തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തീരുമാനം.

സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും ഇനി ഒരറിയിപ്പുണ്ടാകും വരെ അടച്ചതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്ര കുമാറാണ് അറിയിച്ചത്. നിലവിലുണ്ടായിരുന്ന പ്രവേശന വിലക്ക് ഇന്ന് വൈകിട്ട് അവസാനിക്കാനിരിക്കെയാണ് സംസ്ഥാന വൈൽഡ് ലൈഫ് വാർഡന്റെ തീരുമാനം.

പ്രവേശന വിലക്കിന് പുറമെ, സംസ്ഥാനത്തെ എല്ലാ വനപ്രദേശത്തും ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, വനാതിര്‍ത്തിയിലും അല്ലാതെയുമുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ എന്നിവയ്ക്കും നിരോധനം ബാധകമാണ്.