പത്തനംതിട്ട: സമീപ ജില്ലകളിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ജില്ലാ ഭരണകൂടം. കോട്ടയം അടക്കം സമീപ ജില്ലകളിൽ  രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് ജില്ലാ അതിര്‍ത്തികൾ അടക്കാൻ കളക്ടര്‍ നിര്‍ദ്ദേശിച്ചത്. ഊടുവഴികളും ഇടറോഡുകളും പോലും കണ്ടെത്തി പൂര്‍ണ്ണമായും സീൽചെയ്യാനാണ് നിര്‍ദ്ദേശം. ജില്ല വിട്ടുള്ള യാത്രകൾ  പ്രത്യേക സാഹചര്യത്തിൽ അല്ലാതെ അനുവദിക്കില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. 

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംഘട്ടം തുടങ്ങിയത് തന്നെ പത്തനംതിട്ട ജില്ലയിൽ നിന്നായിരുന്നു. തുടര്‍ന്നിങ്ങോട്ട് രോഗികളുടെ എണ്ണത്തും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും രോഗ വ്യാപന സാധ്യതയുടെ കാര്യത്തിലും എല്ലാം പത്തനംതിട്ട ആദ്യ ലിസ്റ്റിൽ തന്നെ ഉണ്ടായിരുന്നു. അതേസമയം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കി പത്തനംതിട്ട ഇപ്പോൾ കൊവിഡ് രോഗത്തിൽ നിന്ന് കരയറുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് സമീപ ജില്ലകളിൽ നിന്നുള്ള രോഗ വ്യപന സാധ്യത കൂടി മുന്നിൽ കണ്ട് ജില്ലാ ഭരണ കൂടം പ്രതിരോധം ശക്തമാക്കുന്നത്.