കൊച്ചി: കൊവിഡ് 19 വൈറസ് സംസ്ഥാനത്ത് പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ കൊച്ചി ഇൻഫോ പാർക്കിൽ പഞ്ചിങ് താത്കാലികമായി നിർത്തിവെച്ചു. 
വിവിധ കമ്പനികൾ ഇത് സംബന്ധിച്ച ജീവനക്കാർക്ക് നിർദ്ദേശം നൽകി. ഇതോടൊപ്പം പത്തനംതിട്ട സ്വദേശികൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യങ്ങളൊരുക്കും. പത്തനംതിട്ടയില്‍ കൂടുതല്‍ പേരില്‍ കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. 

കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകളിലും  പൊതുമേഖലാ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് പൂര്‍ണമായും നിർത്തിവച്ചിരിക്കുകയാണ്. മാർച്ച് 31 വരെയാണ് തീരുമാനം. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ഇത്തരത്തിൽ തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. നേരത്തെ രാജ്യത്ത് ജമ്മു, ദില്ലി, ഹരിയാന സര്‍ക്കാരുകൾ സര്‍ക്കാര്‍ ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ്  ഒഴിവാക്കിയിരുന്നു.

അതിനിടെ സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 14 ആയി. കോവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചരിത്രത്തില്‍ ഇതുവരെയില്ലാത്ത കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീപ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. സ്റ്റേറ്റ് സിലബസ് കൂടാതെ സിബിഎസ്,ഐസിഎസ്ഇ സിലബസില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഇതു ബാധകമായിരിക്കും. അതേസമയം എട്ട്, ഒന്‍പത്, ക്ലാസുകളിലെ പരീക്ഷയും എസ്എസ്എല്‍സി പരീക്ഷകളും പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളും മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. ഈ പരീക്ഷകള്‍ അതീവ ജാഗ്രതയോടെ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക