തിരുവനന്തപുരം: കൊവിഡ് ബാധരൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളം പൂര്‍ണ്ണമായി ഷട്ട് ഡൗണിലേക്ക് പോകുന്ന കാര്യത്തെപ്പറ്റി  ഗൗരവമായി ആലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് ബാധരൂക്ഷമായ ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍  തുടങ്ങിയ പല സംസ്ഥാനങ്ങളും ഷട്ട് ഡൗണിലേക്ക് പോവുകയാണ്. ഐ.എം.ഐയും ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നത് പൂര്‍ണ്ണമായ ഷട്ട് ഡൗണ്‍ അനിവാര്യമാണെന്നാണ്. അത് വേണ്ടി വരികയാണെങ്കില്‍ ഒഴിവാക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്നും ചെന്നിത്തല അറിയിച്ചു. 

കേന്ദ്രത്തില്‍ രാജ്യത്തെ 75 ജില്ലകള്‍ ഷട്ട് ഡൗണ്‍ ചെയ്യണമെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ സംസ്ഥാന ചീഫ് സെക്രട്ടറി കേരളത്തില്‍ 7 ജില്ലകളും ഷട്ട് ഡൗണ്‍ ചെയ്യേണ്ടി വരുമെന്നാണ് പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അത് വേണ്ടെന്നും കാസര്‍കോട് മാത്രം മതി എന്നും പറഞ്ഞു. ഏതായാലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അത് ദൂരീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  ഇത് ഉള്‍പ്പെടെ പന്ത്രണ്ട് ഇന നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന കത്ത് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് ഇന്ന് നല്‍കി.

നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

1. പലസംസ്ഥാനങ്ങളിലും കംപ്ലീറ്റ് ഷട്ട്ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ കേരളവും ഷട്ട്ഡൗണ്‍ ചെയ്യണമോ എന്ന കാര്യം ഗൗരവമായി  ആലോചിക്കണം
2. ബസുകളും ട്രെയിനുകളും നിര്‍ത്തിയ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവര്‍ ജോലിചെയ്യുന്ന സ്ഥലങ്ങളില്‍ താമസസൗകര്യം ഒരുക്കുക.
3. ആശുപത്രികളില്‍ കഴിയുന്ന മറ്റു രോഗികള്‍ക്ക് പരിചരണം ലഭിക്കുന്നില്ലെന്ന പരാതി ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണം.
4. ഓഫീസുകളില്‍ വരാന്‍ കഴിയാത്ത ജീവനക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുക
5. അവശ്യസാധനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയ്ക്ക് ക്ഷാമമുണ്ടാക്കാത്ത നടപടികള്‍ സ്വീകരിക്കുക.
6. സാനിറ്റൈസറുകള്‍, മാസ്‌കുകള്‍, എന്നിവ കിട്ടുന്നില്ലായെന്ന പരാതി പരിഹരിക്കണം.
7. അന്തര്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട്, മറ്റ് ഗതാഗത മാര്‍ഗങ്ങള്‍ എന്നിവ നിര്‍ത്തി വയ്ക്കണം.
8. ജില്ലകള്‍ അടച്ചിടുന്നെങ്കില്‍ അതിനുമുന്‍പായി എല്ലാ ഒരുക്കങ്ങളും സൗകര്യങ്ങളും ഉറപ്പ് വരുത്തണം. ആവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാന്‍ നടപടി വേണം.
9. ഐ സി എം ആറിന്റെ ഗൈഡ് ലൈന്‍ പ്രകാരമുള്ള കാറ്റഗറി 'എ' രോഗിയെ ടെസ്റ്റ് ചെയ്യാനുള്ള നടപടികള്‍ അടിയന്തരമായി നടത്തണം. നിരന്തരമായി ഞാനിത് ആവശ്യപ്പെടുന്നതാണ്. ഇതു ക്വാറന്റൈനില്‍ ഉള്ള രോഗികള്‍ക്ക് ആവശ്യമുണ്ട്.

10. ദിവസവേതന തൊഴിലാളികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്ക് ഭക്ഷണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.
11. ബിവറേജ് കോര്‍പറേഷനുകളുടെ  ഔട്ട് ലെറ്റുകള്‍, ബാറുകള്‍ എന്നിവ ഇനിയെങ്കിലും അടയ്ക്കാനുള്ള നിര്‍ദ്ദേശം നല്‍കുക.
12. മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക പാക്കേജ് ഉടനടി നടപ്പാക്കുക. ഇതേവരെ നടപടികള്‍ ആരംഭിച്ചിട്ടില്ല.