തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പിൾ പരിശോധന കറഞ്ഞിട്ടും രോഗ നിരക്ക് ഉയര്‍ന്ന് തന്നെ . കഴിഞ്ഞ കുറെ ദിവസങ്ങളുടെ തുടര്‍ച്ചയെന്നോണം തിരുവനന്തപുരം തന്നെയാണ് രോഗവ്യാപന നിരക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. കൂടുതൽ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതിന്‍റെ വ്യക്തമായ സൂചനയാണ് കണക്കുകൾ പരിശോധിക്കുമ്പോൾ മനസിലാകുന്നത്. തലസ്ഥാന ജില്ലയിൽ അതി ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം ജില്ലാകളക്ടര്‍ നൽകിയിട്ടുണ്ട്. 

തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

എറണാകുളത്തും കോഴിക്കോട്ടും അഞ്ഞൂറിന് മുകളിലേക്ക് പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. നഗരകേന്ദ്രീകൃതമായ പ്രദേശങ്ങളിൽ രോഗ വ്യാപന നിരക്ക് കൂടുന്നതിന്‍റെ സൂചനയും ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്. മലപ്പുറത്തേയും കൊല്ലത്തേയും കോട്ടയത്തേയും എല്ലാം രോഗനിരക്ക് ഉയരുന്നത് ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത് . 

80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 29, കണ്ണൂര്‍ 12, മലപ്പുറം 9, പത്തനംതിട്ട, എറണാകുളം 7 വീതം, കാസര്‍ഗോഡ് 6, കൊല്ലം 4, തൃശൂര്‍ 3, പാലക്കാട് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.