Asianet News MalayalamAsianet News Malayalam

ശനിയാഴ്ച സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 10 പേര്‍ക്ക്; ഏഴ് പേര്‍ക്ക് സമ്പര്‍ക്കം വഴി

ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി ഇളവ് വരുത്തിയാൽ മതിയെന്ന നിലപാടാണ് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിൽ കേരളം എടുത്തത്. 

covid 19 kerala situation pinarayi vijayan presser
Author
Trivandrum, First Published Apr 11, 2020, 6:09 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത്  ശനിയാഴ്ച പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 19 പേരുടെ പരിശോധന ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴ് പേര്‍ക്ക് സമ്പര്‍ക്കം വഴി വൈറസ് ബാധയേറ്റത്. മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ് കണ്ണൂർ ഏഴ്, കാസർകോട് രണ്ട്, കോഴിക്കോട് ഒന്ന്. മൂന്ന് പേർ വിദേശത്തു നിന്നും വന്നതും ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ലഭിച്ചത്.

കണ്ണൂരിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാസര്‍കോട് സ്വദേശിയായ യുവതിക്ക് ആൺകുഞ്ഞു പിറന്നത് സന്തോഷം നൽകുന്ന വാര്‍ത്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സക്ക് നേതൃത്വം നൽകിയ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

കൊവിഡ് ചികിത്സയിലുള്ള 19 പേർക്ക് ഇന്ന് നെഗറ്റീവായി കാസർകോട് ഒൻപത് പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2 ,തൃശ്ശൂർ ഒന്ന്. ഇതുവരെ 371 പേർക്കാണ് സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചത്. 228 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 1,23,490 പേ‍ർ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ 816 പേർ ആശുപത്രിയിലുണ്ട്. 201 പേരെ ഇന്നു ഉച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 14163 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.12718  എണ്ണം നെ​ഗറ്റീവായി.. 

രാജ്യത്തെ കൊവിഡ് സാഹചര്യം നേരിടാൻ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും കേരളം അനുസരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ ധാരണ, പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി ഇളവ് വരുത്തിയാൽ മതിയെന്ന നിലപാടാണ് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിൽ കേരളം എടുത്തത്. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

നാളെ ഈസ്റ്ററാണല്ലോ... അതിജീവനത്തിൻ്റെ സന്ദേശമാണ് ഈസ്റ്റർ നൽകുന്നത്. ഏത് പീഡനാനുഭവത്തിനും അപ്പുറം അതിജീവനത്തിൻ്റേതായ പ്രഭാതമുണ്ട് എന്നാണ് ഈസ്റ്റർ പഠിപ്പിക്കുന്നത്. ലോകം കൊവിഡ് 19 എന്ന പീഠനാനുഭവത്തിലൂടെ കടന്നു പോകുന്ന ഘട്ടമാണിത്. ഈ യാതനയുടെ ഘട്ടത്തെ മറികടക്കാനുള്ള കരുത്ത് കൂടിയാണ് ഈസ്റ്റർ നൽകുന്നത്. വൈഷമ്യഘട്ടമാണെങ്കിലും ഏവർക്കും ഈസ്റ്റർ ആശംസകൾ...

കൊവിഡ് രോ​ഗമുക്തരായ ദമ്പതികൾക്ക് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ഒരു കുഞ്ഞു പിറന്നു എന്ന സന്തോഷ വാർത്ത ഇന്നുണ്ട്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അവ‍ർക്കും അവരെ പരിചരിച്ച മെഡിക്കൽ ടീമിനും അഭിനന്ദനങ്ങൾ. 

പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തിരുന്നു. രാജ്യത്തെ കൊവിഡ് ബാധയുമായി ബന്ധപ്പെട്ട വിശദമായ ച‍ർച്ച അവിടെ നടന്നു. കേരളത്തിൻ്റെ ആവശ്യങ്ങളെല്ലാം അവിടെ അറിയിച്ചു. ഇനിയുള്ള മൂന്ന് നാല് ആഴ്ചകൾ കൊവിഡ് പ്രതിരോധത്തിൽ നി‍ർണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ലോക് ഡൗണിന് മുൻപിലെ സ്ഥിതിയിലേക്ക് തിരിച്ചു പോകാനായിട്ടില്ല എന്ന കേരളത്തിൻ്റെ അഭിപ്രായം പ്രധാനമന്ത്രിയെ അറിയിച്ചു. ഒരോ ഘട്ടത്തിലേയും സ്ഥിതി​ഗതികൾ സൂക്ഷമമായി നീരിക്ഷിച്ച ശേഷമേ ലോക്ക് ഡൗൺ പതുക്കേ പിൻവലിക്കാൻ പാടുള്ളൂ. ജനങ്ങളുടെ സഞ്ചാരം അനിയന്ത്രിതമായാൽ രോ​ഗം പടരാനും സാമൂഹികവ്യാപനത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനത്ത് സ്ഥിതി ​ഗുരുതരമാവും. ഹോട്ട് സ്പോട്ടായി കണക്കാക്കേണ്ട സ്ഥലങ്ങളിൽ നിലവിലെ സ്ഥിതി ഏപ്രിൽ മുപ്പത് വരെ തുടരണം. സ്ഥിതി​​ഗുരുതരമല്ലാത്ത സ്ഥലങ്ങളിൽ സംസ്ഥാനങ്ങൾ നി‍ർദേശിക്കുന്ന നിയന്ത്രണങ്ങളോടെയും ശാരീരിക അകലം ഉറപ്പു വരുത്തിയും ഇളവുകൾ നൽകണം ഇക്കാരത്തിൽ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണം.

കേളത്തിൽ 3.85 ലക്ഷം അതിഥി തൊഴിലാളികളുണ്ട്. അവരെല്ലാം നാട്ടിലേക്ക് മടങ്ങാൻ ആ​ഗ്രഹിക്കുന്നു. അവ‍ർക്ക് സ്വദേശത്ത് മടങ്ങാൻ ഏപ്രിൽ 14-ന് ശേഷം അവസരമൊരുക്കണം. ഇതിനായി പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിൻ സജ്ജമാക്കാണം. സ്ഥിരവരുമാനമില്ലാത്ത ഇവർക്ക് അവരുടെ അക്കൗണ്ടിലേക്ക് അടുത്ത മൂന്ന് മാസത്തേക്ക് ഡയറക്ട ബെനിഫിക്ട് സ്കീം പ്രകാരം ധനസഹായം നൽകണം. 

പ്രവാസികളുടെ വിഷയവും പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ കേരളം ഉന്നയിച്ചു. സാധ്യമായ എല്ലാ സഹായവും പിന്തുണയും നൽകാൻ ബന്ധപ്പെട്ട എംബസികൾക്ക് നിർദേശം നൽകണം. ലേബർ ക്യാംപിൽ പ്രത്യേക ശ്രദ്ധ വേണം. രോ​ഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെപ്പറ്റിയും കൃത്യമായ ഇടവേളകളിൽ എംബസി ബുള്ളറ്റിൻ ഇറക്കണം. തെറ്റായ വിവരം പ്രചരിക്കുന്നതു മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇതു സഹായിക്കും. 

സന്ദർശക വിസയിലും മറ്റു പരിപാടികൾക്കുമായി വിദേശത്തേക്ക് പോയ പലരും അവിടെ കുടുങ്ങി കിടക്കുകയാണ്. ഇവരെ അന്താരാഷ്ട്ര ചട്ടങ്ങളും ആരോ​ഗ്യമാനദണ്ഡങ്ങളും പ്രകാരം ഇവരെ പ്രത്യേക വിമാനത്തിൽ തിരികെ എത്തിക്കണം. അംസഘടിത മേഖലയിൽ ജോലി ചെയ്യുന്നവരുടെ കാര്യം പ്രത്യേകം പരി​ഗണിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇവർക്ക് സാമ്പത്തിക സഹായം നൽകിയാൽ അതു തിരികെ സമ്പദ് വ്യവസ്ഥയിലേക്ക് തന്നെ എത്തും. ഇഎസ്ഐ നിബന്ധന പ്രകാരം ചില സാഹചര്യങ്ങളിൽ ശമ്പളം നൽകാനുള്ള അധികാരം ഇഎസ്ഐക്കുണ്ട്. എന്നാൽ ഈ മാനദണ്ഡത്തിൽ കൊവിഡില്ല. ഈ പട്ടികയിലേക്ക് കൊവി‍ഡിനെ ഉൾപ്പെടുത്തണം. 

