കൊച്ചി:ദമാമിൽ നിന്ന് കൊച്ചിയിൽ എത്തിയ വിമാനത്തിൽ രണ്ട് പേർക്ക് കൊവിഡ് രോഗലക്ഷണം. വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ട് പേരേയും കളമശേരി മെഡിക്കൽ കോളേജിലെ  ഐസൊലേഷൻ വാര്‍ഡിലേക്ക് മാറ്റി. രോഗലക്ഷണം കണ്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 6 കുട്ടികൾ അടക്കം 174 പേരാണ് ഇന്നലെ രാത്രി ദമാമിൽ നിന്നും കൊച്ചിയിൽ എത്തിയത്.

പ്രവാസികളുമായുള്ള രണ്ട് വിമാനങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാത്രി എത്തിയത്. ദമ്മാമിൽ നിന്നും സിംഗപ്പൂരിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്. ദമാമിൽ നിന്ന് 174 യാത്രക്കാരുമായെത്തിയ വിമാനം രാത്രി 8.10നാണ് കൊച്ചിയിൽ ലാന്‍റ് ചെയ്തു. സിംഗപ്പൂരിൽ നിന്ന് ബാംഗ്ലൂർ വഴി കൊച്ചിയിൽ രാത്രി 10.50 എത്തിയ വിമാനത്തിൽ 138 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

രണ്ട് ദിവസം മുൻപ് റദ്ദാക്കിയ ഖത്തര്‍ വിമാനം ഇന്നലെ രാത്രി തിരുവനന്തപുരത്ത് ഇറങ്ങി. 181 യാത്രക്കാരുമായാണ് ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തു എത്തിയത്.  14 ഗർഭിണികളും 23 കുട്ടികളും 60 വയസ്സിന് മുകളിൽ ഉള്ള 25 പേരും അടങ്ങുന്ന സംഘമാണ് തിരുവനന്തപുരത്തേക്കുള്ള ആദ്യ സർവീസിൽ എത്തിയത്. കേരളത്തിലെ 12 ജില്ലകളിൽ നിന്നുള്ളവരാണ് വിമനത്തിലുണ്ടായിരുന്നത്.