കോട്ടയം: വൈക്കത്തും ചങ്ങനാശ്ശേരിയിലും റേഷൻ ഷോപ്പുകളിൽ എത്തിക്കണ്ട സൗജന്യപലവ്യഞ്ജനകിറ്റുകൾ പാർട്ടി ഓഫീസുകളിൽ വച്ചത് വിവാദമായി. വൈക്കത്ത് സിപിഐ ലോക്കൽ കമ്മറ്റി ഓഫീസിലും ചങ്ങനാശ്ശേരി മാടപ്പള്ളയിൽ സിപിഎം ഓഫീസിലുമാണ് കിറ്റുകൾ സൂക്ഷിച്ചത്. നാട്ടുകാരും ചില രാഷ്ട്രീയ പ്രവർത്തകരും വിവാദവുമായി രംഗത്തെത്തിയതോടെ കിറ്റുകൾ പാർട്ടി ഓഫീസുകളിൽ നിന്ന് മാറ്റി.

ചങ്ങനാശ്ശേരി മാടപ്പള്ളയിലെ സിപിഎം ഓഫീസിൽ ഇന്നലെയാണ് സൗജന്യകിറ്റുകൾ എത്തിച്ചത് പാർട്ടി ഓഫീസുകളിൽ ഇറക്കി വച്ചത്. ഇത് നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തതോടെ ഇവിടെ നിന്ന് മാറ്റി. ഇന്ന് വൈക്കത്തെ സിപിഐ ഓഫീസിൽ സൗജന്യ കിറ്റുകൾ എത്തിച്ച് ഇറക്കി വച്ചത് വീണ്ടും വിവാദമായി. ഇവിടേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയും ചെയ്തു. ഇതോടെ, ഇവിടെ നിന്നും കിറ്റുകൾ മാറ്റി.

രണ്ട് ഇടങ്ങളിലും റേഷൻ ഷാപ്പുകളും പാർട്ടി ഓഫീസുകളും ഒരേ കെട്ടിടത്തിലാണെന്ന വിശദീകരണമാണ് പാർട്ടി ഭാരവാഹികളും റേഷൻ ഷാപ്പുടമകളും നൽകുന്നത്. സൗജന്യ അരിയും കിറ്റുകളും എത്തിയതോടെ എല്ലാം കൂടി വയ്ക്കാൻ റേഷൻ കടയിൽ സ്ഥലം തികയാഞ്ഞതിനാൽ ഇവയെല്ലാം എടുത്ത് പാർട്ടി ഓഫീസിലേക്ക് വയ്ക്കുകയായിരുന്നു എന്നാണ് റേഷൻ കടയുടമകളുടെ വാദം. സ്ഥലം തികയാത്തതിനാൽ കടയുടമകളുടെ അഭ്യർത്ഥന പ്രകാരം പാർട്ടി ഓഫീസ് തുറന്നുകൊടുക്കുകയായിരുന്നുവെന്നാണ് പാർട്ടി ഭാരവാഹികളുടെ വിശദീകരണം.

എന്നാൽ സൗജന്യകിറ്റ് വിതരണത്തിൽപ്പോലും സിപിഎമ്മും സിപിഐയും രാഷ്ട്രീയം കലർത്തുന്നുവെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം. അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.