Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ്; 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

കാസര്‍കോട് ജില്ലയിൽ നിന്ന് ഇന്ന് കൊവിഡ് ഭേദമായത് 22 പേർക്കാണ്. 14 പേർ ജനറൽ ആശുപത്രിയിൽ നിന്നും, 5 പേർ  പ്രത്യേക കൊവിഡ്‌ ആശുപത്രിയിൽ നിന്നും 3  പേർ ജില്ലാ ആശുപത്രിയിൽ നിന്നുമാണ് രോഗം ഭേദമായത്. 

covid 19 kerala situation and test result pinarayi vijayan press meet
Author
Trivandrum, First Published Apr 16, 2020, 6:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ നാല് പേര്‍ക്കും, കോഴിക്കോട് രണ്ട് പേർക്കും, കാസര്‍കോട് ഒരാൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുപത്തേഴ് പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരുമാണ്. 

സംസ്ഥാനത്ത് ഇതുവരെ 394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 147 പേർ ഇപ്പോൾ ചികിത്സയിലാണ്. 88855 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 88332 പേരും ആശുപത്രികളിൽ 532 പേരും ഉണ്ട്. ഇന്ന് മാത്രം 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 17400 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 16459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. അതേസമയം രോഗം ഭേദമായവരുടെ എണ്ണത്തിലുണ്ടാകുന്ന വലിയ വര്‍ദ്ധന കേരളത്തിന് വലിയ ആശ്വാസമാണ്. കാസര്‍കോട് ജില്ലയിൽ നിന്ന് മാത്രം ഇന്ന് കൊവിഡ് ഭേദമായത് 24 പേർക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഗുണഫലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രിട്ടീഷ് എയർവേയ്സിന്റെ പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നും 268 പേർ ബ്രിട്ടനിലേക്ക് പോയി. ഇവരിൽ കൊവിഡ് സ്ഥിരീകരിച്ച്, പിന്നീട് രോഗം ഭേദമായ ഏഴ് പേരുമുണ്ട്. സംസ്ഥാനം കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ഉണ്ടാക്കിയ നേട്ടത്തിന്റെ സൂചനയാണിത്. അവർ കേരളത്തിന് പ്രത്യേക നന്ദി അറിയിച്ചു. ഒപ്പം നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലിക്കിടെ കൊവിഡ് ബാധിച്ച രണ്ട് പേർക്കും ഇന്ന് രോഗം ഭേദമായി.

അതിനിടെ സംസ്ഥാനത്ത് ലോക്ക് ഡൗണിന് തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ നൽകുന്നതിനെ കുറിച്ചും ധാരണയായി. ഇക്കാര്യം സംസ്ഥാന മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തു. 

ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച പൊതുനിയന്ത്രണങ്ങളാകെ സംസ്ഥാനം പൂർണ്ണമായ തോതിൽ അംഗീകരിച്ച് നടപ്പാക്കും. ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളിൽ ഏപ്രിൽ 20 മുതൽ കേന്ദ്രം ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ ബാധകമായ നിയന്ത്രണങ്ങൾ, വിമാനയാത്ര, ട്രെയിൻ ഗതാഗതം, മെട്രോ, പൊതുഗതാഗതം എന്നിവ പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടുള്ള യാത്രയും ജില്ല വിട്ടുള്ള യാത്രയ്ക്കും കടുത്ത നിയന്ത്രണമുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിശീലന കേന്ദ്രങ്ങളെല്ലാം പ്രവർത്തനം നിർത്തി. ആരാധനാലയങ്ങൾ, സിനിമാശാലകൾ, പൊതുസ്ഥലങ്ങൾ എല്ലാം നിയന്ത്രണത്തിലുണ്ട്. ഇവയെല്ലാം സംസ്ഥാനത്ത് തുടരും. സംസ്ഥാന അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തേക്കോ അകത്തേക്കോ ആർക്കും സഞ്ചരിക്കാനാവില്ല. അന്തർ ജില്ലാ യാത്രകളും നിരോധിച്ചിട്ടുണ്ട്. ഇത് രണ്ടും തുടരും.

കേന്ദ്ര പട്ടികയനുസരിച്ച്, കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്സ്പോട്ട്. കൊവിഡ് പോസിറ്റീവായി ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം കണക്കാക്കിയാൽ കാസർകോട് 61, കണ്ണൂർ 45, മലപ്പുറം ഒൻപത് എന്നിങ്ങനെയാണുള്ളത്. ഈ മൂന്ന് ജില്ലകൾ കഴിഞ്ഞാൽ സംസ്ഥാനത്ത് പോസിറ്റീവ് കേസ് ഒൻപതെണ്ണമുള്ള കോഴിക്കോട് നാലാമതാണ്. ഇവ നാലും ചേർത്ത് ഒരു മേഖലയാക്കുന്നതാണ് നല്ലത് എന്ന അഭിപ്രായം സംസ്ഥാനത്തിനുണ്ട്. ഇത് കേന്ദ്ര സർക്കാരിനെ അറിയിക്കും.

കേന്ദ്രത്തിന്‍റെ അംഗീകാരത്തോടെ അത് നടപ്പാക്കും. ഈ നാല് ജില്ലകളിലും ലോക്ക് ഡൗൺ ഇളവില്ലാതെ തുടരേണ്ട സാഹചര്യമാണ്. മെയ് മൂന്ന് വരെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കർശനമായി തുടരും. ഇതിൽ കോഴിക്കോട് കൂടി ഉൾപ്പെടുത്താൻ മറ്റ് പ്രശ്നങ്ങളില്ല. ഈ കാറ്റഗറിയിൽ മറ്റ് ചില ജില്ലകൾ നേരത്തെ കേന്ദ്രം ഹോട്ട്സ്പോട്ടായി പെടില്ല എന്നതിന് പ്രത്യേക അനുമതി വാങ്ങണം.

നാല് ജില്ലകളെ പ്രത്യേക കാറ്റഗറിയാക്കാനുള്ള അനുമതിയാണ് വാങ്ങേണ്ടത്. ഈ മേഖലയിൽ തീവ്ര രോഗബാധയുള്ള സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തും. ആ വില്ലേജുകളുടെ അതിർത്തിയടക്കും. എൻട്രി, എക്സിറ്റ് വഴികളൊഴികെ ബാക്കിയെല്ലാം അടക്കും. അവശ്യ സേവനങ്ങൾ ഈ വഴികളിലൂടെ എത്തിക്കും.

ആറ് പോസിറ്റീവ് കേസുള്ള പത്തനംതിട്ട, മൂന്ന് പോസിറ്റീവ് കേസുള്ള എറണാകുളം, അഞ്ച് കേസുള്ള കൊല്ലം എന്നീ ജില്ലകളാണ് അടുത്തത്. എറണാകുളവും പത്തനംതിട്ടയും ഹോട്ട്സ്പോട്ട് ജില്ലകളാണ്. ഇവയിൽ പോസിറ്റീവ് കേസുകൾ കുറവായതിനാലാണ് ആദ്യ ജില്ലകളിൽ നിന്ന് വ്യത്യസ്തമായി ഇവയെ കണക്കാക്കുന്നത്. ഇവിടങ്ങളിൽ ഏപ്രിൽ 24 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരും. ഹോട്ട്സ്പോട്ട് കണ്ടെത്തി ഈ ജില്ലകളിലും അടച്ചിട്ടും. ഏപ്രിൽ 24 കഴിഞ്ഞാൽ സാഹചര്യം അനുകൂലമാണെങ്കിൽ ചില ഇളവുകൾ അനുവദിക്കും.

