Asianet News MalayalamAsianet News Malayalam

Covid third wave : ഡെൽറ്റയ്ക്കിടെ കാട്ടുതീ പോലെ ഒമിക്രോൺ, കേരളത്തിൽ ഇത് മൂന്നാം തരംഗം

കൊവിഡ് വ്യാപനത്തിൽ വലിയ ആശങ്കയാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. കർശന ജാഗ്രതയില്ലാതെ ഇനി പറ്റില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിദ്യാഭ്യാസസ്ഥാപനങ്ങൾ കൊവിഡ് ക്ലസ്റ്ററുകളാകുന്നത് വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തി. ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോയ മുഖ്യമന്ത്രി ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. 

Covid 19 Kerala Omicron Spread Third Wave State To Impose More Restrictions Health Minister Veena George Briefs Media
Author
Thiruvananthapuram, First Published Jan 19, 2022, 1:20 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴുള്ളത് കൊവിഡ് മൂന്നാം തരംഗമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് സർക്കാർ. ഡെൽറ്റയുടെ രോഗവ്യാപനം കുറയുന്നതിന് മുമ്പേ വളരെ വേഗത്തിലാണ് ഒമിക്രോൺ പടരുന്നത്. സംസ്ഥാനത്തിപ്പോൾ ഡെൽറ്റ, ഒമിക്രോൺ വ്യാപനം ഉണ്ട്. 

ജനങ്ങളിലെ അശ്രദ്ധയും ജാഗ്രതക്കുറവും ഈ രോഗവ്യാപനത്തിന് കാരണമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ മറ്റൊരു കാരണമാണ്. മൂന്നാഴ്ചയ്ക്കുള്ളിൽ ഈ രോഗവ്യാപനം അതിന്‍റെ ഉന്നതിയിൽ എത്തുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. ഫെബ്രുവരി 15-നകം ഇത് പീക്കിൽ എത്തും. ഇനി വരാനിരിക്കുന്ന ഒരു മാസം നിർണായകമാണ്. പല ജില്ലകളിൽ പല തോതിൽ കേസുകൾ ഉയരും. സംസ്ഥാനസർക്കാർ ഒമിക്രോൺ ടെസ്റ്റ് കിറ്റിന് ടെൻഡർ നൽകിയിട്ടുണ്ടെന്നും, അത് ഉടനടി ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്ത് ഇനി ജനിതകശ്രേണി പരിശോധനയിൽ പ്രസക്തി ഇല്ല. പക്ഷേ പുതിയ വകഭേദങ്ങൾ ഉണ്ടോ എന്നറിയാൻ പരിശോധന തുടരും. ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ തീവ്രവ്യാപനം നടക്കുന്നു. സമൂഹവ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം വ്യക്തമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

ഒമിക്രോൺ വൈറസ് സ്വാഭാവികമായി രോഗപ്രതിരോധശേഷി നൽകുന്ന രോഗബാധയാണെന്നും അത് വാക്സിനേഷന് തുല്യമാണെന്നും ഉള്ള തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നടത്തിയാൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒമിക്രോൺ രോഗബാധ നിസ്സാരമായി കാണേണ്ട ഒന്നല്ല. സംസ്ഥാനത്തിപ്പോൾ ഡെൽറ്റയും ഒമിക്രോണും ഒരേപോലെ വലിയ രീതിയിൽ വ്യാപിക്കുന്നുണ്ടെന്നും, ഒമിക്രോൺ വളരെ വേഗത്തിലാണ് പടരുന്നതെന്നും വീണാ ജോർജ് വ്യക്തമാക്കി. 

ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വേഗത്തിലാണ് ഒമിക്രോൺ വ്യാപിക്കുന്നതെന്നാണ് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകുന്നത്. ആശുപത്രിയിലാകുന്ന രോഗികളുടെ എണ്ണം ഉയരുമെന്ന് തന്നെയാണ് സംസ്ഥാനസർക്കാർ കണക്ക് കൂട്ടുന്നത്. നിലവിൽ സംസ്ഥാനത്ത് ലഭ്യമായ സർക്കാർ, സ്വകാര്യമേഖലയിലെ ഐസിയു കിടക്കകളുടെ കണക്കും വെന്‍റിലേറ്ററുകളുടെ കണക്കും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ 3107 ഐസിയു കിടക്കകൾ ഉണ്ട്. സ്വകാര്യമേഖലയിൽ ഉള്ളത് 7468 ഐസിയു കിടക്കകളാണ്. സർക്കാർ മേഖലയിൽ 2293 വെന്‍റിലേറ്ററുകളും ലഭ്യമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

രുചിയും മണവും ഉണ്ടെന്ന് കരുതി മറ്റ് രോഗലക്ഷണങ്ങളുണ്ടെങ്കിൽ കൊവിഡ് ടെസ്റ്റ് ചെയ്യാതിരിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെടുന്നു. ഒമിക്രോണിൽ 17 ശതമാനം ആളുകൾക്ക് മാത്രമേ രുചിയും മണവും നഷ്ടമാകുന്നുള്ളൂ. ബാക്കിയെല്ലാവർക്കും രുചിയും മണവുമുണ്ട്. ഈ ഘട്ടത്തിൽ N 95 മാസ്കുകൾ തന്നെ ഉപയോഗിക്കണം. അതല്ലെങ്കിൽ ഡബിൾ മാസ്ക് ധരിക്കണം. ഒമിക്രോൺ രോഗവ്യാപനത്തിൽ ഡ്രോപ്‍ലെറ്റുകൾ വഴിയുള്ള രോഗബാധ വളരെക്കൂടുതലാണ്. മാസ്ക് കൃത്യമായി ധരിക്കുന്നതും വാക്സിനേഷനും പരമപ്രധാനമാണ്. ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ഒഴിവാക്കണം. ഇതിനായി സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി വഷളാകുമെന്നും ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. 

ഐസിയുകളും വെന്‍റിലേറ്ററുകളും സജ്ജമാണെന്നതിനൊപ്പം സംസ്ഥാനത്ത് നിലവിൽ 71 മെട്രിക് ടൺ ഓക്സിജൻ ആവശ്യമുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിനായി ഓക്സിജൻ ജനറേറ്ററുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.  

ഒമിക്രോണിന്‍റെ വ്യാപനഘട്ടത്തിൽ മുന്നണിപ്പോരാളികൾക്ക് കൂടുതൽ കൊവിഡ് ബാധയുണ്ടാകുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. പൊലീസുകാർ അടക്കമുള്ളവർക്ക് കൂടുതൽ രോഗബാധയുണ്ടാകുന്നു. ജനുവരിയിൽ ഇത് വരെ മാത്രം 1508 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് ബാധിച്ചത്. ആരോഗ്യപ്രവർത്തകർ ഉടൻ ബൂസ്റ്റർ ഡോസ് എടുക്കണം. 

അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ പൊതുജനം ഒഴിവാക്കണം. അടിയന്തരമല്ലാത്ത ഡോക്ടർ സന്ദർശനം ഒഴിവാക്കി പകരം ടെലിമെഡിസിൻ വഴി ചികിത്സ തേടാം. ഹോം കെയർ കൊവിഡ് വ്യാപനഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. പനിയടക്കമുള്ള ലക്ഷണങ്ങൾ അവഗണിക്കരുത്. അങ്ങനെ ഉള്ളവർ പൊതുസമൂഹത്തിലേക്ക് ഇറങ്ങരുത്. വീടുകളിൽ ഐസൊലേഷൻ ഉറപ്പാക്കണം. പ്രായമുള്ളവരും ഗുരുതരരോഗികളും വളരെ ശ്രദ്ധിക്കണം. വ്യക്തികളിൽ വൈറസ് ഉണ്ടാക്കുന്ന മാറ്റങ്ങൾ പല തരത്തിലാണ്. മൂന്നാഴ്ച കൊണ്ട് ഒമിക്രോൺ കേസുകളിൽ കുത്തനെയാണ് വർദ്ധനയുണ്ടായത്. രണ്ടാം തരംഗത്തേക്കാൾ പ്രതിദിന കേസുകൾ ഉണ്ടാകും എന്ന് തന്നെയാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്. 

സംസ്ഥാനത്ത് ആവശ്യത്തിന് മരുന്ന് ലഭ്യത ഉണ്ടെന്നും, മരുന്ന് ക്ഷാമമുണ്ടെന്നത് തെറ്റായ വാർത്തയാണെന്നും വീണാ ജോർജ് പറയുന്നു. സ്വകാര്യമരുന്ന് കമ്പനികളുടെ സമ്മർദ്ദമാണോ ഇത്തരം വാർത്തകൾക്ക് പിന്നിലെന്ന് സംശയമുണ്ടെന്നും വീണാ ജോർജ്. 

രോഗബാധ അതിന്‍റെ ഏറ്റവും ഉന്നതിയിൽ എത്തുന്നത് വൈകിപ്പിക്കുക എന്നതായിരുന്നു ആദ്യ രണ്ട് തരംഗങ്ങളിൽ സംസ്ഥാനം സ്വീകരിച്ച രീതി. സംസ്ഥാനത്ത് ഡെൽറ്റ വകഭേദം മൂലം ഉണ്ടായ വലിയ രോഗവ്യാപനത്തിന്‍റെ പീക്ക് അവസാനിക്കുന്നതിന് മുമ്പാണ് ഒമിക്രോൺ വ്യാപനമുണ്ടായതെന്ന് വീണാ ജോർജ് പറയുന്നു. അതിനാൽ ജാഗ്രത വേണം. ആദ്യരണ്ട് തരംഗങ്ങളിൽ നിന്ന് വിഭിന്നമാണ് ഇത്തവണ. തുടക്കത്തിൽത്തന്നെ അതിതീവ്രവ്യാപനമാണ് ഉണ്ടാകുന്നത്. അതിനാൽത്തന്നെ അതീവജാഗ്രത അത്യാവശ്യമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കുന്നു. 

'തെറ്റ് ആര് ചെയ്താലും തെറ്റാണ്'

അനുമതിയോട് കൂടിയാണ് സിപിഎം ജില്ലാ സമ്മേളനങ്ങൾ എന്നാണ് ഇതേക്കുറിച്ച് ചോദ്യമുയർന്നപ്പോൾ മന്ത്രി സൂചിപ്പിച്ചത്.  കൊവിഡ് വ്യാപനം കുത്തനെ കൂടുന്നതിനിടെ, സിപിഎം സമ്മേളനങ്ങളിൽ ആൾക്കൂട്ടമുണ്ടായതും, മെഗാ തിരുവാതിര നടത്തിയതും തെറ്റ് തന്നെയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തെറ്റ് ആര് ചെയ്താലും തെറ്റാണ്. പാർട്ടി ഇക്കാര്യം തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചേ ഏത് പരിപാടി നടത്താവൂ എന്ന് ആരോഗ്യവകുപ്പ് നിഷ്കർഷിച്ചിരുന്നതാണ്. എല്ലാവരും ഇത് പാലിക്കണം. സിപിഎമ്മും ഇതിനുള്ള നടപടിയെടുത്തു. 

സിപിഎം സമ്മേളനത്തിൽ പരിപാടികളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ഇല്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കും. ഒമിക്രോണിന്‍റെ അതിതീവ്രവ്യാപനശേഷി തന്നെയാണ് കാരണം. 

ആരോഗ്യവകുപ്പിനും സർക്കാരിനുമെതിരെ തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ വിമർശനമുയർന്നുവെന്ന വാർത്തകൾ വെറും ഊഹാപോഹമെന്നും വീണാ ജോർജ് പറയുന്നു. അത്തരം വിമർശനമുണ്ടായിട്ടില്ലെന്നാണ് മന്ത്രിയുടെ പക്ഷം. ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരെ 
ചിലർക്ക് ചില അജണ്ടകൾ ഉണ്ടാകും. അങ്ങനെ സ്ഥാപിക്കാൻ ശ്രമങ്ങളും ഉണ്ടായേക്കാം. ജില്ലാ സമ്മേളനത്തിൽ വിമർശനം ഉണ്ടായി എന്നത് വെറും പ്രചരണം മാത്രം. അജണ്ടകൾ നിശ്ചയിച്ച് ചിലർ വാർത്തകൾ പ്രതിഷ്ഠിക്കുന്നുവെന്നും ആരോഗ്യമന്ത്രി. 

നിയന്ത്രണങ്ങൾ വരും

ആദ്യതരംഗങ്ങളിലെ സാഹചര്യമല്ല നിലവിലുള്ളതെന്നും, സാഹചര്യങ്ങളെ വിലയിരുത്തിയാകും ഇനി തീരുമാനങ്ങളുണ്ടാകുക എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. വളരെ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പ്രതിപക്ഷം വിമർശിക്കുമെന്നും ആരോഗ്യമന്ത്രി. 

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുമ്പോഴും ആവശ്യത്തിന് ആശുപത്രിക്കിടക്കകളും വെന്‍റിലേറ്ററുകളുമുണ്ടെന്ന് സംസ്ഥാനമന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. കൊവിഡ് രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തിൽ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം കുറവാണെന്നാണ് സർക്കാരിന്‍റെ നിഗമനം.  

കർശനനിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഇനി ഏർപ്പെടുത്തേണ്ടി വരുമെന്നാണ് മന്ത്രിസഭായോഗം നിരീക്ഷിച്ചത്. കോളേജുകൾ അടച്ചിടുന്നത് അടക്കമുള്ള കാര്യങ്ങൾ നാളെ ചേരുന്ന കൊവിഡ് അവലോകനയോഗത്തിൽ തീരുമാനിക്കും. 

കൊവിഡ് വ്യാപനത്തിൽ വലിയ ആശങ്കയാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. കർശന ജാഗ്രതയില്ലാതെ ഇനി പറ്റില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിദ്യാഭ്യാസസ്ഥാപനങ്ങൾ കൊവിഡ് ക്ലസ്റ്ററുകളാകുന്നത് വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തി. 

കോളേജുകൾ അടച്ചിടണം, സർക്കാർ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം കൊണ്ടുവരണം തുടങ്ങിയ നിർദ്ദേശങ്ങളാണ് സജീവ പരിഗണനയിലുള്ളത്. നിയന്ത്രണങ്ങളിൽ നാളെ വൈകീട്ട് അഞ്ച് മണിക്ക് ചേരുന്ന അവലകോന യോഗം തീരുമാനമെടുക്കും. പൊതുസ്ഥലത്തെ കൂട്ടം ചേരലുകളിൽ കൂടുതൽ കർശന നിയന്ത്രണം വരും. രാത്രി കർഫ്യൂവും വാരാന്ത്യ നിയന്ത്രണവും ആലോചനയിലുണ്ട്. 

പത്ത്, പതിനൊന്ന് , പന്ത്രണ്ട് ക്ലാസ്സുകൾ മാത്രമാണ് വെള്ളിയാഴ്ച മുതൽ ഓഫ് ലൈനാകുന്നത്. ഈ ക്ലാസുകളും ഓൺലൈൻ ആക്കണമെന്ന ആവശ്യമുണ്ടെങ്കിലും വാർഷിക പരീക്ഷ ഉള്ളതിനാൽ പെട്ടെന്ന് തീരുമാനമെടുക്കാനിടയില്ല. ഒന്നും രണ്ടും തരംഗത്തെക്കാൾ വ്യാപനം രൂക്ഷമെങ്കിലും ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കുറവാണെന്ന് ആരോഗ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു.  

50 ശതമാനത്തിലേറെ ഐസിയു, വെന്‍റിലേറ്ററുകൾ നിലവിൽ ഒഴിവാണ് എന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. കുട്ടികളുടേതടക്കം വാക്സിനേഷൻ പരമാവധി വേഗത്തിലാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി മയോക്ലിനിക്കിൽ നിന്ന് ഓൺലൈനായാണ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്.  ഇതാദ്യമായാണ് വിദേശത്ത് നിന്നും സംസ്ഥാന മുഖ്യമന്ത്രി ഓൺലൈൻ വഴി ക്യാബിനറ്റിൽ പങ്കെടുക്കുന്നത്. ചികിത്സ നല്ല രീതിയിൽ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി സഹപ്രവർത്തകരെ അറിയിച്ചു.

Follow Us:
Download App:
  • android
  • ios