ഇടുക്കി: ഇടുക്കി ജില്ല കൊവിഡ് മുക്തമായെങ്കിലും തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന ശക്തമാക്കി ഇടുക്കി ജില്ലാ ഭരണകൂടം. വനപാതകളിലൂടെ കടന്നുവരുന്നവരെ കണ്ടെത്താൻ ഡ്രോണുകൾ നിരീക്ഷണം നടത്തുന്നുണ്ട്. അതിർത്തി ഗ്രാമങ്ങളിലെ നിരോധനാജ്ഞ മെയ് മൂന്ന് വരെ നീട്ടി.

ഇടുക്കിയുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട് തേനിയിലെ കൊവിഡ് രോഗികളുടെ എണ്ണം  43 ആയി.ഒരാൾ മരിക്കുകയും ചെയ്തു. അതിര്‍ത്തികളിൽ കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും പൊലീസിന്‍റെ കണ്ണുവെട്ടിച്ച് സമാന്തരപാതകളിലൂടെ തമിഴനാട്ടിൽ നിന്ന് ആളുകൾ വന്നുപോകുന്നുണ്ട്. ഈ സാഹര്യത്തിൽ തേവാരംമെട്ട്, ബോഡിമെട്ട്, കുമളി, ചിന്നാർ തുടങ്ങിയ മേഖലകളിൽ ഡ്രോണ് നിരീക്ഷണം ശക്തമാക്കി. 

തമിഴ്നാട്ടിൽ പോയി വന്ന പച്ചക്കറി ലോറികളിലെ 60 ലധികം ഡ്രൈവർമാരെ വീട്ടുനിരീക്ഷണത്തിലാക്കിയിട്ടുമുണ്ട്. ഡ്രൈവർമാരെ നിരീക്ഷണത്തിൽ വിടാത്ത ലോറിഉടമകൾക്കെതിരെ കേസെടുക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലെ 27 വാർഡുകളിൽ നിലവിലുള്ള നിരോധനാജ്ഞ മെയ് മൂന്ന് വരെ നീട്ടി. നെടുങ്കണ്ടം പഞ്ചായത്തിലെ പത്താംവാർഡിലും പുതുതായി 144 പ്രഖ്യാപിച്ചിട്ടുണ്ട്