മൂന്നാമത്തെ മേഖലയായി നിർദ്ദേശിക്കുന്നത് ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളാണ്. തിരുവനന്തപുരം ജില്ല ഹോട്ട്സ്പോട്ടാണ്. എന്നാലിവിടെ രണ്ട് പേർ മാത്രമാണ് പോസിറ്റീവായി നിൽക്കുന്നത്. ഇവിടെ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. മറ്റ് നിയന്ത്രണങ്ങൾ ഇവിടെയും ബാധകമാകും. സിനിമാശാലകൾ, ആരാധനാലയങ്ങൾ എല്ലാം ഒരേ നിലയിലാവും. ആൾക്കൂട്ടം ഇവിടെയും പൂർണ്ണമായി നിരോധിക്കും. ഇവിടങ്ങളിലെ ഹോട്ട്സ്പോട്ടുകൾ അടച്ചിടും. ഇറച്ചിക്കടകൾ, ഹോട്ടലുകൾ എന്നിവ വൈകുന്നേരം ഏഴ് മണി വരെ അനുവദിക്കും.

കോട്ടയത്തും ഇടുക്കിയിലും പോസിറ്റീവ് കേസില്ല. ഇവ മറ്റൊരു മേഖലയായി പരിഗണിക്കും. ഇടുക്കിയിലെ അതിർത്തികൾ പൂർണ്ണമായും അടക്കും. ജില്ലവിട്ടുള്ള യാത്രകൾ അനുവദിക്കില്ല. ആവശ്യമായ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കും. എന്നാൽ കൂട്ടംകൂടൽ അടക്കമുള്ള നിയന്ത്രണങ്ങൾ ഇവിടെയും ബാധകമായിരിക്കും. എവിടെയായാലും പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണം. സാനിറ്റൈസർ കരുതണം. കൊവിഡ് പ്രതിരോധ നടപടികൾ വിജയിപ്പിക്കാൻ ഓരോ ജില്ലയ്ക്കും പ്രത്യേക പ്ലാനുണ്ടാക്കും. വികേന്ദ്രീകൃതമായി ഇവ നടപ്പാക്കും.

ഹോട്ട്സ്പോട്ട് മേഖലയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക പ്ലാനുണ്ടാകണം. രോഗമുക്തരായി ആശുപത്രി വിടുന്നവരും കുടുംബാംഗങ്ങളും ആശുപത്രി വിട്ടാലും 14 ദിവസം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. മറ്റുള്ളവരുമായി സമ്പർക്കം പുലർത്തരുത്. തദ്ദേശ സ്ഥാപന തലത്തിൽ ഇവരെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തും.

സാധാരണ ജീവിത്തിന് ചിലയിടത്ത് ഇളവുകൾ നൽകണം. ക്രയവിക്രയ ശേഷി വർധിച്ചാലേ ആളുകൾക്ക് വരുമാനം ലഭിക്കൂ. തൊഴിൽ മേഖല സജീവമാക്കണം. അതിനായി കേന്ദ്രം നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഹോട്ട്സ്പോട്ട് പ്രദേശങ്ങൾ ഒഴികെ മറ്റിടങ്ങളിൽ സുരക്ഷാ മാനദണ്ഡം പാലിച്ച് നിർമ്മാണ മേഖലയിൽ പ്രവർത്തനം അനുവദിക്കൂ. ശാരീരിക അകലം പാലിക്കണം. തൊഴിൽ സ്ഥലത്ത് തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിർബന്ധം. തൊഴിൽ നടത്തിക്കുന്ന ആളിനാണ് ഇതിന്റെ ചുമതല. വ്യവസായ മേഖലയിൽ കഴിയാവുന്നത്ര പ്രവർത്തനം ആരംഭിക്കണം. കേന്ദ്ര മാനദണ്ഡം അനുസരിച്ചാവും ഇത്.

കയർ കശുവണ്ടി, കൈത്തറി, ഖാദി ഇവയിലും പ്രവർത്തനം പുനരാരംഭിക്കണം. ഹോട്ട്സ്പോട്ട് അല്ലാത്തിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കണം. ഇവിടങ്ങളിൽ പ്രത്യേക എൻട്രി പോയിന്റ് വേണം. ജീവനക്കാർക്ക് ആരോഗ്യപ്രശ്നം ഇല്ലെന്ന് ഉറപ്പാക്കണം. പ്രത്യേക താമസ സൗകര്യം ഇല്ലാത്ത ഇടങ്ങളിൽ വാഹന സൗകര്യം ഏർപ്പെടുത്തണം. കൂടുതൽ പേരുള്ള ഇടങ്ങളിൽ ഒരവസരത്തിൽ 50 ശതമാനത്തിൽ കൂടുതൽ പേരെ ജോലി ചെയ്യിക്കരുത്. ഇവിടങ്ങളിൽ ഷിഫ്റ്റ് സമ്പ്രദായം ഒരുക്കാം.

റബ്ബർ സംസ്കരണ യൂണിറ്റുകൾക്ക് പ്രവർത്തന അനുമതി നൽകും. മെയ് മാസം കഴിയുമ്പോൾ കനത്ത മഴക്ക് സാധ്യതയുണ്ട്. പല നിർമ്മാണ പ്രവർത്തനങ്ങളും അതിന് മുൻപ് പൂർത്തീകരിക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഇതിനാവശ്യമായ അനുമതി നൽകണം. കാർഷിക വൃത്തി കേന്ദ്ര മാനദണ്ഡം അനുസരിച്ച് നടത്താം. വിത്തിടാൻ പാടശേഖരങ്ങൾ പാകപ്പെടുത്തണം. ഇതെല്ലാം അനുവദിക്കും. കാർഷികോൽപ്പന്നങ്ങൾ സംഭരിക്കുകയും വിപണിയിൽ എത്തിക്കുകയും വിൽപ്പന നടത്തുകയും വേണം. അതിനാവശ്യമായ മാർക്കറ്റുകൾ തുറക്കാം. ഓയിൽ മിൽ, റൈസ് മിൽ, വെളിച്ചെണ്ണ ഉൽപ്പാദനം എന്നിവയെല്ലാം തുറക്കാം.

മൂല്യവർധിത കാർഷികോൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനങ്ങളും വിത്തും വളവും വിൽക്കുന്ന കടകളും തുറക്കാം. സഹകരണ സ്ഥാപനങ്ങൾക്ക് മിനിമം ജീവനക്കാരെ വച്ച് പ്രവർത്തനം ആരംഭിക്കാം. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, അക്ഷയ സെന്റർ ഇവയെല്ലാം തുറക്കണം. ജനങ്ങൾക്കുള്ള സേവനം മുടങ്ങരുത്. തോട്ടം മേഖലയിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏലം ഇതിലില്ല. അത് കൂടി ഉൾപ്പെടുത്തുന്നു. 50 ശതമാനം ജീവനക്കാരെ വച്ച് ഇവ പ്രവർത്തനം ആരംഭിക്കാം.

ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ, ഫിസിയോ തെറാപ്പി സ്ഥാപനങ്ങൾ ഇവയെല്ലാം തുറക്കണം. തദ്ദേശ സ്ഥാപനത്തിൽ ഓരോ വാർഡിലും 60 വയസിന് മുകളിലുള്ളവരുടെയും വിവിധ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരെയും സ്ഥിരമായി നിരീക്ഷിക്കാൻ സൗകര്യമുണ്ട്. ഇവരിൽ രോഗബാധിതരായ മുതിർന്നവർക്ക് ഡോക്ടറുമായി ബന്ധപ്പെടാൻ അവസരം വേണം. അതിന് ഓരോ തദ്ദേശ സ്വയംഭരണ അതിർത്തിയിലും ടെലിമെഡിസിൻ സൗകര്യം ഒരുക്കും. ഇവരിൽ ഏതെങ്കിലും രോഗിയെ കാണണമെന്ന് ഡോക്ടർക്ക് തോന്നുകയാണെങ്കിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വാഹനത്തിൽ രോഗിയുടെ വീട്ടിലേക്ക് ഡോക്ടർക്ക് പോകാം.

കൂടുതൽ രോഗികളുണ്ടെങ്കിൽ ഒരു മൊബൈൽ മെഡിക്കൽ യൂണിറ്റ് ഏർപ്പെടുത്തും. സ്വകാര്യ മേഖലയുടെ സഹായം തേടും. സ്വകാര്യ ആശുപത്രികളുടെ യോഗം കളക്ടർമാർ വിളിക്കും. ടെലിമെഡിസിൻ, മൊബൈൽ മെഡിക്കൽ യൂണിറ്റ് എന്നിവയിൽ സ്വകാര്യ മേഖലയ്ക്ക് എത്രത്തോളം സഹായിക്കാമെന്ന് ചോദിക്കും. മൊബൈൽ മെഡിക്കൽ യൂണിറ്റിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവയുണ്ടാകണം. ഓരോ തദ്ദേശ സ്ഥാപനത്തിലും സ്വകാര്യ മേഖലയുടെ സഹായത്തോടെ ഇത്തരം സംവിധാനങ്ങൾ ഒരുക്കും.

സ്വകാര്യ ആശുപത്രികളെയും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കും. അതിനായി ഓരോ ആശുപത്രിയുടെയും സൗകര്യങ്ങളിൽ ഒരു ഭാഗം കൊവിഡ് ചികിത്സയ്ക്ക് മാത്രമായും രണ്ടാമത്തെ ഭാഗം മറ്റ് അസുഖങ്ങൾക്കുമായി മാറ്റിവയ്ക്കും. ബാക്കിയുള്ള ജീവനക്കാർ ഫീൽഡിൽ കൊവിഡ് പ്രതിരോധത്തിന് സഹായിക്കണം. ആയുർവേദ-ഹോമിയോ മരുന്ന് ശാലകൾ തുറക്കാം. സംസ്ഥാനത്ത് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയടക്കം പുനരാരംഭിക്കും. സാധാരണ ഇവർ കൂട്ടംകൂടിയാണ് തൊഴിലെടുക്കുന്നത്. ഒരു ടീമിൽ അഞ്ചംഗങ്ങളേ പാടുള്ളൂ എന്ന നിയന്ത്രണമുണ്ട്. അത്തരത്തിൽ അഞ്ച് പേരുടെ ടീമിനെ നിശ്ചയിച്ച് പ്രവർത്തിക്കാം.

ആയുർവേദ - ഹോമിയോ മരുന്ന് നിർമ്മാണ കമ്പനികൾക്ക് പ്രവർത്തിക്കാം. മരുന്ന് കൊണ്ട്പോകാൻ സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കും അനുവാദം നൽകാം. വാതിൽപ്പടി സേവനം നൽകുന്ന പ്ലംബർ, ഇലക്ട്രീഷ്യൻ, മൊബൈൽ കംപ്യൂട്ടർ ഇലക്ട്രീഷ്യൻ എന്നിവർ ശാരീരിക അകലം പാലിക്കണം. അത്തരം ആളുകൾ ശാരീരിക അകലം പാലിക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കണം.

വീടുകളും പരിസരങ്ങളും ശുചീകരിക്കാൻ നേരത്തെ വീട്ടുകാർ തന്നെ നടപടിയെടുത്തിരുന്നു. ഇപ്പോൾ ജനങ്ങളെ പ്രേരിപ്പിച്ച് മഴക്കാല പൂർവ ശുചീകരണത്തിലേക്ക് കടക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾ സാധാരണ വിപുലമായ പ്രചാരണം ഇതിനായി നടത്താറുണ്ട്. ഇത് ഊർജ്ജിതമായി നടത്തണം. കഴിഞ്ഞ ദിവസങ്ങളിൽ അടച്ചിട്ട ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ തുറക്കുമ്പോൾ അണുവിമുക്തമാക്കണം, പരിസരം ശുചീകരിക്കണം. ഇത് പ്രധാനമാണ്.

കമ്യൂണിറ്റി കിച്ചണുകൾ നല്ല നിലയ്ക്ക് നടക്കുന്നുണ്ട്. അവിടെ അർഹർക്ക് മാത്രമേ ഭക്ഷണം കൊടുക്കാവൂ. അനർഹരെ ഒഴിവാക്കാം. ഇപ്പോൾ കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം വേണ്ടെന്ന് തന്നെ പറയുന്നുണ്ട്. വിഷമിക്കുന്നവർക്ക് മാത്രമാണ് ഇതിലൂടെ ഭക്ഷണം നൽകേണ്ടത്. അതിഥി തൊഴിലാളികൾ നാട്ടിൽ ധാരാളമുണ്ട്. ശുചീകരണ പ്രവർത്തനത്തിൽ സാധാരണ ഹരിത കർമ സേനയാണ് പ്രവർത്തിക്കാറുള്ളത്. അവർക്ക് പ്രവർത്തിക്കാം. ഈ ഘട്ടത്തിൽ അതിഥി തൊഴിലാളികൾ പലർക്കും ജോലിയില്ലാത്തതിനാൽ അവരെ കൂടി പൊതുശുചീകരണ പ്രവർത്തനത്തിൽ ഭാഗമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ആലോചിക്കാം. അങ്ങിനെയാണെങ്കിൽ മഴക്ക് മുൻപ് ധാരാളം പ്രവർത്തികൾ നടത്താം.

ലൈഫ് പദ്ധതിയിൽ മുടങ്ങിയ വീട് നിർമ്മാണം മഴക്ക് മുൻപ് പൂർത്തീകരിക്കണം. ഇന്നത്തെ ഘട്ടത്തിൽ അതിഥി തൊഴിലാളികളെ ഉപയോഗിക്കാനാവുമോയെന്ന് പരിശോധിക്കണം. പൊതുശുചീകരണത്തിന് ശുചിത്വ മിഷന്റെയും തദ്ദേശ സ്ഥാപനത്തിന്റെയും ഫണ്ടാണ് ഉപയോഗിക്കേണ്ടത്. ഇവിടെ നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം തുറക്കാൻ അനുവാദമില്ലാത്ത സ്ഥാപനങ്ങൾക്ക്, അവ തുറന്ന് വൃത്തിയാക്കാനും അകത്ത് ക്രമീകരണം വരുത്താനും ഒരു ദിവസം നൽകും. ചിതല് കേറി നശിക്കുന്നതും ചില സാധനങ്ങൾ പ്രത്യേകം മാറ്റിവയ്ക്കേണ്ടതുമുണ്ടാകും. അതിനാണിത്. എല്ലാ ഇളവുകളും സുരക്ഷാ ക്രമീകരണവും ശാരീരിക അകലവും പാലിച്ചാകണം. അത്യാവശ്യം വേണ്ട ആളുകളെ മാത്രമേ ജോലിക്ക് നിർത്താവൂ. രോഗലക്ഷണം ഉള്ളവരെ ജോലിക്ക് നിർത്തരുത്.

ഏപ്രിൽ 20 മുതൽ വാഹനങ്ങൾ ഓടാൻ അനുവദിക്കും. സ്ത്രീകളുടെ വാഹനത്തിന് ഇളവുകളുണ്ടാവും. ഒറ്റ, ഇരട്ട അക്കം അനുസരിച്ചാവും ക്രമീകരണം. വാഹന വിപണിക്കാരുടെ പക്കൽ ധാരാളം വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നുണ്ട്. അവ കേടാകാതിരിക്കാൻ ഇടക്ക് സ്റ്റാർട്ട് ചെയ്യണം. ഉപയോഗിച്ച വാഹനങ്ങൾ, നിർത്തിയിട്ട സ്വകാര്യ വാഹനങ്ങൾ ഇവയ്ക്കെല്ലാം സ്റ്റാർട്ട് ചെയ്യാൻ ആഴ്ചയിൽ ഒരു ദിവസം ഉപയോഗിക്കാം.

സിവിൽ സപ്ലൈസ് കോർപ്പറേഷനാണ് ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നത്. വിദേശത്ത് കഴിയുന്നവർ അവശ്യ മരുന്നുകൾ കൊണ്ടുപോകാറുണ്ട്. അതിന് കസ്റ്റംസുമായി ചേർന്ന് നോർക്ക മരുന്നുകൾ വിദേശത്ത് എത്തിക്കും. ഈ സേവനം വേണ്ടവർ നോർക്കയുമായി ബന്ധപ്പെടണം. കളക്ടർമാർ ജില്ലാ മെഡിക്കൽ ഓഫീസർമാരുമായി വീഡിയോ കോൺഫറൻസ് നടത്തി. അവരെയെല്ലാം അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിച്ചു.

കാലവർഷം പരിഗണിച്ച് ഓലമേഞ്ഞ വീടുകളിലും ഓടിട്ട വീടുകളിലും അറ്റകുറ്റപ്പണി ആവശ്യമാണ്. മഴക്കാലത്തിന് മുൻപ് കിണറുകൾ വൃത്തിയാക്കാൻ അവസരം ഒരുക്കും. ശേഖരിച്ച കശുവണ്ടി കൊല്ലത്തേക്ക് എത്തിക്കാൻ അവസരം ഒരുക്കും. ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ അങ്കൺവാടിയിൽ നിന്നുള്ള ഭക്ഷണ സാധനങ്ങൾ വീടുകളിലെത്തിക്കുന്നത് തുടരും.

പ്രവാസികൾക്ക് ഇപ്പോൾ വലിയ തോതിൽ പ്രയാസമാണ്. അത് കണക്കിലെടുത്ത് കേരള ബാങ്ക് ഒരു പദ്ധതി തയ്യാറാക്കി. കേരള ബാങ്കിന്റെ 779 ശാഖകളിലൂടെ പ്രത്യേക പ്രവാസി സ്വർണ്ണപ്പണയവായ്പാ പദ്ധതി നടപ്പാക്കും. മൂന്ന് ശതമാനം പലിശക്ക് പ്രവാസി കുടുംബത്തിന് അരലക്ഷം രൂപ വരെ വായ്പ നൽകും. മറ്റ് ചാർജുകൾ ഈടാക്കില്ല. നാല് മാസത്തേക്കാണ് വായ്പ അനുവദിക്കുക.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പലരും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേർസ് കൊവിഡ് രോഗികൾക്കാവശ്യമായ ഹൈഡ്രോക്സി ക്ലോറോകിൻ ഗുളികകൾ വാഗ്ദാനം ചെയ്തു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 50 ലക്ഷം, ജസ്റ്റിസ് ജയദീപ് ഗുപ്ത 50 ലക്ഷം, വായോളി മുഹമ്മദ് മാസ്റ്റർ ഒരു ലക്ഷം, ഇടുക്കി ജില്ലയിലെ സഹകരണ ബാങ്ക് ജീവനക്കാർ, പഞ്ചായത്തുകൾ, നാട്ടുകാർ ചേർന്ന് 1.26 കോടി നൽകി. ശിശുക്ഷേമ സമിതിയുടെ കുട്ടികൾ കൈനീട്ടമായി ലഭിച്ച 3001 രൂപ സംഭാവനയായി നൽകി. സംഭാവന നൽകുന്ന ചെറിയ കുട്ടികളുടെ പേര് പത്രത്തിൽ പ്രത്യേകം പ്രസിദ്ധീകരിക്കണമെന്ന് മുഖ്യമന്ത്രി.

തുടര്‍ന്ന് വായിക്കാം: കേരളത്തിന് സ്വന്തം നിലയിൽ റെഡ് സോൺ നിശ്ചയിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ...


കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക   

Follow Us:
Download App:
  • android
  • ios