Asianet News MalayalamAsianet News Malayalam

കൊവിഡ് ചികിത്സ: ലക്ഷ്യമിട്ടതിൽ പകുതി എണ്ണം പോലും തികയാതെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾ

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലേക്കുളള ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ട്. ധാരണ അനുസരിച്ച് ഏറ്റവും അടുത്തുളള സര്‍ക്കാര്‍ ആശുപത്രിയെയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളുമായി ബന്ധിപ്പിക്കുക.

covid 19 first line treatment center beds
Author
Kozhikode, First Published Jul 20, 2020, 2:35 PM IST

കോഴിക്കോട്: സംസ്ഥാനത്ത് അര ലക്ഷം കിടക്കകള്‍ സജ്ജമാക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം അവസാനിക്കാന്‍ മൂന്നു ദിവസം ബാക്കി നില്‍ക്കെ കണ്ടെത്താനായത് ഇരുപതിനായിരത്തില്‍ താഴെ കിടക്കകള്‍ മാത്രമാണെന്ന് കോഴിക്കോട് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‍മെന്‍റ് സെന്‍ററുകള്‍ക്കുളള കെട്ടിടങ്ങള്‍ കണ്ടെത്തേണ്ടത്. സമ്പര്‍ക്കം വഴിയുള്ള രോഗ വ്യാപനം തുടരുന്ന സാഹചര്യത്തിൽ പഞ്ചായത്തുകളില്‍ നൂറു കിടക്കകള്‍ വീതവും നഗരസഭാ വാര്‍ഡുകളില്‍ 50 കിടക്കകള്‍ വീതവും ജൂലൈ 23-നകം സജ്ജമാക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലെ നിര്‍ദ്ദേശം.

81 പഞ്ചായത്തും 9 മുന്‍സിപ്പാലിറ്റിയും ഒരു കോര്‍പ്പറേഷനുമുള്ള കണ്ണൂരില്‍ നാലായിരത്തില്‍ താഴെ കിടക്കകളാണ് സജ്ജീകരിച്ചത്. കാസര്‍കോടാകട്ടെ സജ്ജമായത് മൂവായിരത്തില്‍ താഴെ കിടക്കകൾ മാത്രം.88 പഞ്ചായത്തുകളുളള പാലക്കാട്ട് 6000 കിടക്കകൾ നിലവിലുണ്ടെന്നാണ് കണക്ക്. അതേസമയം, വയനാട് പോലുളള ചില ജില്ലകളില്‍ നടപടികളില്‍ പുരോഗതിയുണ്ട്.

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‍മെന്‍റ്  സെന്‍ററുകൾ ഒരുക്കുമ്പോൾ ഇവിടെ നിയോഗിക്കേണ്ട ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കാര്യത്തിലും അവ്യക്തത തുടരുകയാണ്. നിലവിലെ ധാരണ അനുസരിച്ച് ഏറ്റവും അടുത്തുളള സര്‍ക്കാര്‍ ആശുപത്രിയെയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‍മെന്‍റ്  സെന്‍ററുകളുമായി ബന്ധിപ്പിക്കുക. ഇവിടെ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം ഉണ്ടായാൽ എന്ത് ചെയ്യുമെന്ന കാര്യത്തിലും വ്യക്തതയില്ല .

അതേസമയം സ്വകാര്യ ആശുപത്രികളെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‍മെന്‍റ് സെന്‍ററുകളുമായി ബന്ധിപ്പിക്കുന്നതില്‍ തീരുമാനമായിട്ടുമില്ല. അടുത്ത മാസത്തോടെ അയ്യായിരം രോഗികളെ ഓരോ ജില്ലയിലും പ്രതീക്ഷിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് മുന്നിലുളളത്. ഇനിയുളള നാളുകളില്‍ ഇതിനുളള നടപടികള്‍ എത്രത്തോളം പൂര്‍ത്തിയാക്കാനാകുമെന്നാണ് കണ്ടറിയേണ്ടത്.

Follow Us:
Download App:
  • android
  • ios