Asianet News MalayalamAsianet News Malayalam

'ധനമന്ത്രീ, ജീവനക്കാരെ ഭീഷണിപ്പെടുത്തരുത്, ഇത് കേരളമാണ്', ചെന്നിത്തല

സൗജന്യ റേഷൻ തട്ടിപ്പാണെന്ന വാദം പ്രതിപക്ഷ നേതാവ് ഇന്നും ആവർത്തിച്ചു. ഗുണനിലവാരമില്ലാത്ത അരിയാണ് വിതരണം ചെയ്യുന്നതെന്നും. പാവങ്ങൾക്ക് സഹായം കിട്ടുന്നില്ലെന്നും ചെന്നിത്തല ആരോപിക്കുന്നു. 

Covid 19 Kerala opposition Leader ramesh chennithala lashes put against government
Author
Trivandrum, First Published Apr 3, 2020, 1:00 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരെ ധനകാര്യ മന്ത്രി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ​ഗുണ്ടാ പിരിവ് നടത്താനാണ് ലക്ഷ്യമെങ്കിൽ ഇത് കേരളമാണെന്ന് ഓർക്കണമെന്നും സഹകരിക്കാമെന്ന് പറയുമ്പോൾ തലയിൽ കയറരുതെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിക്ക് അനുനയത്തിന്റെ ഭാഷയും ധനകാര്യ മന്ത്രിയുടേത് ഭീഷണിയുമാണെന്ന് ചെന്നിത്തല പറയുന്നു. 

നിർബന്ധ പിരിവിനെ അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ നിലപാട് എന്നാൽ കഴിവിനനുസരിച്ച് ചാലഞ്ചിൽ പങ്കെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ചില വിഭാഗങ്ങളെ ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പൊലീസിനും, ആരോഗ്യവകുപ്പിനും ഇൻസെന്‍റീവ് നൽകേണ്ടതാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. 

പ്രളയ ഫണ്ടിനെതിരെയുള്ള പരാതി സാലറി ചലഞ്ചിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുവെന്ന് പറഞ്ഞ ചെന്നിത്തല പ്രത്യേക ഫണ്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം കൃത്യത ഇല്ലാത്തതാണെന്നും ആരോപിച്ചു. 

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമാകാൻ കാരണം കൊവിഡ് 19 അല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് നികുതി പിരിവിൽ 12% മാത്രമാണ് വർദ്ധനയെന്നും ജിഎസ്ടി നഷ്ടപരിഹാരം രണ്ട് മാസത്തെ കുടിശിക മാത്രമാണുള്ളതെന്നും ചെന്നിത്തല പറയുന്നു. കേരളത്തിന് 14000 കോടി ഉടൻ കിട്ടുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. 

കെടുകാര്യസ്ഥതയുടെ ഉത്തരവാദിത്തം കൊവിഡ് 19 ന്റെ തലയിൽ കെട്ടിവയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു. സൗജന്യ റേഷൻ തട്ടിപ്പാണെന്ന വാദം പ്രതിപക്ഷ നേതാവ് ഇന്നും ആവർത്തിച്ചു. ഗുണനിലവാരമില്ലാത്ത അരിയാണ് വിതരണം ചെയ്യുന്നതെന്നും. പാവങ്ങൾക്ക് സഹായം കിട്ടുന്നില്ലെന്നും ചെന്നിത്തല ആരോപിക്കുന്നു. 

Follow Us:
Download App:
  • android
  • ios