തിരുനാവായ കുംഭമേളയുടെ ഭാഗമായുള്ള താത്കാലിക പാലം നിർമാണം റവന്യൂ വകുപ്പ് തടഞ്ഞതിനെ തുടർന്നുണ്ടായ പ്രതിസന്ധിക്ക് പരിഹാരമായി. കളക്ടറും സംഘാടകരും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചു. 

മലപ്പുറം: തിരുനാവായ കുംഭമേളയുമായി ബന്ധപ്പെട്ട് താത്കാലിക നിർമാണങ്ങൾ വീണ്ടും തുടങ്ങി. കളക്ടറും സംഘാടകരും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. നടപ്പാക്കുന്ന ക്രമീകരണങ്ങളുടെ കർമ പദ്ധതി തയ്യാറാക്കി നൽകാൻ കളക്ടർ സംഘടകരോട് ആവശ്യപ്പെട്ടു. തത്കാലിക പാലത്തിന്‍റെ പണി വീണ്ടും തുടങ്ങി.

കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയ്ക്ക് കുറുകെ താത്കാലിക പാലം നിര്‍മിക്കുന്നത് റവന്യൂ വകുപ്പ് തടഞ്ഞതോടെയാണ് പ്രതിസന്ധിയുണ്ടായത്. പുഴ കയ്യേറി പാലമുണ്ടാക്കുന്നത് നദീതീര സംരക്ഷണ നിയമത്തിൻ്റെ ലംഘനമെന്ന് പറഞ്ഞായിരുന്നു നടപടി. ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പ്രശ്നമുണ്ടായത്. പുഴയ്ക്ക് കുറുകെ താത്കാലിക പാലം കെട്ടിയുണ്ടാക്കുന്നത് നിയമ വിരുദ്ധമെന്ന് കാട്ടിയാണ് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയത്. ജനുവരി 18 മുതൽ ഫെബ്രുവരി മൂന്ന് വരെയാണ് തിരുനാവായ മഹാമാഘ മഹോത്സവം.

200 മീറ്ററലധികം നീളമുള്ള പാലം കവുങ്ങിൽ കാലുകൾ നാട്ടിയാണ് നിര്‍മിക്കുന്നത്. ഫിറ്റ്നസ് ഉൾപ്പെടെ പ്രശ്നങ്ങൾ വേറെയുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് സ്റ്റോപ് മെമ്മോ. എന്നാൽ നവംബറിൽ തന്നെ കുംഭമേളയുടെ ഒരുക്കങ്ങൾ സംബന്ധിച്ച് ജില്ലാ ഭരണകൂടത്തെ രേഖമൂലം അറിയിച്ചതാണെന്നും ഇപ്പോഴും തടസ്സപ്പെടുത്തുന്നത് എന്തിനാണെന്നുമാണ് സംഘാടകര്‍ ചോദിച്ചത്. കളക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരമായതോടെ ഉടൻ ഒരുക്കങ്ങൾ പൂർത്തിയാക്കാനാണ് സംഘാടകരുടെ തീരുമാനം.

ജൂന അഖാഡയുടെയും മാതാ അമൃതാനന്ദമയി മഠത്തിന്‍റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നൂറ്റാണ്ടുകൾക്കു മുൻപ് തിരുനാവായയിൽ നടന്നിരുന്ന മഹാമാഘ മഹോത്സവം പൂ‍ര്‍ണാര്‍ത്ഥത്തിൽ തിരികെക്കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സംഘാടകര്‍ വിശദീകരിച്ചു.