തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം വരാതിരിക്കാൻ അടിയന്തര നടപടിയുമായി സംസ്ഥാനസർക്കാർ. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഒരു മാസത്തെ സൌജന്യറേഷൻ നൽകാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ലോക്ക് ഡൌൺ മൂലം ജോലി നഷ്ടമായ ദിവസവരുമാനക്കാർക്ക് ഭക്ഷണത്തിന് മുട്ടുണ്ടാകാതിരിക്കാനാണ് നടപടി. 

നീല, വെള്ള കാർഡുകൾ ഉള്ളവർക്ക് എല്ലാം ഈ മാസം 15 കിലോ അരി നൽകാനാണ് തീരുമാനം. ബിപിഎല്ലുകാർക്ക് പ്രതിമാസം 35 കിലോ അരി നൽകുന്നത് തുടരും. ഇവർക്ക് പലവ്യഞ്ജനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റുകളും സൌജന്യമായി നൽകും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് എല്ലാവർക്കും വീട്ടിലേക്ക് അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പടെയുള്ള അവശ്യവസ്തുക്കളടങ്ങിയ ഭക്ഷ്യകിറ്റ് വീട്ടിലെത്തിച്ച് നൽകും. 

നീലയും വെള്ളയും കാർഡുകളുള്ള എല്ലാവർക്കും ഈ മാസം 15 കിലോ സൌജന്യ അരി നൽകുന്നത് വഴി സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഈ മാസം സർക്കാരിന്റെ ഭാഗത്ത് നിന്ന് സൌജന്യറേഷൻ ലഭിക്കുകയാണ്. 

അതേസമയം, സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് റേഷൻ കടകൾ പ്രവർത്തിക്കുക. ഒരു മണിക്കൂർ ഉച്ചയ്ക്ക് അടച്ചിടും. പിന്നീട് ഉച്ച തിരിഞ്ഞ് രണ്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയും റേഷൻ കടകൾ തുറക്കുമെന്നും സംസ്ഥാനസർക്കാർ അറിയിച്ചു.

അവശ്യസാധനങ്ങൾ വാങ്ങാനുള്ള കടകൾ ഒരു സാഹചര്യത്തിലും അടയ്ക്കില്ലെന്ന് നേരത്തേ സംസ്ഥാനസർക്കാർ വ്യക്തമാക്കിയിരുന്നതാണ്. മെഡിക്കൽ ഷോപ്പുകളും തുറക്കും. സൂപ്പർമാർക്കറ്റുകൾ ഉൾപ്പടെ അത്തരം കടകൾ രാവിലെ 7 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ തുറക്കാവൂ. ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കാസർകോട്ട് നിയന്ത്രണങ്ങൾ കുറച്ചുകൂടി കർശനമാണ്. രാവിലെ 11 മണിക്കേ കടകൾ തുറക്കാവൂ. വൈകിട്ട് 5 മണിയോടെ അടയ്ക്കുകയും വേണം.

Read more: റേഷൻ കടകളുടെ സമയത്തിൽ മാറ്റം, അവശ്യസാധനങ്ങൾ കിട്ടും, അറിയേണ്ടതെല്ലാം