കണ്ണൂര്‍: കോവിഡ് 19 രോഗ ഭീതി പരത്തുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച 8 പേർ സംസ്ഥാനത്ത് പിടിയിൽ. ഇതുവരെ 11 കേസുകൾ രജിസ്റ്റർ ചെയ്തു. തെറ്റായ വാർത്തകൾ പോസ്റ്റ് ചെയ്യുന്നവർക്കൊപ്പം ഇത് ഷെയർ ചെയ്യുന്നവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ആൾക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച ആൾക്കെതിരെയാണ് ജില്ലയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.

മലപ്പുറത്ത് രണ്ടും എറണാകുളത്തും പാലക്കാടും ഓരോ കേസുകളുമാണ് ഇന്നലെ രജിസ്റ്റർ ചെയ്തത്. ഇതുവരെ 11 കേസുകൾ. എട്ടുപേർ പിടിയിൽ. സംസ്ഥാനത്തെ ഓരോ സ്റ്റേഷൻ പരിധിയിലും പ്രത്യേക സംഘം സോഷ്യൽ മീഡിയ നിരീക്ഷിക്കും. വ്യാജ സന്ദേശങ്ങൾ അയക്കുന്നവരുടെ ശബ്ദം തിരിച്ചറിയാൻ സൈബർ ഡോമിന്‍റെ സഹായം തേടും. 

പൊതുജനങ്ങൾ വ്യാജ പ്രചാരണങ്ങൾ ഷെയർ ചെയ്താൽ ഇതിന്‍റെ സ്ക്രീൻ ഷോട്ട് തെളിവായി സ്വീകരിച്ച് കേസെടുക്കും. കൊറോണ വ്യാപനം സംബന്ധിച്ച് സർക്കാർ വാർത്തകൾ അല്ലാത്തവ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മുന്നോട്ടുപോവുകയാണ് പൊലീസ്.