തൃശ്ശൂർ: സമ്പർക്കത്തിലൂടെ കൂടുതൽ രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ച തൃശ്ശൂരിൽ അതീവ ജാഗ്രത. എന്നാൽ ജില്ലയിൽ അടച്ചിടൽ വേണ്ടെന്നും കർശന നിയന്ത്രണങ്ങൾ മതിയെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നിരത്തുകളിൽ പൊലീസ് പരിശോധന കർശനമാക്കി. തൃശ്ശൂർ നഗരസഭയുൾപ്പെടെ 10 പ്രദേശങ്ങൾ ഹോട്സ്പോട്ടിലാണ്. ഗുരുവായൂർ ക്ഷേത്രം അടച്ചു. ഇന്ന് നിശ്ചയിച്ചിരുന്ന വിവാഹങ്ങൾ പക്ഷേ നടത്താം. 

രണ്ട് ദിവസത്തിനിടെ 21 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. എങ്കിലും അടച്ചിടൽ വേണ്ട, നിയന്ത്രണങ്ങൾ മതി എന്നാണ് സർക്കാ‍ർ തീരുമാനം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും. 

കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കർശനമായി തുടരും. ഈ പ്രദേശങ്ങളിൽ വരുന്നതിനും പോകുന്നതിനും നിയന്ത്രണമുണ്ട്. അവശ്യ സർവീസുകൾ മാത്രം അനുവദിക്കും. ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ മുൻസിപ്പൽ പരിധിയിലെ മാർക്കറ്റുകൾ അടച്ചിട്ട് ശുചീകരിക്കാനാണ് തീരുമാനം.

''പലപ്പോഴും സാധനങ്ങൾ വാങ്ങാൻ വരുന്ന പല ഇടങ്ങളിലും കുടുംബാംഗങ്ങൾ മുഴുവനായി വരുന്ന പ്രവണത ഇപ്പോഴും ജില്ലയിൽ പല ഇടങ്ങളിലുണ്ട്. ഇത് മാറ്റണം. കർശനമായ നിയന്ത്രണങ്ങളോടെയാണ് ഈ സ്ഥാപനങ്ങളെല്ലാം ഇപ്പോഴും പ്രവർത്തിക്കുന്നത്'', എന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ സി മൊയ്ദീൻ പറയുന്നു. 

ചാവക്കാട് ആശുപത്രിയിൽ മുൻ കരുതലിന്റെ ഭാഗമായി ഓ പി നിർത്തി. വരും ദിവസങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ അതുകൊണ്ടു തന്നെ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കാനുള്ള സാധ്യത ഏറെയാണ്.

തൃശ്ശൂർ ജില്ലയിലെ ഹോട്ട്സ്പോട്ടുകളും കണ്ടെയ്ൻമെന്‍റ് സോണുകളും ഇവയാണ്:

13-06-20-ന് പുതുതായി കൂട്ടിച്ചേർക്കപ്പെട്ട ഹോട്ട്സ്പോട്ടുകൾ: തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, തൃശ്ശൂർ കോർപ്പറേഷന്‍.

മറ്റ് ഹോട്ട്സ്പോട്ടുകളും കണ്ടെയ്ൻമെന്‍റ് സോണുകളും:

അവണൂർ (എല്ലാ വാർഡുകളും), അടാട്ട് (എല്ലാ വാർഡുകളും), ചേർപ്പ് (എല്ലാ വാർഡുകളും), വടക്കേക്കാട് (എല്ലാ വാർഡുകളും), തൃക്കൂർ (എല്ലാ വാർഡുകളും), ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി (1 - 10, 32 - 41 വാർഡുകൾ), വാടാനപ്പിള്ളി (എല്ലാ വാർഡുകളും), ഏങ്ങണ്ടിയൂർ (എല്ലാ വാർഡുകളും), ചാവക്കാട് മുൻസിപ്പാലിറ്റി (1 - 4, 16 - 32 വാർഡുകൾ), തൃശ്ശൂർ നഗരസഭ (24 - 34, 41 വാർഡുകൾ)