കണ്ണൂർ: കണ്ണൂർ കുടിയാന്മലയിൽ കൊവിഡ് നിരീക്ഷണം ലംഘിച്ച് വിശ്വാസികൾക്കൊപ്പം കുരിശ് മല യാത്ര നടത്തിയ ഇടവക വികാരിക്കെതിരെ കേസ്. ക്വാറന്റൈൻ ലംഘിച്ചതിനും ലോക്ക് ഡൗൺ ലംഘിച്ചതിനുമാണ് വികാരി ലാസർ വരമ്പകത്തിനെതിരെ കേസെടുത്തത്. കൊവിഡ് സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പർക്കമുണ്ടായതിനെത്തുടർന്ന് നിരീക്ഷണത്തിലായിരുന്ന വൈദികൻ ശനിയാഴ്ച രാവിലെയാണ് പത്തിലധികം വിശ്വാസികൾക്കൊപ്പം കുരിശ് മലകയറിയത്.

ദുബൈയിൽ നിന്നും വന്ന കുടിയാന്മല സ്വദേശിയായ യുവാവിന് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞ മാർച്ച് 29 മുതൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വൈദികനും. യുവാവിന്റെ മാതാപിതാക്കളുമായി വൈദികന് സമ്പർക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച മാതാപിതാക്കൾക്കും രോഗബാധ കണ്ടെത്തി. ഇതിനിടെയാണ് നിരീക്ഷണത്തിൽ കഴിയേണ്ട വൈദികൻ വിശ്വാസികൾക്കൊപ്പം മല കയറിയത്.

 14 ദിവസം പോലും തികയുന്നതിന് മുമ്പ് പുറത്തിറങ്ങുകയും ലോക്ക് ഡൗൺ ലംഘിക്കുകയും ചെയ്തതോടെയാണ് വൈദികനെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിതന്റെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച് വിവാദത്തിലായ വ്യക്തി കൂടിയാണ് ഈ വൈദികൻ. നിരീക്ഷണത്തിൽ കഴിയേണ്ട വൈദികൻ വിശ്വാസികളുമായി ആയി മല കയറിയതോടെ കടുത്ത ആശങ്കയിലാണ് കുടിയാന്മല നിവാസികൾ.