തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കൊവിഡ് കേസുകൾ ഉയരുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം പ്രതീക്ഷിച്ചതാണ്. ക്വാറന്‍റീൻ പാലിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. നിരീക്ഷണത്തിൽ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങൾ ലംഘിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ഓര്‍മ്മിപ്പിച്ചു. 

ഹോം ക്വാറന്റീനാണ് സർക്കാർ സംവിധാനത്തേക്കാൾ നല്ലത്. അത് കേന്ദ്രം അംഗീകരിച്ചത് നല്ല കാര്യമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം നേരിടാൻ കേരളം സജ്ജമാണ്. പ്ലാൻ എ , പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെ വിപുലമായ പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.

കേരളത്തിന് പുറത്തുനിന്ന് കൂട്ടത്തോടെ ആളുകളെത്തുമ്പോൾ അവരെവിടെ നിന്ന് വരുന്നു എന്നതടക്കമുള്ള കാര്യങ്ങൾ ക്രോഡീകരിക്കാനും മുൻകരുതലെടുക്കാനും ബുദ്ധിമുട്ടുണ്ടാകും. സർക്കാർ സംവിധാനങ്ങളെ അറിയിക്കാതെ സംഘടനകൾ ആളുകളെ കൊണ്ടുവരുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. നിയമപരമായ ഇടപെൽ ചിലപ്പോൾ വേണ്ടി വരും. എന്നാൽ അത്തരത്തിലുള്ള ഇടപെടൽ ഒഴിവാക്കാൻ അവർ തന്നെയാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറ‍ഞ്ഞു. 

സമൂഹവ്യാപനം ഉണ്ടെന്നതിന് തെളിവൊന്നും ഇതുവരെ കിട്ടിയിട്ടില്ല. അത്തരമൊരു വിലയിരുത്തൽ സംസ്ഥാനത്ത് ഇപ്പോഴില്ലെന്നും കെകെ ശൈലജ വ്യക്തമാക്കി ,