തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിന്‍റെ ആദ്യഘട്ടങ്ങളില്‍നിന്ന് വ്യത്യസ്തമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്ഥിതി അതി രൂക്ഷമാവുകയാണ്. രാജ്യത്തെ ആകെ രോഗികളുടെ 29.7 ശതമാനം രോഗികൾ ദക്ഷിണേന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലായിട്ടാണ് നിലവിലുള്ളത്. കേരളം , തമിഴ്നാട് കർണാടക ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ആകെ രോഗികളുടെ എണ്ണം കഴിഞ്ഞ മാസം അവസാനം വരെ 1,34,612 ആയിരുന്നു. എന്നാല്‍ ജൂലൈ മാസം പകുതി പിന്നിടുമ്പോൾ രോഗികളുടെ എണ്ണം 2,98961 ആയി. അതായത് കഴിഞ്ഞ 17 ദിവസത്തിനിടെ മാത്രം കൂടിയത് പകുതിയിലേറെ രോഗികൾ. കൃത്യമായി പറഞ്ഞാല്‍ 54.9%ത്തിന്‍റെ വർദ്ധനവാണ് രോഗ നിരക്കിന്‍റെ കാര്യത്തിൽ നിലവിലുള്ളത്. 

ഏറ്റവും കൂടുതല്‍ രോഗ വ്യാപനമുണ്ടായത് തമിഴ്നാട്ടിലും കർണാടകയിലുമാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള തമിഴ്നാട്ടില്‍ ജൂലൈ മാസം മാത്രം രോഗികളുടെ എണ്ണത്തില്‍ 44.8% മാണ് വർദ്ധന രേഖപ്പെടുത്തിയത്. രോഗവ്യാപനം രൂക്ഷമായ കർണാടകത്തില്‍ 72.2 ശതമാനം ആണ് രോഗികൾ കൂടിയത്. തെലങ്കാനയിലും ആന്ധ്ര പ്രദേശിലും രോഗികളുടെ എണ്ണത്തില്‍ ഈമാസം 60 ശതമാനത്തിലധികം വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍  59.2 ശതമാനമാണ് രോഗികൾ കൂടിയത്.

പല സംസ്ഥാനങ്ങളിലും മരണ നിരക്ക് കൂടുന്നതും ആശങ്കയാകുന്നുണ്ട്. ആന്ധ്രപ്രദേശിൽ മരണം 500 കടന്നു. ഇന്ന് 2602 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 42 പേർ മരിച്ചു. 19814 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ആകെ രോഗബാധിതർ 40646 ആയി. ആകെ മരണം 534