Asianet News MalayalamAsianet News Malayalam

അന്തർ സംസ്ഥാന യാത്രകൾക്ക് പാസ് വേണം, വീട്ടിൽ നിരീക്ഷണം വേണം: കേന്ദ്രത്തോട് കേരളം

കേന്ദ്രക്യാബിനറ്റ് സെക്രട്ടറി ഇന്ന് എല്ലാ ചീഫ് സെക്രട്ടറിമാരുടെയും ആരോഗ്യസെക്രട്ടറിമാരുടെയും യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് കേരളം നിലപാടറിയിച്ചത്. നാളെയാണ് മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചിരിക്കുന്നത്.

covid 19 cabinet secretary meeting on evaluating lockdown measures
Author
New Delhi, First Published May 10, 2020, 7:46 PM IST

ദില്ലി: അന്തർസംസ്ഥാനയാത്രകൾക്ക് പാസ്സുകൾ നിർബന്ധമാക്കണമെന്ന് കേരളം. പാസ്സുകൾ ഇല്ലാതെ ആളുകൾ അതിർത്തിയിൽ എത്തുന്നത് ഒഴിവാക്കുന്ന തരത്തിൽ ഉത്തരവിറക്കണം. അതിർത്തിയിൽ എത്തുന്നവർ റെഡ് സോണിൽ നിന്നാണോ എന്ന് വ്യക്തമല്ലാത്തതിനാൽ പാസ്സ് കർശനമാക്കണമെന്നും ചീഫ് സെക്രട്ടറി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വിളിച്ച് ചേർത്ത യോഗത്തിൽ ആവശ്യപ്പെട്ടു. 

ഇന്ന് എല്ലാ ചീഫ് സെക്രട്ടറിമാരുടെയും ആരോഗ്യസെക്രട്ടറിമാരുടെയും യോഗം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ വിളിച്ചിരുന്നു. ഈ യോഗത്തിലാണ് കേരളം നിലപാടറിയിച്ചത്. നാളെയാണ് മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിമാരുടെയും സെക്രട്ടറി തലത്തിലുമുള്ള യോഗങ്ങളിലെ അഭിപ്രായങ്ങളെല്ലാം കണക്കിലെടുത്താകും ലോക്ക്ഡൗൺ നീട്ടണോ വേണ്ടയോ എന്നതിൽ കേന്ദ്രസർക്കാർ അന്തിമതീരുമാനമെടുക്കുക.

നിലവിൽ പ്രവാസികൾ യാത്ര പുറപ്പെടുന്ന സ്ഥലത്ത് പരിശോധന നടത്തുന്നില്ല. എന്നാൽ ഇത് ആശങ്കയുണ്ടാക്കുന്നതാണെന്ന് നേരത്തേ തന്നെ കേരളം കേന്ദ്രസർക്കാരിനോട് പറഞ്ഞിരുന്നു. ഇന്നത്തെ യോഗത്തിലും കേരളം നിലപാട് ആവർത്തിച്ചു. പ്രവാസികൾ പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ പരിശോധന നടത്തണം. ഒപ്പം എല്ലാവരെയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. നിരീക്ഷണകേന്ദ്രങ്ങളിൽ കഴിയേണ്ട ക്വാറന്‍റൈൻ കാലാവധിയിൽ കേന്ദ്രസർക്കാർ നിർദേശിച്ച മാനദണ്ഡമല്ല കേരളം പാലിച്ചിരുന്നത്. ഇക്കാര്യം ഹൈക്കോടതിയിൽ വരെ ഉന്നയിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹോം ക്വാറന്‍റൈൻ അനുവദിക്കണമെന്ന് കേരളം പ്രത്യേകം ആവശ്യപ്പെടുന്നത്.

വിദേശത്ത് നിന്ന് രണ്ടു ദിവസത്തിൽ എത്തിയത് 1228 പേരാണെന്ന് കേരളം കേന്ദ്രസർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. ഇതിൽ 619 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. സർക്കാർ നിരീക്ഷണത്തിൽ 538 പേരെന്നും കേരളം യോഗത്തിൽ അറിയിച്ചു. 

അതേസമയം, പ്രതിദിനം 300 ട്രെയിനുകൾ ഓടിച്ച് അതിഥി തൊഴിലാളികളെയെല്ലാം മടക്കി എത്തിക്കണമെന്ന് സെക്രട്ടറിമാരുടെ യോഗത്തിൽ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios