Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ടൂറിസം നിയന്ത്രണം, എയർപോർട്ടിൽ പരിശോധന: കർശന ജാഗ്രതയിൽ കേരളം

ടൂറിസം കേന്ദ്രങ്ങളിൽ പുതിയ ഓൺലൈൻ ബുക്കിംഗ് സ്വീകരിക്കരുതെന്ന കർശന നിർദേശം. വിദേശസഞ്ചാരികളുടെ കണക്കുമെടുക്കുന്നു. പത്തനംതിട്ടയും എറണാകുളവും ജാഗ്രതയിൽ. 

covid 19 kerala on high alert wide screeing in airports public functions to be avoided
Author
Thiruvananthapuram, First Published Mar 9, 2020, 7:47 PM IST

റാന്നി/ കൊച്ചി/ മൂന്നാർ: ടൂറിസം സീസൺ സജീവമാകാനിരിക്കെ സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലകളിൽ കനത്ത ജാഗ്രത. സംസ്ഥാനത്തേക്ക് വിദേശത്ത് നിന്ന് വരുന്നവരെ കർശനമായി നിരീക്ഷിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിപുലമായ സ്ക്രീനിംഗാണ് നടത്തുന്നത്. ഇടുക്കി ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കനത്ത ജാഗ്രത. വിനോദസഞ്ചാരകേന്ദ്രങ്ങളായ വാഗമൺ, മൂന്നാർ, കുമളി എന്നിവിടങ്ങളിൽ പുതിയ ഓൺലൈൻ ബുക്കിംഗ് സ്വീകരിക്കരുതെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ നിർദേശിച്ചു. ഇടുക്കിയിലുള്ള വിദേശ വിനോദസഞ്ചാരികളുടെ കണക്കെടുത്തുകൊണ്ടിരിക്കുകയാണ്. എറണാകുളത്ത് കൊവിഡ് 19 ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെ സാമ്പിളുകളുടെ പരിശോധനാ ഫലം വൈകാതെ ലഭിച്ചേക്കും. 

അതേസമയം, കോവിഡ് 19 സ്ഥീകരിച്ച പത്തനംതിട്ടയിൽ 10  പേരെക്കൂടി ഐസൊലേഷൻ വാർഡുകളിലേക്ക്  മാറ്റി. 13 സാംപിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേക്ക്  ജില്ലയിലെ സ്കൂൾ വാർഷികങ്ങളും സാംസ്കാരിക പരിപാടികളും  റദ്ദാക്കി. മതപരമായ ചടങ്ങുകളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനും നിർദേശം നൽകി.

ഇതിനിടെ, ജയിൽ സന്ദർശനങ്ങൾ നിയന്ത്രിക്കണമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നിർദേശിച്ചു. സംസ്ഥാനത്തെ പൊലീസ് സേനയ്ക്കും മാസ്കുകളും സാനിറ്റൈസറുകളും നൽകാൻ തീരുമാനിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റയും അറിയിച്ചു. 

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പൊലീസ് കർശനനടപടി സ്വീകരിക്കും. ഹൈ ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബർ ഡോം,  സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, എല്ലാ ജില്ലകളിലെയും സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് നിര്‍ദ്ദേശം നല്‍കിയത്. 

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ രണ്ടും തൃശൂര്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഒപ്പം, കൊവിഡ് ബാധയെക്കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുള്ള ജില്ലകളിലെ താമസ സ്ഥലങ്ങളിലേക്ക് അവധിക്ക് പോയിട്ടുള്ള വിദ്യാർത്ഥികളുടെ അവധി ഒരാഴ്ചത്തേക്ക് നീട്ടി നൽകുമെന്ന് കേരള സർവകലാശാല വ്യക്തമാക്കി. പൊതുപരിപാടികൾ വേണ്ടെന്ന നിർദേശത്തിന്‍റെ ഭാഗമായി കേരളസർവകലാശാല മാർച്ച് 11-ന് നടത്താൻ നിശ്ചയിച്ചിരുന്ന അക്കാദമിക് സമ്മിറ്റ് മാറ്റിവച്ചു. പുതിയ തീയതി പിന്നീടറിയിക്കും. 

വിവിധ ജില്ലകളിലായി കൊവിഡ് ജാഗ്രതയുടെ ഭാഗമായി സ്വീകരിച്ച നടപടികൾ ഇവയാണ്:

ജാഗ്രതയോടെ പത്തനംതിട്ട

പത്തനംതിട്ട ജനറൽ ആശുപത്രിക്ക് പുറമെ അടൂർ, കോഴഞ്ചേരി ആശുപത്രികളിലാണ് കൂടുതൽ ആളുകൾ നിരീക്ഷണത്തിൽ കഴിയുന്നത്. ആകെ 11 പേരാണ് ഐസൊലേഷനിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച അഞ്ച് പേരിൽ വൃദ്ധരായ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രോഗികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. പുതുതായി നാല് പേരുടെ രക്തസാംപിൾ കൂടി പരിശോധനക്ക് അയച്ചു. കൊറോണ സ്ഥിരീകരിച്ച കുടുംബത്തിലെ അഞ്ച് പേരുമായി നേരിട്ട് ഇടപഴകിയ ഇരുന്നൂറിലധികം പേരുടെ പട്ടിക തയ്യാറായി.

പത്തനംതിട്ടയിലെ പ്രമുഖ ടൗണുകളിലൊന്നും ആളനക്കമില്ലാത്ത സ്ഥിതിയാണ്. റാന്നിയിൽ ടൗണിൽ തെരുവുകളിലൊന്നും തിരക്കില്ല.

ഇതിനിടെ, കൊവിഡുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേർ ആശുപത്രി വിട്ടു. പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് ഇവരെ വിട്ടത്. സൗദി അറേബ്യയിൽ നിന്ന് എത്തിയവരാണിവർ.

ജില്ലയിൽ നിരീക്ഷണത്തിനായി കൂടുതൽ മെഡിക്കൽ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. മതചടങ്ങുകളടക്കം മാറ്റിവെക്കാനും ജനപങ്കാളിത്തം കുറക്കാനും കലക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തു. ഓമല്ലൂർ വയൽവാണിഭം പോലുളള മേളകൾ ഉപേക്ഷിക്കും. മലയാലപ്പുഴ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികൾ റദ്ദാക്കി. എൻഎസ്എസ് കരയോഗങ്ങളും പൊതുയോഗങ്ങളും ഒഴിവാക്കാൻ നിർദേശം നൽകി. എൻഎസ്എസ്സിന്‍റെ കീഴിലുള്ള കോളേജുകളിൽ ഇനി കുറച്ച് ദിവസത്തേക്ക് യാത്രയയപ്പ് യോഗങ്ങളോ, കോളേജ് ഡേ ആഘോഷങ്ങളോ, രക്ഷാകർത്തൃയോഗങ്ങളോ ഉണ്ടാകില്ല.

പത്തനംതിട്ട ജില്ലയിലെ കോടതികളുടെ റഗുലർ സിറ്റിംഗ് ഈ മാസം 13 വരെ വേണ്ടെന്ന് വച്ചിട്ടുണ്ട്. റാന്നിയിലെ അയ്യപ്പ മെഡിക്കൽ കോളേജിലും പന്തളത്തെ അർച്ചന ആശുപത്രിയിലുമാണ് ഐസോലാഷൻ വാർഡുകളുള്ളത്.

എറണാകുളത്തെ കുട്ടിയുടെ നില തൃപ്തികരം

ശനിയാഴ്ച രാവിലെ 7.55-നുളള എമിറൈറ്റ്‍സിന്‍റെ EK 530 വിമാനത്തിലാണ് രോഗബാധിതനായ മൂന്നുവയസുകാരൻ മാതാപിതാക്കൾക്കാപ്പം എത്തിയത്. ഇറ്റലിയിൽ നിന്ന് ദുബായ് വഴിയാണ് കൊച്ചിയിൽ വന്നത്. 

ഇറ്റലിയിൽ നിന്നുളള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ കണ്ടത്.  കുട്ടിയേയും മാതാപിതാക്കളേയും പ്രത്യേക ആംബു ഉടൻ തന്നെ കളമശേരിയിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ചു. കുട്ടിയുടെ സ്രവം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചപ്പോഴാണ് കോവിഡ് 19 രോഗബാധയാണെന്ന് സ്ഥിരീകരിച്ചത്. മാതാപാതിക്കൾക്കും നേരിയ പനിയുണ്ട്. ഇവരുടെ പരിശോധനാ ഫലം ഉടൻ പ്രതീക്ഷിക്കുകയാണ് ജില്ലാ ഭരണകൂടം.

നിലവിൽ എറണാകുളത്തെ സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തൽ. കളമശ്ശേരി മെഡിക്കൽ കോളജിൽ മാത്രം 13 പേർ നിരീക്ഷണത്തിലുണ്ട്. 152 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി മാർച്ച് മൂന്നിന്  മുമ്പ് ഇറ്റലിയിൽ നിന്നടക്കം എത്തിയവരേയും കണ്ടെത്താൻ ശ്രമം തുടരുകയാണ്. രോഗികളേയും ചികിത്സിച്ച ഡോക്ടർമാരുടെയും വിമാനത്താവളത്തിലെ ജീവനക്കാരുടെയും ആരോഗ്യനില പരിശോധിക്കുന്നുണ്ട്. സ്പെയിൻ, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരടക്കം 15 രാജ്യങ്ങളിൽ നിന്ന് വരുന്നവരെ നെടുമ്പാശ്ശേരിയിൽ കർശനമായി പരിശോധിക്കും. 

ജില്ലയിൽ കൂടുതൽ ഐസോലേഷൻ വാർഡുകൾ ഉറപ്പാക്കാൻ സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടുമെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ അധികം ജീവനക്കാരെ നിയമിക്കും. മാസ്ക്കുകൾ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾക്ക് അമിത വില ഈടാക്കിയാൽ കർശന നടപടിയുണ്ടാകും.

കോട്ടയത്ത് നാളെ അവധി

കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (മാര്‍ച്ച് 10) ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അവധി പ്രഖ്യാപിച്ചു.  
SSLC പരീക്ഷയ്ക്കും നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍ കരുതലെന്ന നിലയില്‍ നാഗമ്പടം സെന്‍റ് ആന്‍റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്ക് ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പ്രായമുള്ളവരും രോഗ സാധ്യതയുളളവരും സ്വഭവനങ്ങളിലിരുന്നു പ്രാര്‍ത്ഥിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. കുമ്പസാരം, കൗണ്‍സലിംഗ്, കൈവെയ്പ് ശുശ്രൂഷ എന്നിവ താല്കാലികമായി റദ്ദാക്കി. വിശുദ്ധ കുർബാന നാവിലല്ലാതെ, കൈകളിൽ ഏറ്റുവാങ്ങിയാൽ മതി. പള്ളിയിലെ ശുശ്രൂഷകള്‍ 'കോട്ടയം സെന്‍റ് ആന്‍റണീസ് ചർച്ച്' എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാകും. 

ഇടുക്കിയിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം

കൊറോണ ബോധവത്കരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ റിസോർട്ട് - ഹോട്ടൽ ഉടമകളുടെയും ടാക്സി ഡ്രൈവർമാരുടെയും യോഗം വിളിച്ചു. 

വിദേശടൂറിസ്റ്റുകളുടെ കണക്കെടുക്കാനായി പ്രത്യേക കേന്ദ്രങ്ങൾ ഇടുക്കിയിൽ തയ്യാറാക്കി വരികയാണ്. ഈ കേന്ദ്രങ്ങളിൽ പൊലീസിന്‍റെയും ആരോഗ്യ, സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെയാകും വിദേശികളായ ടൂറിസ്റ്റുകളുടെ കണക്ക് എടുക്കുകയും ഈ മേഖലകളിൽ ബോധവത്കരണം നടത്തുകയും ചെയ്യുക. 

ഇടുക്കിയിൽ ആകെ 28 പേരാണ് കൊവിഡ് ബാധയെന്ന എന്ന സംശയത്തിൽ നിരീക്ഷണത്തിലുള്ളത്. 27 പേർ വീട്ടിലാണ് നിരീക്ഷണത്തിൽ തുടരുന്നത്. ഒരാൾ ഇടുക്കി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ദില്ലിയിൽ നിന്ന് എത്തിയ ഉത്തരേന്ത്യക്കാരനാണ് ആശുപത്രിയിലുള്ളത്. ഇദ്ദേഹം എവിടെ നിന്ന് എത്തിയതാണെന്ന വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

കൊവിഡ് ബാധിതരെത്തിയ കൊല്ലത്തും കനത്ത ജാഗ്രത

കൊല്ലം ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേരുടെ പരിശോധന ഫലം നെഗറ്റീവ്. ഇവരെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് അയച്ചു. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത് ഏഴു പേരാണ്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇറ്റലിയിൽ നിന്ന് അടക്കമെത്തിയവർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. 

ജാഗ്രതയോടെ ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ ഐസൊലേഷനില്‍ 81 പേരുണ്ട്. ഇതില്‍ 32 പേര്‍ പുതുതായി നിരീക്ഷണത്തിലുള്‍പ്പെടുത്തിയവരാണ്. മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും കായംകുളം താലൂക്ക് ആശുപത്രിയിലുമായി നിരീക്ഷണത്തിലുള്ള ഒമ്പത് പേരും ഇതിലുള്‍പ്പെടും. ഇന്ന് 13 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

തൃശ്ശൂർ

കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 256 പേർ. ഇതിൽ 39 പേർ ആശുപത്രികളിലും 217 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുളളത്. കോവിഡ് ബാധിതരായ പത്തനംതിട്ട സ്വദേശികൾക്കൊപ്പം വിമാനയാത്ര നടത്തിയ നിന്നുളള 17 പേരെ തിരിച്ചറിഞ്ഞു. ഇവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. രണ്ടു പേർ ആശുപത്രി ഐസൊലോഷൻ വാർഡിലും മറ്റുളളവർ വീടുകളിൽ നിരീക്ഷണത്തിലുമാണ്. 4 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു.

വയനാട്

കൊവിഡുണ്ടെന്ന സംശയത്തിൽ വയനാട്ടിൽ അഞ്ച് പേർ കൂടി നിരീക്ഷണത്തിലാണ്. മലേഷ്യയിൽ നിന്ന് വന്ന മൂന്ന് പേരും സൗദി അറേബ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോ ആൾ വീതവും ആണ് നിരീക്ഷണത്തിൽ ഉള്ളത്. നിലവിൽ 20 പേർ വീടുകളിലും ഒരാൾ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ ഉള്ളത്. ഒരാളുടെ കൂടി സാമ്പിൾ പരിശോധനയ്ക്കയച്ചു. 10 സാമ്പിളുകൾ അയച്ചതിൽ ഏഴ് പേരുടെ ഫലം നെഗറ്റീവ് ആണ്. മൂന്നുപേരുടെ ഫലം ലഭിക്കാനുണ്ട്.

കാസർകോട്

കാസർകോട് 109 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 2 പേർ ആശുപത്രിയിലും 107 പേർ വീടുകളിലും ആണ്.

പാലക്കാട്

നിലവില്‍ 35 പേരാണ് പാലക്കാട് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 23 പേര്‍ വീടുകളിലും 11 പേര്‍ ജില്ലാ ആശുപത്രിയിലും, ഒറ്റപ്പാലം താലൂക്ക്  ആശുപത്രിയില്‍ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്. ആരുടെയും ആരോഗ്യ നിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. ഇതുവരെ 35 സാമ്പിളുകള്‍ അയച്ചതില്‍ 17 ഫലങ്ങളും നെഗറ്റീവാണ്. ആകെ 236 പേരില്‍ 201 പേരുടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios