തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം മൂലം മത്സ്യകയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയിൽ. 75 ശതമാനത്തോളം കയറ്റുമതി തടസ്സപ്പെട്ടതായി സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. അതേസമയം, സംസ്ഥാനത്തെ ഹാർബറുകളിൽ ഇന്ന് (23-03-2020) മുതൽ മത്സ്യ ലേലത്തിന് നിരോധനം ഏർപ്പെടുത്തി. 

2018-19 ൽ 1392559 ടൺ മത്സ്യവിഭവങ്ങളാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത്. 46589.37 കോടി രൂപയാണ് കയറ്റുമതിയിലൂടെ മാത്രം കിട്ടിയത്. കൊച്ചി തുറമുഖത്ത് നിന്ന് മാത്രം ഒരുലക്ഷത്തി എൺപതിനായിരത്തി 457 ടൺ കയറ്റുമതിയിലൂടെ 5861.55 കോടി രൂപയുടെ വരുമാനമുണ്ടായി. 6014.69 ടൺ ആണ് കേരളത്തിൽ നിന്നുള്ള മൊത്തം കയറ്റുമതി. അമേരിക്ക, ചൈന, ജപ്പാൻ, ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കായിരുന്നു പ്രധാന കയറ്റുമതി. 

കൊവിഡ് 19 ചൈനയിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് പടർന്നപ്പോൾ തക‍ർന്നത് നമ്മുടെ മത്സ്യകയറ്റുമതി മേഖലയാണ്. ചെമ്മീൻ, കരിക്കാടി പോലുള്ള മത്സ്യഇനങ്ങൾ വൻതോതിൽ വാങ്ങിയിരുന്ന അമേരിക്കയിലേക്കുള്ള കയറ്റുമതി നാലിലൊന്നായി ചുരുങ്ങി. ചൈനയിലേക്കുള്ള കയറ്റുമതി പൂർണമായി നിലച്ചു. ജപ്പാൻ, യൂറോപ്യൻ, ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും കുറഞ്ഞതോടെ വിലയും ഗണ്യമായി കുറഞ്ഞു.പ്രതിസന്ധി അതിജീവിക്കാൻ ഇനി ഏറെ കാത്തിരിക്കേണ്ടി വരുമെന്നാണ് വിദഗ്ധർ പറയുന്നത്. 

അതേസമയം, സംസ്ഥാനത്തെ ഹാർബറുകളിലും ലാൻ്റിംഗ് സെന്ററുകളിലും നിലവിലുള്ള മത്സ്യ ലേലത്തിന് നിരോധനം ഏർപ്പെടുത്തിയതായി ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. കൊവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.   

ഹാർബറുകളിൽ എത്തുന്ന മത്സ്യം തീരുമാനിക്കപ്പെടുന്ന അടിസ്ഥാന വിലയിലാകും വിപണനം നടത്തുക. കഴിഞ്ഞ ദിവസങ്ങളിൽ  ഹാർബറുകളിൽ മത്സ്യത്തിന് ലഭിച്ച കുറഞ്ഞ വിലയുടെയും കൂടിയ വിലയുടെയും ശരാശരി കണക്കാക്കിയാകും അടിസ്ഥാന വില നിശ്ചയിക്കുന്നത്. ഓരോ ഇനം മത്സ്യങ്ങളുടെയും അടിസ്ഥാന വില ഹാർബറുകളിൽ പരസ്യപ്പെടുത്തും. അടിസ്ഥാന വില, അനുബന്ധ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവ കളക്ടർ ചെയർമാനായ ഹാർബർ മാനേജ്മെന്റ് കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക