Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണിൽ വ്യക്തത തേടി കേരളം: കേന്ദ്രത്തിന്‍റെ ഹോട്ട് സ്പോട്ട് വിലയിരുത്തൽ അശാസ്ത്രീയം

ജില്ലകൾ തിരിച്ചല്ല സോണുകൾ അടിസ്ഥാനമാക്കി ഹോട്ട് സ്പോട്ടുകൾ തിരിക്കണം. കേന്ദ്ര നിര്‍ദ്ദേശം ഒരുതരത്തിലും മറികടക്കില്ല. അശാസ്ത്രീയത കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തും. സാലറി ചലഞ്ച് ചര്‍ച്ചയായില്ല. 
covid 19 kerala cabinet decision on lock down relaxations
Author
Trivandrum, First Published Apr 16, 2020, 11:21 AM IST
തിരുവനന്തപുരം:സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകൾ പുനര്‍ നിര്‍ണ്ണയിക്കാൻ മന്ത്രിസഭായോഗത്തിൽ ധാരണ. ഇതിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി തേടും. ജില്ലകളെന്നതിന് പകരം സോണുകളായി തിരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. എന്നാൽ കേന്ദ്ര നിര്‍ദ്ദേശം ഒരു തരത്തിലും മറികടക്കുന്ന തീരുമാനങ്ങൾ സംസ്ഥാനത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന ജാഗ്രതയും തീരുമാനങ്ങൾക്ക് പിന്നിലുണ്ട്. 

ഇളവുകൾ ഏര്‍പ്പെടുത്തുകയാണെങ്കിലും അത് ഏപ്രിൽ ഇരുപതിന് ശേഷം മാത്രമെ നടപ്പാക്കു. ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയുന്ന തരത്തിൽ ഒരു തീരുമാനത്തിനും നിലവിൽ സാധ്യതയില്ലെന്നും മന്ത്രിസഭായോഗം വിലയിരുത്തി. 

നിലവിൽ കേന്ദ്രത്തിന്‍റെ ഹോട് സ്പോട്ട് തരം തിരിക്കൽ അശാസ്ത്രീയം എന്നാണ് വിലയിരുത്തൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗ വ്യാപന നിരക്ക് കൂടുതലുള്ളത്. അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധയും ജാഗ്രതയും ഈ മേഖലയിൽ ഉണ്ടാകേണ്ടതുണ്ട് .

കേന്ദ്ര ലിസ്റ്റിൽ കോഴിക്കോട് ഗ്രീൻ ലിസ്റ്റിലും നിലവിൽ ഒരു കൊവിഡ് രോഗി മാത്രമുള്ള വയനാട് റെഡ് സോണിലുമാണ്. ഈ ആശയക്കുഴപ്പം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തി പരിഹരിക്കാനാണ് ധാരണ. ദേശീയ തലത്തിൽ നിന്ന് തീര്‍ത്തും വ്യത്യസ്ഥമാണ് കേരളത്തിന്‍റെ രോഗ വ്യാപന നിരക്കെന്ന വിലയിരുത്തലിലാണ് സംസ്ഥാന സര്‍ക്കാര്‍. 

അതേ സമയം കയര്‍,കൈത്തറി , കശുവണ്ടി, ബിഡി തൊഴിൽ മേഖലകളിൽ ഇളവിനപ്പുറം വലിയ ഇളവുകൾ പ്രഖ്യാപിക്കുന്ന കാര്യമൊന്നും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം പരിഗണിച്ചില്ല.  സാലറി ചലഞ്ച് അടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയായില്ലെന്നാണ് വിവരം




കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  
Follow Us:
Download App:
  • android
  • ios