Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് ഇന്ന് 97.6 ശതമാനം പേർക്കും രോഗം വന്നത് സമ്പർക്കത്തിലൂടെ, ആശങ്ക

തിരുവനന്തപുരത്ത് ഇന്ന് പുതുതായി സ്ഥിരീകരിച്ച 461 രോഗികളിൽ 435 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം കണ്ടെത്തിയത്. 15 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 

covid 19 contact disease spread increases in trivandrum
Author
Thiruvananthapuram, First Published Aug 17, 2020, 7:14 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് നിലനിന്ന ലോക്ക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ രോഗികളുടെ എണ്ണത്തിൽ വൻവർദ്ധന. തിരുവനന്തപുരത്തെ ആകെ രോഗികളുടെ എണ്ണം 4000 കടന്നു. ഇന്നത്തേത് കൂടി കൂട്ടിയാൽ 4124 പേരാണ് തിരുവനന്തപുരത്ത് ആകെ ചികിത്സയിലുള്ളത്. 

തിരുവനന്തപുരത്ത് ഇന്ന് പുതുതായി സ്ഥിരീകരിച്ച 461 രോഗികളിൽ 435 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം കണ്ടെത്തിയത്. 15 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതു കൂടി ചേർത്താൽ 97.6 ശതമാനം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയെന്നർത്ഥം.

വെള്ളിയാഴ്ചയാണ് തിരുവനന്തപുരം നഗരത്തിൽ ഒന്നേകാൽ മാസമായി നിലനിന്നിരുന്ന ലോക്ക്ഡൗൺ പിൻവലിച്ചത്. എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിൽ ലോക്ക്ഡൗൺ തുടരുകയും ചെയ്തു. കൊവിഡ് വ്യാപനത്തിൽ ഏറ്റവും മുന്നിലുള്ളത് തിരുവനന്തപുരം ജില്ലയാണെങ്കിലും നഗരമേഖലയിൽ ഒറ്റപ്പെട്ട കേസുകളൊഴിച്ചാൽ പരക്കെ വ്യാപനമുണ്ടായില്ലെന്നതും ലോക്ക് ഡൗൺ പിൻവലിക്കുന്നതിന് കാരണമായി ജില്ലാ ഭരണകൂടം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാലിനി, ഓണത്തിരക്കിലേക്ക് തലസ്ഥാനം പോവുകയാണെന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് വ്യാപനം ശമനമില്ലാതിരിക്കെ എല്ലാം തുറന്നു കൊടുത്തതിൽ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും വ്യാപാരമേഖല ഉണരുന്നതാണ് തലസ്ഥാനത്തെ കാഴ്ച. ഓരോരുത്തർക്കും പ്ലാസ്റ്റിക് കവർ കൊണ്ടുള്ള ഗ്ലൗസ്, അകത്ത് ഒരേസമയം നിശ്ചിത ആളുകൾ മാത്രം, പുറത്ത് കാത്തിരിക്കാൻ പ്രത്യേകം സംവിധാനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ച് ഫോൺ നമ്പരടക്കം രേഖപ്പെടുത്തിയാണ് പ്രവേശനം. ഓണം വരാനിരിക്കെ, ദേശീയ ലോക്ക്ഡൗൺ മുതൽ ഇങ്ങോട്ട് നിയന്ത്രണങ്ങളിൽ ഞെരുങ്ങിയ വ്യാപാരമേഖലയ്ക്ക് വലിയ പ്രതീക്ഷയാണുള്ളത്. 

തലസ്ഥാനത്തെ ഏക മാളായ മാൾ ഓഫ് ട്രാവൻകൂർ തുറന്നിട്ടില്ല. നഗരസഭ ലൈസൻസ് റദ്ദാക്കിയ രാമചന്ദ്ര ഹൈപ്പർ മാർക്കറ്റും അടഞ്ഞു കിടക്കുന്നു. ഹോട്ടലുകൾക്ക് ഒന്‍പത് മണിവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പാഴ്സൽ മാത്രമാണ് അനുവദനീയം. നേരത്തെ നീണ്ട ലോക്ക് ഡൗണിലും നഗരത്തിൽ പുതിയ മേഖലകളിൽ വ്യാപനമുണ്ടായതിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. ഒപ്പം ലോക്ക്ഡൗൺ പരിഹാരമല്ലെന്നും, ഓണം വരാനിരിക്കെ ഇനിയും അടച്ചിട്ടാൽ പ്രതിസന്ധി രൂക്ഷമാകുമെന്ന വിലയിരുത്തലും ശക്തമായതോടെയാണ് ഇളവുകള്‍ അനുവദിച്ചത്.

Follow Us:
Download App:
  • android
  • ios