തൃശ്ശൂർ: കൊവിഡ് 19 പ്രാദേശികമായി പടരുന്ന സാഹചര്യത്തിൽ ഈ മാസം 31 വരെ പൊതുപരിപാടികൾ നടത്തരുതെന്ന സർക്കാർ നിർദേശം ലംഘിച്ച് സിഐടിയു. തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ, സിഐടിയു ജില്ലാ കൗൺസിൽ യോഗം വിളിച്ചു. ഇരുന്നൂറോളം പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങിയ യോഗം വിവാദമായതിനെത്തുടർന്ന് ജില്ലാ കളക്ടർ നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടും സംഘാടകർ ഇത് പാലിച്ചില്ല. സാനിറ്റൈസർ അടക്കമുള്ള മുൻകരുതൽ സ്വീകരിച്ചാണ് യോഗം നടക്കുന്നതെന്ന് സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

''ആരോഗ്യവകുപ്പിന്‍റെ എല്ലാ നിർദേശങ്ങളും പാലിച്ചാണ് പരിപാടി നടത്തുന്നത്. അടിയന്തരമായി വിളിച്ച യോഗമായതിനാലാണ് മാറ്റി വയ്ക്കാൻ പറ്റാതിരുന്നത്'', എന്ന് യു പി ജോസഫ്.

സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തെക്കുറിച്ച് സിഐടിയുവിന് അകത്തുള്ളവർക്ക് തന്നെ എതിർപ്പുണ്ടെന്നാണ് സൂചന. ഇന്നലെത്തന്നെ സിഐടിയു ജില്ലാ സെക്രട്ടറിയോട് കൗൺസിൽ യോഗം മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇത് അംഗീകരിക്കാൻ ജില്ലാ നേതൃത്വം തയ്യാറായില്ല.

എല്ലാ മുൻകരുതലും എടുത്താണ് യോഗം നടത്തുന്നതെന്നാണ് സിഐടിയു ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്. സാനിറ്റൈസർ ഉൾപ്പടെയുള്ളവ ഹാളിന്‍റെ ഒരുവശത്ത് ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൈ വൃത്തിയാക്കാനുള്ള സൗകര്യങ്ങളുണ്ട്. യോഗത്തിൽ ആരോഗ്യപ്രവർത്തകർ കൂടി പങ്കെടുക്കുന്നുണ്ട്. അതിനാൽ എന്തെങ്കിലും അടിയന്തരസാഹചര്യമുണ്ടെങ്കിൽ അവർ കൈകാര്യം ചെയ്യുമെന്നും സിഐടിയു ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു.

എന്തായാലും യോഗത്തിനെതിരെ നിരവധി പരാതികളാണ് തൃശ്ശൂർ കളക്ടറേറ്റിലേക്ക് പോയത്. ഈ സാഹചര്യത്തിൽ ആദ്യം കളക്ടർ സിഐടിയു ജില്ലാ നേതൃത്വത്തെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. ഇത്രയധികം പേർ പങ്കെടുക്കുന്ന യോഗമായതിനാൽ അടിയന്തരമായി ഇത് നിർത്തി വയ്ക്കാൻ നിർദേശിക്കുകയായിരുന്നു.

എന്നാൽ യോഗം നിർത്തി വയ്ക്കാൻ ഇതുവരെ സിഐടിയു തയ്യാറായിട്ടില്ല. സാഹിത്യ അക്കാദമി ഹാളിൽ യോഗം ഇപ്പോഴും തുടരുകയാണ്. വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. സിഐടിയു ജില്ലാ സെക്രട്ടറിക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു ജില്ലാ നേതൃത്വം ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. 

സർക്കാർ നൽകിയ നിർദേശം ഒരു ഇടത് സംഘടന തന്നെ അട്ടിമറിക്കുന്നത് വലിയ എതിർപ്പുകൾക്കും വഴിവച്ചിട്ടുണ്ട്. കൊവിഡ് 19 ജാഗ്രതയുമായി ബന്ധപ്പെട്ട് അസാധാരണ കരുതലിലേക്ക് പോകാൻ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം വിളിച്ച് വ്യക്തമാക്കിയത്. സംസ്ഥാനത്താകെ സര്‍ക്കാര്‍ സംവിധാനങ്ങൾ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. പക്ഷെ സാധാരണ ജാഗ്രത പോരെന്നാണ് സാഹചര്യം പറയുന്നത്. പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയിൽ കൂടുതൽ കരുതൽ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്.

സ്കൂളുകളും കോളേജുകളും അടച്ചിടാൻ തീരുമാനിച്ച സർക്കാർ മതപരമായ ച‍ടങ്ങുകളെല്ലാം ഒഴിവാക്കാൻ അഭ്യർത്ഥിച്ചിരുന്നതാണ്. ശബരിമല ക്ഷേത്രത്തിൽ തീർത്ഥാടനം നിയന്ത്രിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ഉത്സവങ്ങളിലെയും ആഘോഷങ്ങൾ റദ്ദാക്കി. സിനിമാശാലകളിൽ പോകരുതെന്ന് അഭ്യർത്ഥിച്ച സർക്കാർ പൊതുപരിപാടികൾ മുഴുവൻ മാറ്റിവക്കുമെന്നും പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന്‍റെ നി‍ർദേശങ്ങൾ ലംഘിച്ചാൽ പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം കേസെടുക്കുമെന്ന് ഇന്നലെയും നിയമസഭയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയതാണ്. 

അതീവ കരുതലോടെ സർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യത്തിനിടയിലാണ് ഇടത് സംഘടനയായ സിഐടിയു തന്നെ ഈ നിർദേശങ്ങളെല്ലാം ലംഘിക്കുന്നത് എന്നതാണ് വിവാദമാകുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക