തിരുവനന്തപുരം: എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. 1056 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 986 പേര്‍ക്കും മലപ്പുറത്ത് 977 പേര്‍ക്കും കോഴിക്കോട് 942 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 23 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. എറണാകുളത്ത് 896 പേര്‍ക്കും തിരുവനന്തപുരത്ത് 835 പേര്‍ക്കും മലപ്പുറത്ത് 877 പേര്‍ക്കും കോഴിക്കോട് 910 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 784 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 33, തിരുവനന്തപുരം 32, കാസര്‍ഗോഡ് 13, കോട്ടയം 11, എറണാകുളം 6, പത്തനംതിട്ട, വയനാട് 5 വീതം, കൊല്ലം, തൃശൂര്‍ 4 വീതം, ആലപ്പുഴ, പാലക്കാട് 3 വീതം, മലപ്പുറം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 6 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

എറണാകുളം ജില്ലയിലെ കുന്നുകര (സബ് വാര്‍ഡ് 14), കാസര്‍ഗോഡ് ജില്ലയിലെ കുമ്പഡാജെ (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 660 ഹോട്ട് സ്പോട്ടുകളാണുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റോക്കോര്‍ഡ് പരിശോധനയാണ് നടത്തിയത്. 63,682 സാമ്പിളുകള്‍ പരിശോധിച്ചു.