Asianet News MalayalamAsianet News Malayalam

കേരളത്തിൽ കൊവിഡ് മുക്തി ഏറ്റവും ഉയര്‍ന്ന ദിനം; 1234 പേര്‍ക്ക് രോഗമുക്തി, 1195 പുതിയ രോഗികള്‍, 7 മരണവും

ഇന്ന് ഏഴ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്ന് വന്ന 66 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 125 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

covid 19 kerala daily update by chief minister pinarayi vijayan
Author
Trivandrum, First Published Aug 5, 2020, 6:01 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1234 പേർ രോഗമുക്തി നേടി. രോഗം ബാധിച്ച 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 79 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് ഏഴ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്ന് വന്ന 66 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 125 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. 13 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 

ഏഴ് മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് ചോമ്പാല സ്വദേശി പുരുഷോത്തമൻ (66), കോഴിക്കോട് ഫറോക്ക് സ്വദേശി പ്രഭാകരൻ(73), കോഴിക്കോട് കക്കട്ടിൽ സ്വദേശി മരയ്ക്കാർ കുട്ടി (70), കൊല്ലം വെളിനല്ലൂർ സ്വദേശി അബ്ദുൾ സലാം (58), കണ്ണൂർ ഇരിക്കൂർ സ്വദേശി യശോദ (59), കാസർകോട് ഉടുമ്പുത്തല അസൈനാർ ഹാജി (76), എറണാകുളം തൃക്കാക്കര ജോർജ് ദേവസി (86) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 94 ആയി.

പോസിറ്റീവായവർ ജില്ല തിരിച്ചുള്ള കണക്ക്:

  1. തിരുവനന്തപുരം - 274
  2. മലപ്പുറം - 167
  3. കാസർകോട് - 128
  4. എറണാകുളം - 120
  5. ആലപ്പുഴ - 108
  6. തൃശ്ശൂർ - 86
  7. കണ്ണൂർ - 61
  8. കോട്ടയം - 51
  9. കോഴിക്കോട് - 39
  10. പാലക്കാട് - 41
  11. ഇടുക്കി - 39
  12. പത്തനംതിട്ട - 37
  13. കൊല്ലം - 30
  14. വയനാട് - 14

രോഗമുക്തി ജില്ല തിരിച്ച്: 

  1. തിരുവനന്തപുരം - 528
  2. കൊല്ലം - 49
  3. പത്തനംതിട്ട - 46
  4. ആലപ്പുഴ - 60
  5. കോട്ടയം - 47
  6. ഇടുക്കി - 58
  7. എറണാകുളം - 35
  8. തൃശ്ശൂർ - 51
  9. പാലക്കാട് - 13
  10. മലപ്പുറം - 77
  11. കോഴിക്കോട് - 72
  12. വയനാട് - 40
  13. കണ്ണൂർ - 53
  14. കാസർകോട് - 105

കഴിഞ്ഞ 24 മണിക്കൂറിൽ 25,096 സാമ്പിളുകൾ പരിശോധിച്ചു. 1,47,074 പേർ നിരീക്ഷണത്തിലുണ്ട്. 11,167 പേർ ആശുപത്രികളിലാണ്. 1444 പേരെയാണ് ഇന്ന് ആശുപത്രിയിലാക്കിയത്. ഇത് വരെ ആകെ 4,17,939 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 6449 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇത് കൂടാതെ സെന്‍റിനൽ സർവൈലൻസ് വഴി 1,30,614 സാമ്പിളുകൾ ശേഖരിച്ചു. 1950 സാമ്പിളുകളുടെ ഫലം ഇതിൽ വരാനുണ്ട്. സംസ്ഥാനത്ത് നിലവിൽ 515 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 

മുഖ്യമന്ത്രിയുടെ വാക്കുകൾ :

തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 274-ൽ 248 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിൽ രോഗവ്യാപന സാധ്യത കുറയുന്നു. അപകടാവസ്ഥ കുറഞ്ഞിട്ടില്ല. ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളിൽ ഇന്നലെ 2011 കൊവിഡ് പരിശോധന നടന്നു. ഇതിൽ 203 പോസിറ്റീവായി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി എന്നിവിടങ്ങൾ ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാ‍ർജ് ക്ലസ്റ്ററുകളായേക്കാം. ഓഗസ്റ്റ് 5,6 തീയതികളിൽ മത്സ്യബന്ധനത്തിന് പോകരുത്. അതിന്‍റെ അടിസ്ഥാനത്തിൽ അനുമതി റദ്ദാക്കി. ഇത് ഏഴാംതീയതിയിലേക്ക് മാറ്റി.

പത്തനംതിട്ട ജില്ലയിൽ തെരുവിൽ അലഞ്ഞുനടക്കുന്ന സ്ത്രീക്കും ദന്തൽ ക്ലിനിക്കിലെ സ്ത്രീക്കും ഉറവിടം വ്യക്തമായിട്ടില്ല. അതിനാൽ ഉറുമുറ്റത്ത് ലിമിറ്റഡ് ക്ലസ്റ്ററുണ്ടായി. ആലപ്പുഴയിലെ ക്ലോസ്ഡ് ക്ലസ്റ്ററായ ഐടിബിപി മേഖല നിയന്ത്രണത്തിലായി വരവെ ഇന്നലെ പുതുതായി 35 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതര സംസ്ഥാനത്ത് നിന്ന് വന്ന ഉദ്യോഗസ്ഥർക്കാണ് രോഗം. ജൂലൈ 7-ന് ജലന്ധറിൽ നിന്ന് വന്ന 50 പേരിൽ 35 പേർക്കാണ് രോഗം. ഈ ടീമിനെ ജില്ലയിലെത്തിയ ഉടൻ ക്വാറന്‍റൈൻ ചെയ്തിരുന്നു. സമ്പർക്കമുണ്ടായിട്ടില്ല. നൂറനാട് ഐടിബിപി ക്യാമ്പിലേക്ക് പുതുതായി ഉദ്യോഗസ്ഥരെ അയക്കരുതെന്ന് ആവശ്യപ്പെട്ടു.

എറണാകുളത്തെ ആലുവ ക്ലസ്റ്ററിലും ഫോർട്ട് കൊച്ചി മേഖലയിലും രോഗവ്യാപനം തുടരുന്നു. അങ്കമാലി, തൃക്കാക്കര, ഇടപ്പള്ളി മേഖലകളിലും കഴിഞ്ഞ ദിവസം കൂടുതൽ പേർക്ക് രോഗം കണ്ടെത്തി. ഫോർട്ട് കൊച്ചിയിൽ ക‍ർഫ്യൂ ആണ്. ജില്ലയിൽ 82 സ്വകാര്യ ആശുപത്രികളാണ് കൊവിഡ് പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുള്ളത്. മെഡിക്കൽ കോളേജിൽ ഉള്ള 9 പേരുടെ നില ഗുരുതരമാണ്.

തൃശ്ശൂർ ജില്ലയ്ക്ക് പുറത്തുള്ള പട്ടാമ്പിയിൽ നിന്ന് സമ്പർക്കരോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്കയാണ്. പാലക്കാട്ടെ ആദിവാസികോളനികളിൽ പ്രതിരോധപ്രവർ‍ത്തനങ്ങൾ നടക്കുന്നു. പുറത്തുനിന്ന് ആളുകൾ വരുന്നത് തടയും. പറമ്പിക്കുളം ഉൾപ്പടെയുള്ള മേഖലകളിൽ പരിശോധന നടക്കുന്നു. അട്ടപ്പാടിയിലെ കൊവിഡ് ബാധിതർക്കായി 420 കിടക്കകളോടെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ സജ്ജമാക്കി.

വയനാട് രണ്ട് പട്ടികവർഗ കോളനികളിലുമായി 9 പേർക്ക് രോഗം കണ്ടെത്തി. സമീപ പ്രദേശങ്ങളിൽ പരിശോധന കർശനമാക്കി. കണ്ണൂർ മെഡിക്കൽ കോളേജിലെ സ്ഥിതി മെച്ചപ്പെട്ടു. 90 ആരോഗ്യപ്രവർത്തകർ ഉൾപ്പടെ 125 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇപ്പോഴിവിടെ 93 കേസുണ്ട്. കൊവിഡിതര ചികിത്സയ്ക്കുള്ള ഒപി നിയന്ത്രണം തുടരും.

കൊവിഡ് പ്രതിരോധത്തിൽ പൊലീസിന് പിടിപ്പത് പണി എന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. അതേ സ്ഥാപനം തന്നെ അധികച്ചുമതല ഏൽപിച്ചതിൽ പൊലീസിൽ പ്രതിഷേധം എന്നും റിപ്പോർട്ട് ചെയ്തു. ഇതിൽ കാര്യങ്ങൾ വ്യക്തമാണ്. കൊവിഡ് പ്രതിരോധത്തിൽ എല്ലാ ഘട്ടത്തിലും ആരോഗ്യപ്രവർത്തകരും പൊലീസും തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികളുമുണ്ട്. എന്നാൽ തുടർച്ചയായ അധ്വാനം, വിശ്രമമില്ലായ്മ എന്നിവ ആരിലും ക്ഷീണമുണ്ടാക്കും. ആരോഗ്യപ്രവർത്തകരിലുമുണ്ട് ഇത്. ഇപ്പോൾ രോഗവ്യാപനഘട്ടമാണ്. ആദ്യഘട്ടത്തിലുണ്ടായ ദൗത്യരീതിയല്ല ഇപ്പോൾ. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ കൂടുന്നു. പ്രൈമറി കോണ്ടാക്ടുകളും കൂടി. കോണ്ടാക്ട് ട്രേസിംഗ് കൂടുതൽ വിപുലമായി. നമ്മുടെ നാട്ടിൽ CFLTC-കൾ സ്ഥാപിച്ചതോടെ ആ രംഗത്തും ശ്രദ്ധിക്കേണ്ടി വരുന്നു. മൊബൈൽ യൂണിറ്റുകൾ, ടെസ്റ്റിംഗ് എല്ലാം കൂട്ടി.

വീടുകളിൽ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുമ്പോൾ വീണ്ടും ജോലി ഭാരം കൂടും. ആ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരെ സഹായിക്കണം. സമ്പർക്കം കണ്ടെത്താൻ സാങ്കേതിക സംവിധാനങ്ങൾ കൂടി ഉപയോഗിക്കുന്നു. ആരോഗ്യപ്രവർത്തകർ വിശ്രമരഹിതമായി ജോലി ചെയ്യുമ്പോൾ, പൊലീസിനെക്കൂടി ഇതിന്‍റെ ഭാഗമാക്കുന്നു. ഇവരുടെ ജോലിയല്ല പൊലീസ് ചെയ്യുക. ആ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമമുണ്ട്. പൊലീസിന് അധികജോലിയുണ്ട്. ആരോഗ്യസംവിധാനത്തെ സഹായിക്കുക എന്നതാണത്. ആ തീരുമാനം തെറ്റിദ്ധാരണ സൃഷ്ടിക്കുംവിധം പ്രചരിപ്പിച്ചാൽ എങ്ങനെയുണ്ടാകും? അപൂർവം ചിലർക്ക് ഒരു മാനസികാവസ്ഥയുണ്ട്. എങ്ങനെയെങ്കിലും രോഗവ്യാപനം വലുതാകണം. അത്തരം മാനസികാവസ്ഥയുള്ളവർക്ക് മാത്രമേ ഈ നിലപാടിനെ ആക്ഷേപിക്കാനാകൂ.

ആരോഗ്യപ്രവർത്തകരുടെ ഇടപെടലുകൾ, ത്യാഗപൂർവമായ സേവനം, എന്നിവയെക്കുറിച്ചറിയാത്ത ആരുമില്ല. എല്ലാ ഘട്ടത്തിലും അവരെ അഭിനന്ദിക്കുകയും സഹായം നൽകണമെന്ന നിലപാട് സ്വീകരിക്കുകയുമല്ലേ സർക്കാർ ചെയ്തത്? ഈ വാർത്താസമ്മേളനത്തിൽ പോലും പലപ്പോഴും ഇത് പറഞ്ഞു.

റിവേഴ്സ് ക്വാറന്‍റീനിൽ കഴിയേണ്ട നിരവധിപ്പേരുണ്ട്. അവരുടെ ചികിത്സയിൽ കൂടുതൽ ശ്രദ്ധ വേണം. ഒപ്പം, കോണ്ടാക്ട് ട്രേസിംഗും വേണം. ഇതൊക്കെ ഒരു കൂട്ടർക്ക് മാത്രമായി പറ്റില്ല. മനുഷ്യരല്ലേ? അവരും തളരില്ലേ? അതിനാലാണ് മറ്റ് രീതിയിലുള്ള സഹായം പൊലീസ് വഴി എത്തിക്കുന്നത്.

ഒരുപാട് യാത്ര ചെയ്തവരുണ്ടാകാം. അവരുടെ സമ്പർക്കപ്പട്ടിക വിപുലമാകും. സൈബർ സഹായം ഉൾപ്പടെ വേണ്ടി വരാം. മൊബൈൽ സേവനദാതാക്കളെ ബന്ധപ്പെടേണ്ടി വരും. ഇതിൽ പൊലീസിന് കൂടുതൽ ഇടപെടാനാകും. ഇപ്പോൾ നമുക്ക് മുന്നിലുള്ളത് ഗൗരവമേറിയ ദൗത്യമാണ്. ഇത് വരെ സമ്പർക്കവ്യാപനം അന്വേഷിച്ച് കണ്ടെത്തിയതും രോഗസാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്ത ഹെൽത്ത് ഇൻസ്പെക്ടർമാരെ പൊലീസ് സഹായിച്ചിരുന്നു. ഉത്തരവാദിത്തം ഇപ്പോൾ കൂടുതലായി പൊലീസിനെ ഏൽപിക്കുന്നുവെന്ന് മാത്രം. അതിൽ തെറ്റിദ്ധാരണ വേണ്ടതില്ല.

കോണ്ടാക്ട് ട്രേസിംഗ് മികച്ച രീതിയിൽ നടത്തിയേ തീരൂ. ആരോഗ്യപ്രവർത്തകരെ പൂർണമായി ഒഴിവാക്കിയെന്ന തോന്നലിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. സംസ്ഥാനത്തെ പൊലീസ് രാജാക്കാൻ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്. ഇത് എന്ത് കണ്ടിട്ടാണ് ഈ ആക്ഷേപം? ഒരു വശത്ത് ആരോഗ്യപ്രവർത്തകരെ ആക്ഷേപിക്കുന്നുവെന്ന് പറയുക. മറുപക്ഷത്ത് പൊലീസ് ഇടപെടൽ മരവിപ്പിക്കുക. ഇതോടെ കൊവിഡ് സംസ്ഥാനത്ത് പടർന്നുപിടിക്കും. ഇതറിയാത്ത ആളാണോ പ്രതിപക്ഷനേതാവ്? എന്തിനാണ് ഈ ഇരട്ടമുഖം? പല തരത്തിലുള്ള പ്രതീക്ഷയോടെ ഇരുന്ന ആളുകളുണ്ടല്ലോ? പ്രളയം വരും, വരൾച്ച വരുമെന്നൊക്കെ. ഇവരിൽ നിന്ന് വേറെന്ത് പ്രതീക്ഷിക്കാനാണ്? കൊവിഡ് പ്രതിരോധം കൂടുതൽ ശക്തമായി മുന്നോട്ടുപോകുക എന്നതാണ് സർക്കാർ ലക്ഷ്യം. നമ്മളേറെ മുന്നിലാണ്. എന്നിട്ടും പറയുന്നു, സർക്കാർ പരാജയപ്പെട്ടുവെന്ന്. ആരോടാണിത് പറയുന്നത്? ജനങ്ങളോടോ? ജനങ്ങളിൽ എല്ലാവരുമില്ലേ? ഏതെങ്കിലും ഒരു വിഭാഗക്കാർ മാത്രമാണോ ഉള്ളത്?

സ്വാധീനിക്കാനാവുന്നവരെ അടർത്തിമാറ്റുക, അവരിൽ സംശയമുണ്ടാക്കുക, ആ പ്രവർത്തനത്തിൽ സജീവമാകാതിരിക്കാൻ പ്രേരിപ്പിക്കുക, അതാണോ ഇപ്പോൾ ചെയ്യേണ്ടത്? ഈ നാടിന്‍റെ അനുഭവം കണ്ടല്ലോ. ജനങ്ങൾ ഒരുമയോടെ കൊവിഡ് പ്രതിരോധത്തിൽ അണിനിരക്കുന്നു. ആക്ഷേപങ്ങൾക്ക് വിലകൽപിച്ചെങ്കിൽ ഇന്നത്തെ കാഴ്ചയുണ്ടാകുമോ? ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ട്. പ്രതിപക്ഷം ആരോപണങ്ങൾ ഉയർത്തിക്കൊണ്ടേയിരിക്കും. വിമർശനങ്ങളെ പോസിറ്റീവായി എടുക്കണമെന്ന് പ്രതിപക്ഷം പറഞ്ഞു. നല്ല കാര്യം. അത് തള്ളിക്കളയുന്ന സർക്കാരല്ല ഇത്. പക്ഷേ തെറ്റായ പ്രചാരണങ്ങളും കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്. കെട്ടുകഥകൾ ചുമന്നുകൊണ്ടുവന്നാൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ല. അത് ചുമക്കുന്നവർ തന്നെ പേറണം.

കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവർക്കും ഗുരുതര രോഗങ്ങളില്ലാത്തവർക്കും വീട്ടിൽ ചികിത്സയെന്ന നിർദേശം കഴിഞ്ഞയാഴ്ച അംഗീകരിച്ചിരുന്നു. വിദഗ്ധോപദേശം അടക്കം തേടിയാണ് ഇത് സ്വീകരിച്ചത്. ചിലർ ഇതിനെ വളച്ചൊടിച്ചു. സംസ്ഥാനം ചികിത്സയിൽ നിന്ന് പിന്മാറുന്നുവെന്നായിരുന്നു പ്രചാരണം. അതേ തരം പ്രചാരണമാണ് പൊലീസിന്‍റെ കാര്യത്തിലും നടക്കുന്നത്.

മറ്റൊരു രീതിയിൽ ഇതിനെ വളച്ചൊടിക്കുന്നത് നമ്മുടെ പ്രതിരോധത്തെയാണ് തളർത്തുന്നതെന്ന് തിരിച്ചറിഞ്ഞാൽ നന്ന്. അപകടത്തിലാക്കുന്നത് സമൂഹത്തെയാണ്. ഇതിൽ ആരോഗ്യപ്രവർത്തകർ വീണ് പോകരുത്. കോണ്ടാക്ട് ട്രേസിംഗിനായി എസ്ഐമാരുടെ നേതൃത്വത്തിലുള്ള ടീം പൊലീസ് സ്റ്റേഷനുകളിൽ പ്രവർത്തിച്ച് തുടങ്ങി. കണ്ടെയ്ൻമെന്‍റ് സോണുകളിൽ പൊലീസ് മോട്ടോർസൈക്കിൾ ബ്രിഗേഡുകളുടെ സേവനം ശക്തിപ്പെടുത്തി.

കണ്ടെയ്ൻമെന്‍റ് സോണല്ലാത്ത ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് പരിശോധിക്കുന്നതിനടക്കം വാഹനപരിശോധന നടത്തും. സമൂഹഅകലം പാലിക്കാത്തത് പരിശോധിക്കും. മാസ്ക് ധരിക്കാത്ത 7300 സംഭവങ്ങൾ ഇന്ന് റജിസ്റ്റർ ചെയ്തു. ക്വാറന്‍റീൻ ലംഘിച്ച 4 പേർക്കെതിരെ കേസെടുത്തു.

കടലാക്രമണം സംബന്ധിച്ച് വിവിധ വകുപ്പുകൾ ചേർന്ന് ചർച്ച ചെയ്ത് നടപടികളെടുക്കും. നിലവിൽ അനുമതി നൽകിയ പദ്ധതികൾ വേഗം പൂർത്തിയാക്കും. കടലാക്രമണം തടയാൻ അടിയന്തരപ്രവൃത്തികൾക്ക് പണം അനുവദിച്ചിട്ടുണ്ട്. പൊന്നാനിയിൽ സമ്പൂർണ കടൽഭിത്തി നിർമ്മിക്കണമെന്ന ആവശ്യം പരിഗണനയിലാണ്. ശംഖുമുഖം റോഡ് സംരക്ഷിക്കാനും നടപടിയെടുക്കും. മഴ കനക്കുകയാണ്. കേന്ദ്രവകുപ്പ് അതി തീവ്രമഴ പ്രവചിച്ചിട്ടുണ്ട്.

ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, പാലക്കാട് എന്നീ ജില്ലകളിൽ അതിതീവ്രമഴ വരുന്ന നാല് ദിവസങ്ങളിൽ സാധ്യതയുള്ളത്. ഇതോടൊപ്പം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ട്. തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടങ്ങളോട് നിർദേശിച്ചു. റെഡ് അലർട്ട് ഉള്ള ഉരുൾപൊട്ടൽ മേഖലകളിൽ ഉള്ളവരെ മാറ്റും. നീലഗിരി കുന്നുകളിൽ അതി തീവ്രമഴ പെയ്താൽ വയനാട്, പാലക്കാട് എന്നീ ജില്ലകളിൽ അപകടസാധ്യത കൂട്ടും. ഇടുക്കിയിൽ മഴ പെയ്താൽ അത് എറണാകുളത്തെയും ബാധിക്കും. പ്രവചനാതീതമായ സ്ഥിതിയാണ്. മുന്നറിയിപ്പുകളെ ഗൗരവത്തിൽ കാണണം. നിലവിൽ മഴയില്ലെങ്കിൽ മുന്നറിയിപ്പ് അവഗണിക്കരുത്. പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് കാര്യമായി കൂടിയിട്ടില്ല.

വൈദ്യുതവകുപ്പിന്‍റെ പെരിങ്ങൽക്കുത്ത്, കല്ലാർകുട്ടി, ലോവർ പെരിയാർ എന്നീ അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കു വിടുന്നുണ്ട്. ജലവകുപ്പിന്‍റെ അണക്കെട്ടുകളിലും വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. മണിമലയാറിൽ മാത്രമാണ് വെള്ളം വാണിംഗ് ലെവലിന് തൊട്ടടുത്തുള്ളത്. എങ്കിലും ജലനിരപ്പ് പെട്ടെന്ന് കൂടിയേക്കാം.

കനത്ത മഴയും കാറ്റും വന്നാൽ മരങ്ങൾ കടപുഴകിയേക്കാം. ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നാൽ സാമൂഹിക അകലം പാലിക്കും. ക്വാറന്‍റീനിലുള്ളവർ, രോഗലക്ഷണമുള്ളവർ, കൊവിഡ് മൂലം കൂടുതൽ അപകടസാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചാകും ക്യാമ്പുകൾ. നദികളിലോ ജലാശയങ്ങളിലോ ഇറങ്ങരുത്. കാഴ്ച കാണാനും പോകരുത്. കൂട്ടം കൂടി നിൽക്കുകയും പാടില്ല. തീരദേശവാസികൾ ജാഗ്രത പാലിക്കണം.

കഴിഞ്ഞ ദിവസം സിവിൽ സർവീസ് ഫലം വന്നു. കേരളത്തിൽ നിന്ന് അമ്പതിലധികം ഉദ്യോഗാർത്ഥികൾ റാങ്ക് ലിസ്റ്റിൽ വന്നു. ആദ്യനൂറ് റാങ്കിൽ പത്ത് മലയാളികൾ ഉൾപ്പെട്ടു. അഭിമാനകരമായ നേട്ടം. വിജയികളായ എല്ലാവർക്കും അഭിനന്ദനം.

ഇന്ന് മന്ത്രിസഭായോഗം ചേർന്നിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികൾക്ക് 5000 രൂപ വീതം ധനസഹായം നൽകാൻ ദുരിതാശ്വാസനിധിയിൽ നിന്ന് നോർക റൂട്ട്സ് വഴി അനുവദിക്കും. നേരത്തേയുള്ള എട്ടരക്കോടിക്ക് പുറമേയാണ്. എൻഎച്ച്എം കരാർ, ദിവസവേതന പ്രവർത്തകർക്ക് കൂടുതൽ ആനുകൂല്യങ്ങളും ഇൻസെന്‍റീവും റിസ്ക് അലവൻസും നൽകും. 22 കോടി 68 ലക്ഷം രൂപ അധികമായി അനുവദിക്കും. മെഡി. ഓഫീസർ, സ്പെഷ്യലിസ്റ്റ് എന്നിവർ ഗ്രേഡ് 1-ലാണ്. ഇവരുടെ വേതനം 50,000 ആക്കും. സീനിയർ കൺസൾട്ടന്‍റ്, ആയുഷ് ഡോക്ടർമാർ അടക്കമുള്ള ക്യാറ്റഗറിക്ക് 20 ശതമാനം അലവൻസ്. സ്റ്റാഫ് നഴ്സ് എന്നിവരടങ്ങുന്ന മൂന്നാം കാറ്റഗറിക്ക് കുറഞ്ഞത് 13,500 ആണ് ഇവരുടെ വേതനം. ഇത് 20,000 ആക്കി കൂട്ടും. 25 ശതമാനം റിസ്ക് അലവൻസും നൽകും. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് 30 ശതമാനം റിസ്ക് അലവൻസ്. പുതുതായി നിയമിച്ചവർക്കും ഇത് നൽകും.

2020-21 വർഷം സർക്കാർ, എയ്ഡഡ്, ഹയർ സെക്കന്‍ററി കോഴ്സുകളിൽ മാർജിനൽ സീറ്റ് വർദ്ധനയുണ്ടാകും. കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ 20 ശതമാനവും മറ്റ് ജില്ലകളിൽ 10 ശതമാനവുമാണ് കൂട്ടുക. വർദ്ധിപ്പിക്കുന്ന സീറ്റുകളിൽ സർക്കാരിന് ബാധ്യത ഉണ്ടാകാതെ നിലവിലുള്ള ഏകജാലകം വഴിയാകും പ്രവേശനം. അൺഎയ്ഡഡ് സ്കൂളുകളിൽ ഈ വർദ്ധനവില്ല.

നാഷണൽ ഹെൽത്ത് മിഷൻ സമർപ്പിച്ച ഹോസ്പിറ്റൽ മാനേജ്മെന്‍റ് കമ്മിറ്റികൾക്കുണ്ടായ വരുമാനനഷ്ടം കണക്കിലെടുത്ത് 36 കോടി 36 ലക്ഷം രൂപ അനുവദിച്ചു. 2018 മഹാപ്രളയത്തിൽ നഷ്ടമുണ്ടായ വ്യാപാരിക്ഷേമബോ‍ർഡ് അംഗങ്ങളല്ലാത്ത വ്യാപാരികൾക്ക് 5000 രൂപ വീതം ധനസഹായം നൽകും. റവന്യൂ അതോറിറ്റി, ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലെ അതോറിറ്റി എന്നിവരുടെ നിർദേശത്തോടെയാകും സഹായം. ഫാക്ടറികളിൽ സ്ത്രീകൾക്ക് രാത്രി ജോലി ചെയ്യുന്നതിന് ഓർഡിനൻസ് കൊണ്ടുവരും. സഹകരണ വകുപ്പിൽ 1986 മുതൽ താൽക്കാലി ജോലി ചെയ്യുന്ന 75 കുടിശ്ശിക നിവാരണ ഓഡിറ്റർമാരുടെ തസ്തികകൾ സ്ഥിരപ്പെടുത്തും

Updating.....

Follow Us:
Download App:
  • android
  • ios