കണ്ണൂര്‍: ദുബൈയിൽ നിന്നെത്തിയ മലയാളിക്ക് കണ്ണൂരിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ, ഇദ്ദേഹത്തോടൊപ്പം ദുബൈയിൽ താമസിക്കുന്ന ഏഴ് പേര്‍ ഇന്ന് നാട്ടിലെത്തും.  രാത്രി ഒൻപത് മണിക്ക് ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. ഇവിടെ നിന്നും ആംബുലൻസിൽ  കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും.

ഇവ‍ര്‍ക്കൊപ്പമുള്ള അഞ്ച് പേര്‍ നേരത്തെ നാട്ടിലെത്തിയിരുന്നു. ഇവര്‍ ചികിത്സയിലാണ്. കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കരിപ്പൂർ വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലാ കലക്ടർ ജാഫർ മാലികാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാര്‍ക്കും വാഹന ഡ്രൈവര്‍മാര്‍ക്കും മാത്രമാണ് വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി. സ്വീകരിക്കാനോ യാത്രയാക്കാനോ കൂടുതല്‍ പേർക്ക് വിമാനത്താവളത്തിനകത്തേക്കു പ്രവേശിക്കാനാവില്ല.

അതിനിടെ കേരളത്തിൽ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രോഗം സംശയിച്ചിരുന്ന തിരുവനന്തപുരം വെള്ളനാട് സ്വദേശിക്കും, യുകെയിൽ നിന്നെത്തിയ മറ്റൊരു തിരുവനന്തപുരം സ്വദേശിക്കും, വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിൽ താമസിച്ച ഇറ്റലിക്കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മൂവരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക