തിരുവനന്തപുരം: കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്താ സമ്മേളനം ഇന്നുണ്ടാകില്ല. അവലോകനയോഗവും ഇന്നുണ്ടാകില്ലെന്നാണ് അറിയിപ്പ്. മൂന്ന് മണിക്ക് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫ്രൻസുള്ളതിനാലാണ് വാർത്താസമ്മേളനം ഇന്ന് ഒഴിവാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

മൂന്നാം ഘട്ട ലോക്ക് ഡൗൺ കാലഘട്ടം അവസാനിക്കാൻ ആറ് ദിവസം കൂടി അവശേഷിക്കവേ രാജ്യത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. ട്രെയിൻ സർവീസ് നടത്താനുള്ള തീരുമാനം അടക്കം ഈ യോഗത്തിൽ ചർച്ച ചെയ്യും. 

ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കണം എന്ന കേന്ദ്ര നിലപാടാണ് ട്രെയിൻ സർവീസ് ആരംഭിച്ചതിന് പിന്നിൽ. എന്നാൽ സ്ഥിതി ഗുരുതരമാണെന്നും ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടണമെന്നും വിവിധ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തിൽ ഇക്കാര്യം ചർച്ചയാവും. സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് കാബിനറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ പറഞ്ഞിരുന്നു. ആഭ്യന്തര വിമാന സർവ്വീസുകളുടെ കാര്യത്തിലാണ് ഇനി തീരുമാനം വരേണ്ടത്.

കൊവിഡ് പ്രതിരോധത്തിന്‍റെ പേരിൽ സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിക്കാനാണ് സാധ്യത. മൂന്നാം ലോക്ക്ഡൗൺ വീണ്ടും നീട്ടണോ എന്ന കാര്യത്തിൽ ഈ നിർണായകയോഗത്തിലെ അഭിപ്രായങ്ങൾ കൂടി വിലയിരുത്തിയാകും കേന്ദ്രസർക്കാർ തീരുമാനമെടുക്കുക.

ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ ലോകത്താകെയുള്ള കൊവിഡ് കേസുകളിൽ 1.3 ശതമാനമായിരുന്നു ഇന്ത്യയിൽ. ഇന്ന് ഇത് 1.55 ശതമാനമായി ഉയർന്നിരിക്കുന്നു. ആകെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ പതിനാലാമത്. പുതിയ രോഗികളിൽ 4.1 ശതമാനം ഇന്ത്യയിൽ. ഇതേ നിരക്കിൽ കേസുകൾ ഉയർന്നാൽ ഒരാഴ്ചയിൽ രോഗികളുടെ എണ്ണം ഇന്ത്യയിൽ ചൈനയ്ക്ക് മുകളിലാകും. കൊവിഡ് കേസുകൾ ഇരട്ടിക്കുന്ന നിരക്ക് 10.3 ദിവസമാണ്. 

മഹാരാഷ്ട്രയിലും ഗുജറാത്തിലും ദില്ലിയിലും വ്യാപന നിരക്ക് ചെറുതായി കുറഞ്ഞതിനാൽ കഴിഞ്ഞ രണ്ടു ദിവസത്തെ
ശരാശരി ഇരട്ടിപ്പ് നിരക്ക് 13 ദിവസമായി കൂടിയത് മാത്രമാണ് ആശ്വാസം. ദേശീയ ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കാൻ ആവില്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.