Asianet News MalayalamAsianet News Malayalam

സമ്പൂർണ ലോക്ക്ഡൗൺ ഗുണകരമാകില്ലെന്ന് സിപിഎം, സർക്കാർ തീരുമാനം തിങ്കളാഴ്ച

സമ്പൂർണലോക്ക്ഡൗൺ അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ ഇന്ന് വൈകിട്ട് സർവകക്ഷിയോഗം ചേരാനിരിക്കുകയാണ്. കേരളം മുഴുവനായി അടച്ചിടണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ ആവശ്യം.

covid 19 complete lockdown will not be useful for curbing coronavirus cpim secretariat
Author
Thiruvananthapuram, First Published Jul 24, 2020, 2:15 PM IST

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും സമ്പൂർണലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് ഗുണകരമാകില്ലെന്ന് സിപിഎമ്മിന്‍റെ വിലയിരുത്തൽ. പൂർണമായും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് ജനജീവിതം നിശ്ചലമാക്കുകയേ ഉള്ളൂ എന്നും സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് വിലയിരുത്തി. മുഴുവനായി കേരളം അടച്ചിടുന്നതിന് പകരം പ്രാദേശിക നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും സിപിഎം നിർദേശിക്കുന്നു. 

സമ്പൂർണലോക്ക്ഡൗൺ അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ ഇന്ന് വൈകിട്ട് സർവകക്ഷിയോഗം ചേരാനിരിക്കുന്ന സാഹചര്യത്തിലാണിത്. ഉച്ചതിരിഞ്ഞ് 3 മണിക്കാണ് സർവകക്ഷിയോഗം. രോഗികളുടെ എണ്ണം തുടർച്ചയായി രണ്ട് ദിവസം ആയിരം കടന്ന സാഹചര്യത്തിൽ കേരളത്തിൽ സമ്പൂർണലോക്ക്ഡൗൺ വേണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിലപാട്. മുഖ്യമന്ത്രിയും ഇതിനോട് യോജിക്കുന്നുവെന്നാണ് വിവരം. എന്നാൽ, ലോക്ക്ഡൗണിനോട് യോജിപ്പില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്.

അതേസമയം, സാധാരണക്കാരുടെ വരുമാനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൂർണ്ണ അടച്ചിടലിനെ മന്ത്രിസഭയിലെ ഒരു വിഭാഗം എതിർക്കുന്നുണ്ട്. കൊവിഡ് പ്രതിരോധം ചർച്ച ചെയ്യാൻ സർവ്വകക്ഷിയോഗം വിളിച്ചതിന് പിന്നാലെ സമ്പൂർണ ലോക്ഡൗണിനെതിരെ പ്രതിപക്ഷ നേതാവ് തന്നെ രംഗത്തെത്തിയിരുന്നു. 

പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന നിർദ്ദേശം ഇന്നത്തെ സർവകക്ഷിയോഗത്തിൽ പ്രതിപക്ഷം മുന്നോട്ട് വയ്ക്കും. സ്വകാര്യ ആശുപത്രികളെക്കൂടി കോവിഡ് ചികിത്സയിൽ പങ്കാളികളാക്കണമെന്നാണ് മറ്റൊരു നിർദ്ദേശം. സർവകക്ഷിയോഗത്തിന്‍റെ നിർദ്ദേശം കൂടി പരിഗണിച്ച് തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗം ലോക്ഡ‍ൗണിൽ അന്തിമതീരുമാനമെടുക്കും. 

തിരുവനന്തപുരത്തിനൊപ്പം കൊല്ലം ജില്ലയിലും പ്രതിദിനരോഗവ്യാപനം മൂന്നക്കം കടന്നിരിക്കുകയാണ്. ഇതിൽ 90 ശതമാനവും സമ്പർക്കമാണ്. അതിനാലാണ് കർശനനടപടി വേണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്. എന്നാൽ സമ്പൂർണ്ണ അടച്ചിടലിനെ കൊവിഡ് വിദഗ്ധസമിതിയും പിന്തുണയ്ക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. 

Follow Us:
Download App:
  • android
  • ios