തിരുവനന്തപുരം: കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന മലയാളി നഴ്‍സുമാർ ദില്ലിയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോള്‍ നേരിടുന്ന ബഹിഷ്കരണം ദില്ലിയില്‍ കൊവിഡ് 19 രോഗികളെ ചികിത്സിക്കുന്ന മലയാളി നഴ്സുമാർ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ദില്ലി സർക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി പ്രശ്‍നം പരിഹരിക്കാന്‍ ശ്രമിക്കും' എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

ദില്ലി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരും നഴ്സുമാരും നേരിടുന്ന ആക്രമണവും വിവേചനവും വലിയ ചർച്ചയായിരുന്നു. 

കേരളത്തിന് ആശ്വാസ ദിനം

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. സമ്പർക്കം മൂലമാണ് കണ്ണൂർ ജില്ലയിലെ ആള്‍ക്ക് രോഗം പിടിപെട്ടത്. അതേസമയം ഏഴ് പേർക്ക് നെഗറ്റീവായി എന്നതും ആശ്വാസമാണ്. കാസർകോട് 4, കോഴിക്കോട് 2, കൊല്ലം 1 എന്നിങ്ങനെയാണ് രോഗം ഭേദമായത്. സംസ്ഥാനത്ത് ഇതുവരെ 387 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 167 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേർക്ക് രോഗം ഭേദമായത് കേരളത്തിലാണ്. 218 പേർക്ക് രോഗം പൂർണമായും ഭേദമായതായി മുഖ്യമന്ത്രി അറിയിച്ചു.