കൊച്ചി: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ കൊവിഡ് പോസിറ്റീവ് ആയവരിൽ രണ്ടു പേർ കൊവിഡ് രോഗം മൂലം മരണപ്പെട്ടയാളുടെ അടുത്ത ബന്ധുക്കൾ ആയ 32 വയസ്സുള്ള യുവതിയും, 17 വയസ്സുള്ള യുവാവുമാണ്. മൂന്നാമത്തെയാൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 41 വയസ്സുള്ള ആരോഗ്യ പ്രവർത്തകനാണ്.

ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച മൂവരും അവരുടെ വീടുകളിൽ നിരീക്ഷണത്തിൽ ആയിരുന്നു.കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾക്കം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയിൽ വീടുകളിലും ആശുപത്രികളിലും ആയി നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 4627 ആയി. 

തൃശൂര്‍ ചാലക്കുടി എലിഞ്ഞിപ്രയിൽ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യയ്ക്കും മകനുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മൗറിഷ്യസിൽ നിന്ന് വന്ന ചാലക്കുടി എലിഞ്ഞിപ്ര സ്വദേശിയ്ക്കായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇയാളിൽ നിന്നാണ് ഭാര്യയ്ക്കും മകനും രോഗം കിട്ടിയത്. നിലവിൽ കോവിഡ് 8 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 

അതേ സമയം കൊവിഡ് 19 സ്രവ പരിശോധനയ്ക്കായി ഇടുക്കി ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും സൗകര്യമൊരുക്കി. ഇടുക്കി, തൊടുപുഴ ജില്ലാ ആശുപത്രികളിലും അടിമാലി, കട്ടപ്പന, പീരുമേട്, നെടുങ്കണ്ടം താലൂക്ക് ആശുപത്രികളിലും ചിത്തിരപുരം സാമൂഹ്യരോഗ്യ കേന്ദ്രത്തിലുമാണ് സ്രവ പരിശോധനയ്ക്ക് സൗകര്യമൊരുക്കിയതെന്ന് ഡിഎംഒ ഡോ.എൻ.പ്രിയ അറിയിച്ചു.