർസിയിലെ റിസോഴ്സ് ടീച്ചറും ഉന്നയിച്ചു. അദ്ദേഹം കാഴ്ചാപരിമിതിയുള്ള ആളാണ്. കേരളത്തിലാകെ 2500 സ്പെഷ്യലിസ്റ്റ് അധ്യാപകരുണ്ടെന്നാണ് കണക്ക്. 

ഇതിൽ കേന്ദ്രസർക്കാരാണ് ഇടപെടേണ്ടതെന്നും, എംഎച്ച്ആർഡിയുമായി ചർച്ച ചെയ്ത് നടപടിയെടുക്കാൻ നേരത്തേ തന്നെ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രിയുടെ മറുപടി. 

മന്ത്രി സംസാരിക്കുന്നു, തത്സമയം:

Image may contain: 2 people, text

Follow Us:
Download App:
  • android
  • ios