ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 33 ലക്ഷം കടന്നു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 33,10,234 ആയി.  ഇന്നലെ മാത്രം 75,260 പേര്‍ രോഗ ബാധിതരായി. രാജ്യത്തെ ആകെ മരണം അറുപതിനായിരം കടന്നു. 60,472 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.  25,23,772 പേര്‍ രോഗമുക്തി നേടിയെന്നത് അതേ സമയം ആശ്വാസകരമാണ്. ഇന്നലെ  9,24,998 സാമ്പിളുകളാണ് പരിശോധിച്ചത്. 

അതേ സമയം ജമ്മുകശ്മീരിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഡോ. വി.കെ. പോളിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ഇന്ന് സന്ദര്‍ശനം നടത്തും. മുപ്പത്തിനാലായിരത്തിലധികം രോഗബാധിതരുള്ള ജമ്മുകശ്മീരില്‍ പ്രതിദിന രോഗബാധ എഴുനൂറിന് മുകളിലാണ്.

അതിനിടെ പഞ്ചാബില്‍ നാളെ ഏക ദിന നിയമസഭാ സമ്മേളനം ചേരാനിരിക്കേ നടത്തിയ പരിശോധനയില്‍ 23 എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദിര്‍ സിങ്ങ് അറിയിച്ചു. ദില്ലിയിലും രോഗികളുടെ എണ്ണം ഉയരുന്നതോടെ പരിശോധന ഇരട്ടിയാക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിര്‍ദ്ദേശം നല്‍കി.