കാസർകോട്: കൊവിഡ് സ്ഥിരീകരിച്ച കാസർകോട് എരിയാൽ സ്വദേശിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇയാൾ കരിപ്പൂർ വിമാനത്താവളത്തിറങ്ങിയ മാർച്ച് 11 മുതൽ  ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മാർച്ച് 19 വരെയുള്ള ദിവസങ്ങളിലെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടിരിക്കുന്നത്. ചില വിവരങ്ങൾ രോഗി വെളിപ്പെടുത്തിയിരുന്നില്ല, ഈ വിവരങ്ങൾ ഇല്ലാതെയാണ് ഇപ്പോൾ റൂട്ട് മാപ്പ് പുറത്തിറക്കിയിരിക്കുന്നത്. 

മുപ്പതിലധികം സ്ഥലങ്ങളിൽ കൊവിഡ് ബാധിതൻ സന്ദർശിച്ചതായി റൂട്ട് മാപ്പ് പറയുന്നു. ഉച്ചയ്ക്ക് 2.45നാണ് എയർ ഇന്ത്യയുടെ ഐഎക്സ് 344 വിമാനത്തിലാണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്. ഇതിന്  ശേഷം ഓട്ടോയിൽ മലപ്പുറം എയർപ്പോർട്ട് ജംഗ്ഷനിലെ റൂം സാഹിർ റസിഡൻസിയിലേക്ക് പോയി. അവിടെ 603-ാം നമ്പർ മുറിയിൽ താമസിച്ചു. അടുത്തുള്ള ചായക്കടയിൽ നിന്ന് അന്ന് ചായകുടിക്കുകയും തിരിച്ച് ബാഗേജ് പ്രശ്നം പരിഹരിക്കാനായി വിമാനത്താവളത്തിലേക്ക് പോകുകയും ചെയ്തു. 

അതിന് ശേഷം മൈത്രി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം സാഹിർ റസിഡൻസിയിൽ തിരിച്ചെത്തി. പിന്നീട് വീണ്ടും എയ‍ർപോർട്ടിലെത്തി. അവിടെ നിന്ന് തിരിച്ചും പോയി. അടുത്ത ദിവസമാണ് ഓട്ടോയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തുകയും  മാവേലി എക്സ്പ്രസിൽ നാട്ടിലേക്ക് യാത്ര ആരംഭിക്കുകയും ചെയ്തു. 


കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം ഓട്ടോയിൽ വീട്ടിലെത്തി. അടുത്ത ദിവസം രാവിലെ 7.30നാണ് ഇയാൾ വീട്ടിലെത്തിയത്. അതിന് ശേഷം മൈപ്പാടിയിലെ സഹോദരന്‍റെ വീട്ടിലേക്ക് പോയി, വൈകിട്ട് ഗ്രീൻ സ്റ്റാർ ക്ലബ്ബിൽ ചെന്നു. 

13ആം തീയതി ഇയാൾ കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചു. ഏരിയാലിലെ ബാർബർ ഷോപ്പിലെത്തി മുടി മുറിച്ചു. ആസാദ് നഗറിലെ സുഹൃത്തിന്‍റെ വീട്ടിലും സന്ദർശനം നടത്തി. 

ഉച്ചയ്ക്ക് ഏരിയാൽ ജുമാ മസ്ജിദിൽ നിസ്കരിച്ച ശേഷം സിപിസിആർഐക്ക് എതിർവശത്തുള്ള ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. എസ്ബിഐ ബാങ്കിലും പോയി. വൈകിട്ട് വീണ്ടും ഗ്രീൻസ്റ്റാർ ക്ലബ്ബിലെത്തി. 

14-ാം തീയതി മഞ്ഞത്തടുക്കയിലെ ഒരു കല്യാണത്തിൽ പങ്കെടുത്തു. രാത്രി പെട്രോൾ പമ്പിൽ പോയി. അതിന് ശേഷം അടൂരിലെ ഒരു വീട്ടിൽ വിവാഹ ശേഷമുള്ള സൽക്കാരത്തിൽ പങ്കെടുത്തു. 

15-ാം തീയതി മഞ്ഞത്തടുക്കയിൽ  വിവാഹത്തിന് ശേഷമുള്ള സൽക്കാരത്തിൽ പങ്കെടുത്തു. 


16ന് ഒരു പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്തു. അതിന് ശേഷം കുളങ്ങരയിൽ തൊട്ടിൽ കെട്ടൽ ചടങ്ങിലും പങ്കെടുത്തു. 

19-ാം തീയതിയാണ് ഇയാൾ ആശുപത്രിയിൽ അഡ്മിറ്റാവുന്നത്. 

എന്നാൽ ഈ വിവരങ്ങൾ അപൂർണ്ണമാണെന്ന് ജില്ലാ ഭരണകൂടം തന്നെ പറയുന്നു. രോഗി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വാദം. എന്നാ‌ൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും തന്നെ വിളിച്ചവരോട് എല്ലാ വിവരങ്ങളും പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു കാസർകോട് സ്വദേശിയുടെ പ്രതികരണം. 

Read more at: "രണ്ടാഴ്ച വീട്ടിലിരിക്കാൻ പറഞ്ഞു, ഞാനതത്ര കാര്യമാക്കിയില്ല," വിശദീകരിച്ച് കാസർകോട്ടെ രോഗി ...