തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിയന്ത്രിത മേഖലയിൽ ‍ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ പ്രവർത്തനം താൽക്കാലികമായി നിർത്തി. 

ശക്തമായ മുൻകരുതലെടുത്തിട്ടും പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ കൊവിഡ് വ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എല്ലാ ജില്ലകളിലും പൊലീസിന് മാത്രം ക്വാറന്റീൻ കേന്ദ്രങ്ങൾ തുടങ്ങുമെന്നും ഭക്ഷണമുൾപ്പെടെ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. 

സമ്പ‌ർക്ക വ്യാപനം നിയന്ത്രാതീതമാകുന്നത് മുന്നിൽക്കണ്ട് കൂടുതൽ നിയന്ത്രണങ്ങളിലേക്ക്  ജില്ല കടക്കവെയാണ് രണ്ട് പൊലീസുകാർക്ക് കൂടി രോഗം സ്ഥിരീകരിച്ച വാർത്ത വരുന്നത്. 

കോ‌‌ർപ്പറേഷൻ പരിധിയിലെ കടകംപള്ളി കണ്ടെയിന്മെന്റ് സോണാക്കി പ്രഖ്യാപിച്ചു. കുന്നത്തുകാൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയിന്മെന്റ് സോണാക്കി. അഴൂർ, കുളത്തൂർ, ചിറയിൻകീഴ്, ചെങ്കൽ, കാരോട്, പൂവാർ, പെരുങ്കടവിള, പൂവച്ചൽ പഞ്ചായത്തുകളിൽ പെട്ട കൂടുതൽ വാർഡുകളും പുതിയ കണ്ടെയിന്മെന്റ് സോണുകളാണ്. 

ഇന്നലെ 339 കേസുകളിൽ 301ഉ കേസുകളും സമ്പർക്ക വ്യാപനത്തിലൂടെയായിരുന്നു. അഞ്ച് ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാരടക്കം 30 പേർ ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുകയാണ്. കൂടുതൽ പേരുടെ ഫലങ്ങൾ ഇന്ന് പുറത്തുവരും. തീരദേശ മേഖലയായ പൂന്തുറയ്ക്ക് പുറമെ പാറശാല, അഞ്ചുതെങ്ങ്, പൂവച്ചൽ എന്നിവിടങ്ങളിൽ രോഗവ്യാപനം ആശങ്ക ഉയർത്തുകയാണ്.