Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ വാ‍ർത്താസമ്മേളനം തിങ്കളാഴ്ച മുതൽ വീണ്ടും തുടങ്ങും

തൽക്കാലം വാർത്താസമ്മേളനങ്ങൾ അവസാനിപ്പിക്കുകയാണെന്നും, പ്രധാനപ്പെട്ട എന്തെങ്കിലും വരുമ്പോൾ കാണാമെന്നും പറഞ്ഞാണ് വ്യാഴാഴ്ച മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തിയത്. വിവാദങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി മറുപടി പറയാതെ തടിയൂരുന്നു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തിയ സാഹചര്യത്തിലാണ് വീണ്ടും വാർത്താ സമ്മേളനം തുടങ്ങുന്നത്. 

covid 19 cm press meet resumes as controversies lurking around sprinkler and km shaji
Author
Thiruvananthapuram, First Published Apr 18, 2020, 1:57 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിദിന വാർത്താസമ്മേളനം വീണ്ടും തുടങ്ങും. തിങ്കളാഴ്ച വാർത്താസമ്മേളനം നടത്തും. കൊവിഡ് അവലോകന യോഗം നടക്കുന്ന ദിവസങ്ങളിലെല്ലാം ഇനി വാർത്താസമ്മേളനങ്ങളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

വാർത്താസമ്മേളനങ്ങൾ അവസാനിപ്പിക്കുകയാണെന്നും, പ്രധാനപ്പെട്ട എന്തെങ്കിലും വരുമ്പോൾ കാണാമെന്നും പറഞ്ഞാണ് വ്യാഴാഴ്ച മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തിയത്. വിവാദങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്ക് മറുപടി പറയാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് വാർത്താസമ്മേളനങ്ങൾ നിർത്തിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം ആരോപിച്ചിരുന്നു.

സ്പ്രിംക്ളർ വിവാദം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സമയത്ത് ഇതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ എല്ലാം ഐടി സെക്രട്ടറി പറയും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അന്ന് വൈകിട്ട് ഐടി സെക്രട്ടറിയുടെ വാർത്താക്കുറിപ്പും ഇറങ്ങി. എന്നാൽ വിവാദങ്ങൾ അവസാനിച്ചില്ല. സ്വകാര്യത സംബന്ധിച്ചുള്ള ആരോപണങ്ങൾ തുടർച്ചയായി പ്രതിപക്ഷം ഉയർത്തി. അമേരിക്കയിൽ ഡാറ്റാമോഷണത്തിന് കേസ് നേരിടുന്ന കമ്പനിയാണ് സ്പ്രിംക്ളറെന്നും, ഐടി സെക്രട്ടറി ശിവശങ്കർ സ്വകാര്യ കമ്പനിയുടെ ഏജന്‍റെന്നും വരെ ആരോപണങ്ങളുയർന്നു. എന്നാൽ കൃത്യമായ മറുപടി മുഖ്യമന്ത്രി നൽകുകയുണ്ടായില്ല. 

ഒടുവിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയുമായി സ്പ്രിംക്ളറിന് ബന്ധമുണ്ടെന്ന ആരോപണവുമായി പിടി തോമസ് രംഗത്ത് വന്നു. ഇതടക്കമുള്ള സാഹചര്യത്തിലാണ് മുഖ്യമന്ത്രി വീണ്ടും വാർത്താസമ്മേളനങ്ങൾ തുടങ്ങുന്നത്.

കൊവിഡ് കാലത്തെ കേരളത്തിന്‍റെ പ്രതിരോധത്തിന് മങ്ങലേറ്റ മറ്റൊരു വിവാദം കെ എം ഷാജി എംഎൽഎയുമായി ബന്ധപ്പെട്ടതായിരുന്നു. വിഷുക്കൈനീട്ടവും, സക്കാത്തും നൽകൂ, രാഷ്ട്രീയ കൊലപാതകക്കേസിലെ പ്രതികളെ പുറത്തിറക്കാൻ ഫണ്ട് വേണ്ടതല്ലേ എന്ന തരത്തിൽ കെ എം ഷാജി എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയത്. ദുരിതാശ്വാസനിധിയിലെ പണമെടുത്താണ് കോടതിയിൽ കേസ് നടത്തുന്നതെന്ന് ആര് പറഞ്ഞുവെന്ന് പിണറായി ചോദിച്ചു. 

പിന്നാലെ, പിണറായി കോടികൾ പിആർ വർക്കിന് വേണ്ടി ചെലവഴിച്ച് നേടിയെടുത്ത ഇമേജിന്‍റെ മുഖംമൂടി അഴിഞ്ഞു വീണെന്നും, പ്രളയത്തിന്‍റേതുൾപ്പടെ കണക്ക് ചോദിക്കുന്നതിൽ എന്താണ് തെറ്റെന്നും ചോദിച്ച് കെ എം ഷാജി രംഗത്തെത്തി. ചവറ എംഎൽഎയായിരുന്ന വിജയൻ പിള്ളയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുത്ത് വീട്ടിയത് എന്ത് അടിസ്ഥാനത്തിലാണെന്നും കെ എം ഷാജി ചോദിച്ചു. പിന്നാലെ എംകെ മുനീറിന്‍റെ അച്ഛൻ സി എച്ച് മുഹമ്മദ് കോയ അന്തരിച്ചപ്പോൾ കുടുംബത്തിന് കെ കരുണാകരൻ സ‍ർക്കാർ നൽകിയ സഹായത്തിന്‍റെ കണക്കുകൾ ഇടത് നേതാക്കൾ ഓർമിപ്പിച്ചു. 

എന്നാൽ ഈ വിവാദം കത്തി നിൽക്കുന്നതിനിടെ, അഴീക്കോട് ഹയർസെക്കന്‍ററി സ്കൂൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കെ എം ഷാജി കോഴ വാങ്ങിയെന്ന കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതോടെ യുഡിഎഫ് നേതാക്കൾ തിരിച്ചടിച്ചു. കെ എം ഷാജിക്ക് ഇതോടെ ഒരു രക്തസാക്ഷി പരിവേഷം നൽകാൻ സർക്കാർ നടപടി വഴിവച്ചുവെന്ന് രാഷ്ട്രീയനിരീക്ഷകർ തന്നെ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രി വീണ്ടും വാർത്താസമ്മേളനങ്ങളിലൂടെ വിവാദങ്ങൾക്ക് മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios