കൊച്ചി/ ആലപ്പുഴ/ മലപ്പുറം: കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ കടൽക്ഷോഭം കൂടി രൂക്ഷമായതോടെ ദുരിതച്ചുഴിയിലായ കേരളത്തിലെ തീരദേശങ്ങളിൽ സഹായമെത്തിക്കണമെന്ന് കൊവിഡ് അവലോകനയോഗത്തിൽ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി മുഖ്യമന്ത്രി. എറണാകുളം ചെല്ലാനത്ത് പ്രത്യേക കരുതൽ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി കളക്ടറോട് ആവശ്യപ്പെട്ടു. കടലേറ്റം രൂക്ഷമായ ഇടങ്ങളിൽ അരിയും ഭക്ഷണവും എത്തിച്ച് നൽകണമെന്നും, ഭക്ഷണം പാകം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് സമൂഹ അടുക്കളകൾ തുറക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

തീരദേശത്ത് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വന്നാൽ പ്രത്യേക കരുതൽ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, വിവിധ മന്ത്രിമാർ കൊവിഡ്, മഴക്കാല പ്രതിരോധ, ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഓരോ ജില്ലകളുടെ ചുമതലകളുമായി വിവിധ ഇടങ്ങളിലായതിനാൽ ബുധനാഴ്ച നടക്കാനിരുന്ന മന്ത്രിസഭായോഗം മാറ്റിവച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

മത്സ്യത്തൊഴിലാളികളെ സർക്കാർ പ്രതിക്കൂട്ടിൽ നിർത്തുന്നുവെന്ന പ്രചാരണം തെറ്റെന്ന് മുഖ്യമന്ത്രി വൈകിട്ടത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു: ''സംസ്ഥാനത്ത് ഈ ഘട്ടത്തിൽ രൂപപ്പെട്ട ക്ലസ്റ്ററുകൾ തീരദേശത്താണ്. രോഗം വരുന്നത് ആരുടെയും കുറ്റം കൊണ്ടല്ല. ഇവിടെ ആളുകൾ അടുത്തിടപഴകുന്നു. ഈ ഭീഷണി നേരത്തെ മുന്നിൽ കണ്ടാണ് സർക്കാർ മത്സ്യലേലത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ലോക്ക്ഡൗണിന്‍റെ തിക്ത ഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന സമൂഹമാണ് തീരദേശത്തേത്. രോഗവ്യാപനം ഉണ്ടാകുമ്പോൾ സാധ്യമായതെല്ലാം ചെയ്യേണ്ടത് സർക്കാരിന്‍റെ ചുമതലയാണ്. അതിനാലാണ് നിയന്ത്രണം കടുപ്പിച്ചത്. അതിനാൽത്തന്നെയാണ് ഇവിടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കിയതും'', മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ആലപ്പുഴയിൽ കടലാക്രമണത്തിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് അടിയന്തര സഹായമെത്തിക്കാൻ ആലപ്പുഴ ജില്ലാ കളക്ടർക്ക്  മന്ത്രി ജി സുധാകരൻ നിർദ്ദേശം നൽകി. നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി നഷ്ടപരിഹാരം നൽകും. പുലിമുട്ടോട് കൂടിയ കടൽഭിത്തി നിർമ്മാണം എത്രയും വേഗം തുടങ്ങാൻ ഇറിഗേഷൻ വകുപ്പിനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. 

തീരദേശവാസികൾക്ക് പരീക്ഷണകാലം

വീടുകളിൽ ഇരുന്ന് കൊവിഡ് വ്യാപനം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കിടെ ഇരച്ചെത്തുന്ന കടലിന് മുന്നിൽ പകച്ച് പോവുകയാണ് സംസ്ഥാനത്തെ തീരദേശവാസികൾ. ചെല്ലാനത്ത് കടൽഭിത്തിയുള്ള ഇടങ്ങളിൽ പോലും തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയുമായി വെള്ളം കവിഞ്ഞൊഴുകി. കടൽഭിത്തിയില്ലാത്ത രണ്ട് കിലോമീറ്റർ പ്രദേശത്തെ നൂറിൽ അധികം വീടുകൾ വെള്ളത്തിൽ മുങ്ങി. 

ട്രിപ്പിൽ ലോക്ഡൗണിലായ ചെല്ലാനം പഞ്ചായത്തിൽ 230 രോഗികളാണ് ഉള്ളത്. ഇവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പലർക്കും കൊവിഡ് നിയന്ത്രണങ്ങളും പാലിക്കാനാകുന്നില്ല. കൊവിഡ് ഇതര രോഗികൾക്കുള്ള ടെലിമെഡിസിൻ സൗകര്യങ്ങളിൽ പോരായ്മയുണ്ട്. കൊവിഡ് പരിശോധനകളുടെ എണ്ണവും കുറഞ്ഞതായി പ്രദേശവാസികൾ തന്നെ പറയുന്നുമുണ്ട്. സന്നദ്ധപ്രവർത്തകർ ഭക്ഷണം എത്തിച്ച് നൽകുന്നതാണ് ഏക ആശ്രയം.

ചെല്ലാനത്തിനോട് ചേർന്ന് കിടക്കുന്ന ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലാക്രമണം രൂക്ഷമാണ്. കണ്ടെയ്ൻമെന്‍റ് സോണുകൾ ആയതിനാൽ ആളുകൾക്ക് മറ്റിടങ്ങളിലേക്ക് നീങ്ങാനും കഴിയുന്നില്ല. മലപ്പുറത്തെ കൊവിഡ് ക്ലസ്റ്ററായ പൊന്നാനിയിലും സ്ഥിതി വ്യത്യസ്തമല്ല.

ചെല്ലാനത്തും, പൊന്നാനിയിലും ദുരിതാശ്വാസ ക്യാംപുകൾ ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്. എങ്കിലും ഇവിടേക്ക് മാറാൻ തീരദേശവാസികൾ തയ്യാറല്ല. കടലും, കൊവിഡും പിന്മാറാത്ത സാഹചര്യത്തിൽ അധികൃതരുടെ കൂടുതൽ ഇടപെടലാണ് തീരമേഖലയിൽ ആവശ്യം.