തിരുവനന്തപുരം: സംസ്ഥാനത്തെ സമ്പർക്കരോഗവ്യാപനം ആശങ്കയായി തുടരുന്നു. 1068 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതിൽ 45 പേർക്ക് രോഗം വന്നതിന്‍റെ ഉറവിടമറിയില്ല. വിദേശത്ത് നിന്ന് വന്ന 51 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 64 പേർക്കും രോഗം കണ്ടെത്തി. പുതുതായി 22 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിൽ 28,664 പരിശോധനകൾ നടന്നു. പോസിറ്റീവായവർ ജില്ല തിരിച്ച്: തിരുവനന്തപുരം 266, മലപ്പുറം 261, എറണാകുളം 121, ആലപ്പുഴ 118, കോഴിക്കോട് 93, പാലക്കാട് 81, കോട്ടയം 76, കാസ‍ർകോട് 68, ഇടുക്കി 42, കണ്ണൂർ 31, പത്തനംതിട്ട 19, തൃശ്ശൂ‍ർ 19, വയനാട് 12, കൊല്ലം 5. 

ഇന്ന് സംസ്ഥാനത്ത് 1212 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 880 പേ‍ർ രോ​ഗമുക്തി നേടി. അഞ്ച് മരണം ഇന്ന് സ്ഥിരീകരിച്ചു. കാസ‍ർ​ഗോസ് സ്വദേശി ഷംസുദീൻ 53, തിരുവനന്തപുരം സ്വദേശി കനകരാജ് 50, എറണാകുളം സ്വദേശി മറിയംകുട്ടി 77,  കോട്ടയം കാരപ്പുഴ സ്വദേശി ടിപി ദാസപ്പൻ, കാസ‍ർകോഡ് സ്വദേശി ആദംകുഞ്ഞ്, ഇടുക്കി സ്വദേശി അജിതൻ 55 വയസ് എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 

സെപ്തംബ‍ർ ആദ്യവാരത്തോടെ കേരളത്തിൽ കൊവിഡ് കേസുകൾ  പാരമ്യത്തിലെത്തുമെന്നും, കൂടുതൽ ജില്ലകൾ സമൂഹവ്യാപനത്തിന്റെ വക്കിലെന്നും വിദഗ്ധ സമിതി അധ്യക്ഷൻ ഡോ.ബി ഇക്ബാൽ നേരത്തേ വ്യക്തമാക്കിയിരുന്നു. രോഗികൾ 75,000 രോഗികൾ വരെയാകാമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ഒക്ടോബറോടെ കേരളത്തിൽ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുമെന്നും സ്വകാര്യ അഭിമുഖത്തിൽ ഡോ. ബി ഇക്ബാൽ പറഞ്ഞു.

വിപുലമായ പൊതുജനാരോഗ്യ സംവിധാനത്തിലൂടെ വെല്ലുവിളികൾ മറികടക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ലക്ഷണമില്ലാത്ത കൊവിഡ് രോഗികൾക്ക് വീട്ടിൽത്തന്നെ ചികിത്സ നൽകാനുള്ള നടപടികൾ ഇന്ന് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ ഇന്ന് ഉത്തരവിറങ്ങും. ഇതോടെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലടക്കം ഭാരം കുറയും.

സമ്പർക്ക വ്യാപനം, ഉറവിടമില്ലാത്ത കേസുകൾ, ക്ലസ്റ്ററുകൾ, മരണസംഖ്യ ഇവ കൂടുന്നത് നൽകുന്നത് അപായ സൂചനയാണ്. സംസ്ഥാനത്തിപ്പോൾ 172 ക്ലസ്റ്ററുകളാണുള്ളത്. തിരുവനന്തപുരത്ത് തീരദേശത്ത് ഇതിനോടകം സംഭവിച്ച സമൂഹവ്യാപനം കൂടുതൽ ജില്ലകളിലേക്കെന്ന ആശങ്കയും നിലനിൽക്കുകയാണ്.

കേരളമിപ്പോൾ കൊവിഡ് വ്യാപനത്തിന്‍റെ മൂന്നാംഘട്ടത്തിന്റെ രണ്ടാം പാദത്തിലാണ്. വിപുലമായ പൊതുജനാരോഗ്യ സംവിധാനത്തിലൂടെ വെല്ലുവിളികൾ മറികടക്കാമെന്നും അദ്ദേഹം പറഞ്ഞു. ദുരന്ത നിവാരണ സമിതി നൽകിയ മുന്നറിയിപ്പുകളും വിദഗ്ധ സമിതിയുടെ നിർദേശങ്ങളും അനുസരിച്ചാണ് കേരളത്തിന്റെ കൊവിഡിനെതിരെ ഇതുവരെയുള്ള നീക്കങ്ങൾ.