പൊതുവിതരണ സമ്പ്രദായം രാജ്യവ്യാപകമായി സാർവത്രികമാക്കണം. ആവശ്യത്തിലേറെ ഭക്ഷ്യധാനം നിലവിൽ സ്റ്റോക്കുണ്ട്. 6.44 ലക്ഷം ടൺ അരിയും ​ഗോതമ്പും കേരളത്തിന് അടുത്ത ആറ് മാസത്തേക്ക് ആവശ്യമുണ്ട്. ഇതു മുടക്കമില്ലാതെ ലഭ്യമാക്കണം. വിളവെടുത്ത ഉത്പന്നങ്ങളുടെ നീക്കം ഉറപ്പിക്കാൻ റെയിൽവേ കൂടുതൽ ചരക്കു തീവണ്ടികൾ ഓടിക്കാൻ തയ്യാറാവണം. ഇതോടൊപ്പം വായ്പാ പരിധി ഉയർത്തൽ, പ്രത്യേക പാക്കേജ് എന്നീ ആവശ്യങ്ങളും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. 

യുഎഇ ഭരണാധികാരികൾ പ്രവാസി മലയാളികളെ എന്നും ഹൃദയത്തോട് ചേർത്തു വച്ചവരാണ്. ഈ കൊവിഡ് കാലത്തും സ്വദേശി വിദേശി വ്യത്യാസമില്ലാതെ അവർ ഇക്കുറിയും പ്രവർത്തിക്കുന്നുണ്ട്. പ്രവാസികളുടെ കാര്യത്തിൽ പ്രത്യേക ശ്ര​ദ്ധയോടെ സാധ്യമായതല്ലാം സർക്കാർ ചെയ്യുന്നുണ്ട്.യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഖത്തർ, ഒമാൻ, സൗദി അറേബ്യ, കുവൈത്ത്, യുകെ, ഇന്തോനേഷ്യ,മൊംസബിക് എന്നിവിടങ്ങളിലും നോർക്ക ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. 

നോർക്കയിലേക്ക് വരുന്ന പരാതികൾ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. യുഎഇയിൽ ആവശ്യമായവർക്ക് ഭക്ഷണവും ചികിത്സയും നൽകുന്നുണ്ട്. വിവിധ പ്രവാസി സംഘടനകൾ,കൂട്ടായ്മകൾ, സന്നദ്ധ സംഘടനകൾ എന്നിവവരുടെ സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇവരിൽ നിരീക്ഷണത്തിൽ ഉള്ളവരെ പാർപ്പിക്കാൻ പ്രത്യേക സംവിധാനങ്ങളും ഒരുക്കി കൊണ്ടിരിക്കുകയാണ്. നിരീക്ഷണത്തിലുള്ളവർക്കും മറ്റും ഭക്ഷണം നൽകാനും മറ്റും നിരവധി പേർ തയ്യാറായിട്ടുണ്ട്. 

രാജ്യത്തിനകത്ത് മുംബൈ, ഹൈദരാബാദ്, ചെന്നൈ, തെലങ്കാന എന്നിവിടങ്ങളിലും ഹെൽപ്പ് ലൈൻ ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. പ്രവാസിക്ഷേമനിധി ബോ‍ർഡിൽ അം​ഗങ്ങളായ എല്ലാവർക്കും പെൻഷന് പുറമേ ആയിരം രൂപ വീതം അനുവദിക്കും. 15000  പേർക്ക് ഈ ആനുകൂല്യം ലഭിക്കും. ക്ഷേമനിധിയിൽ അം​ഗമായ എല്ലാ കൊവിഡ് ബാധിതർക്കും 15,000 രൂപ വിതം ഉടൻ അനുവദിക്കും

2020 ജനുവരി ഒന്നിന് ശേഷം വാലിഡ് വിസ, ജോബ് പാസ്പോർട്ട് എന്നിവയുമായി വിദേശത്തു നിന്നും നാട്ടിലെത്തി കുടുങ്ങിയവർക്കും. ലോക്ക് ഡൗൺ മൂലം നാട്ടിൽ കുടുങ്ങുകയും വിസാ കാലാവധി കഴിഞ്ഞവർക്കും മാർച്ച് 26 മുതൽ സർക്കാർ തീരുമാനം ഉണ്ടാവും വരെ 5000 രൂപയുടെ അടിയന്തര സഹായം നോർക്ക നൽകും. 

പ്രവാസികൾ ഇന്നനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നമ്മളെ വേദനിപ്പിക്കുന്നുണ്ട്. അവരുടെ കാര്യത്തിൽ നമ്മുക്ക് വലിയ കരുതലുണ്ട്. ഒന്നിച്ചു നിന്ന് പ്രശ്നങ്ങൾ പരിഹരിക്കുക എന്നതു മാത്രമാണ് പോംവഴി. പ്രവാസികളുടെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റേയും വിവിധ പ്രവാസി സം​​ഘടനകളുടേയും ശ്ര​ദ്ധയിൽ കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ എല്ലാതരം ഭിന്നതയും നാം മാറ്റി വയ്ക്കേണ്ടതുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ സർക്കാരും നോർക്കയും എപ്പോഴും സന്നദ്ധമാണ്. 

18828 ക്യാംപുകളാണ് അതിഥി തൊഴിലാളികൾക്കായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. അവശ്യസാധനങ്ങളുടെ വരവിൽ ​ഗണ്യമായ വർധനയുണ്ട്. 2191 ചരക്കു വാഹനങ്ങൾ എത്തി. എൽപിജി സിലിണ്ടറുകളുടെ വരവ് വർധിപ്പിക്കാൻ സർക്കാർ ഇടപെടും. അടിയന്തര സാഹചര്യം നേരിടാൻ രണ്ടരലക്ഷം മുറികൾ ഇതുവരെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 1.24  ലക്ഷം മുറികൾ ഏതു ഘട്ടത്തിലും ഉപയോ​ഗിക്കാം. 

ഒരു ടണലുണ്ടാക്കി അതിലൂടെ കടന്നു പോയി സാനിറ്റൈസ് ചെയ്യുക എന്ന പരീക്ഷണം ചിലയിടത്ത് തുടങ്ങിയതായി കണ്ടു. അതു അശാസ്ത്രീയമാണ് എന്നാണ് വിദ​ഗ്ദ്ധരുടെ അഭിപ്രായം. അതിനു പിറകേ പോകേണ്ട എന്ന് കളക്ടർമാരെ അറിയിക്കും. സംസ്ഥാനത്ത് പലതരം പനികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതും ശ്രദ്ധിക്കണം. നമ്മുടെ സംവിധാനം മൊത്തം കൊവിഡിലാണ് ശ്രദ്ധിക്കുന്നത്. അതോടൊപ്പം തന്നെ മറ്റു രോ​ഗങ്ങൾക്കും ചികിത്സ ഉറപ്പാക്കണം. എന്തെങ്കിലും അസുഖമുള്ളവർ കൊവിഡ് കഴിഞ്ഞ് ചികിത്സിക്കാം എന്നു കരുതേണ്ട. ആവശ്യമായ ചികിത്സ ഉടനെ തേടാം.

ലോക്ക് ഡൗണിനിടെ ചിലർ നിയമവിരുദ്ധമായി സഞ്ചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ആളുകളെ കടത്തിയ ഒരു ആംബുലൻസ് കോഴിക്കോട് പിടികൂടുകയുണ്ടായി. റെയിൽ പാതയിലൂടെ നടന്നും ബൈക്കോടിച്ചും ചിലർ സഞ്ചരിച്ചതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരക്കാരെ തടയാൻ പൊലീസിനോട് നിർദേശിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ ക്യാൻസർ ചികിത്സ ഉപകരങ്ങൾക്കുണ്ടായ കേട് കാരണം തടസപ്പെട്ടിട്ടുണ്ട് ഇക്കാര്യം അടിയന്തരമായിപരിഹരിക്കും. മൂന്നാർ കൊട്ടക്കമ്പൂരിൽ ആരോ​ഗ്യപ്രവർത്തകർക്കും പൊലീസിനുമായി സ്ഥാപിച്ച ജലസംഭരണിയിൽ സാമൂഹിക വിരുദ്ധർ വിഷം കലക്കിയ വാർത്ത അതീവ ​ഗൗരവമുള്ളതാണ്. കുറ്റവാളികളെ അടിയന്തരമായി കണ്ടെത്താൻ പൊലീസിനോട് ആവശ്യപ്പെട്ടു.മാതൃകപരമായ ശിക്ഷ ഇക്കാര്യത്തിൽ ഉറപ്പാക്കും. 

പത്തനംതിട്ടയിൽ നടത്തിയ അനൗൺസ്മെൻ്റ് കേട്ട് തെറ്റിദ്ധരിച്ച് അതിഥി തൊഴിലാളികൾ നാട്ടിൽ പോകാൻ വേണ്ടി ടിക്കറ്റെടുക്കാൻ പുറത്തിറങ്ങിയ സംഭവം ഉണ്ടായി ഇത്തരം കാര്യങ്ങളിൽ ജാ​ഗ്രത വേണം. മറുഭാഷകൾ അറിയുന്നവർ വേണം ഇത്തരം അനൗൺസ്മെന്റ് നടത്താൻ. ലോക്ക് ഡൗൺ കാരണം പൂട്ടിയ അലങ്കാരമത്സ്യകടകളിലും കോഴിഫാമുകളിലും ​ഗുരുതരപ്രശ്നങ്ങളുണ്ട് ഇക്കാര്യത്തിൽ ​ഗൗരവമായ ഇടപെടലുണ്ടാവും. 

അൺ എയ്ഡഡ് സ്കൂളുകളിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങിയെന്നും അവർക്ക് ശമ്പളം കിട്ടുന്നില്ലെന്നും പരാതി ലഭിച്ചു. ഇതു ​ഗൗരവമുള്ള കാര്യമാണ് ഇക്കാര്യത്തിൽ സ്കൂൾ മാനേജുമെൻ്റെുകൾ അടിയന്തര നടപടി സ്വീകരിക്കണം. സ്കൂൾ അധികൃതർ ഈ സമയത്ത് ഫീസ് പിരിക്കേണ്ട ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. അതെല്ലാം കൊവിഡ് പ്രതിസന്ധി കഴിഞ്ഞ ശേഷം മതി. 

നമ്മുടെ സംസ്ഥാനത്ത് ആൾ താമസമില്ലാത്ത വീടുകളും ഫ്ളാറ്റുകളും പതിനായിരക്കണക്കിനുണ്ട്. ഇവയുടെ കണക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശേഖരിക്കും. ഒരു അടിയന്തരസാഹചര്യം വന്നാൽ ഇവ ഉപയോ​ഗിക്കാമോ എന്നറിയാനാണിത്. ലോക്ക് ഡൗൺ കാരണം നിരവധി വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് പോകാൻ സാധിച്ചിട്ടില്ല. എല്ലാ സ്വകാര്യ-എയ്ഡഡ്- സർക്കാർ ഹോസ്റ്റലുകളിലേയും ഫീസ് ഇക്കാലയളവിൽ ഒഴിവാക്കി. 

ജിഎസ്ടി രേഖപ്പെടുത്താൻ ചാർട്ടേണ്ട് അക്കൗണ്ടൻ്റുമാർക്കും ടാക്സ് പ്രാക്ടീഷണർമാർക്കും ആഴ്ചയിൽ ഒരു ദിവസം ഓഫീസ് തുറക്കാൻ അനുമതി നൽകും. പ്രിൻ്റിം​ഗ് പ്രസുകൾക്കും നിബന്ധകൾക്ക് വിധേയമായി കട തുറക്കാൻ അനുമതി നൽകും. കുട്ടികൾക്ക് വാക്സിനേഷൻ കൊടുക്കുന്നത് നീട്ടിവയ്ക്കാമോ എന്ന കാര്യം പരിശോധിക്കും. വയോജനങ്ങളേയും കിടപ്പ് രോ​ഗികളേയും പരിചരിക്കുന്ന ഹോം നഴ്സുമാർക്ക് ആവശ്യമായ പരിശോധന നടത്തും. കേരളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും അണുവിമുക്തമാക്കാൻ നടപടി സ്വീകരിക്കും. 

ഈസ്റ്ററും വിഷുവും വരികയാണ്. ഇന്നലെയും ഇന്നും പലയിടത്തും തിരക്ക് അനുഭവപ്പെട്ടു. ആഘോഷങ്ങൾ ഈ ഘട്ടത്തിൽ പരിമിതപ്പെടുത്തേണ്ടത് ആവശ്യമാണ്. നിയന്ത്രണങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണം. നാളെ ചില കടകൾ തുറക്കുന്നുണ്ട്. അതൊരു ആവശ്യവുമാണ്. എന്നു കരുതി അതൊരു ആഘോഷമാക്കാം എന്നാരും കരുതേണ്ട. ആവശ്യക്കാർ മാത്രം സാമൂഹിക അകലം പാലിച്ച് കടകളിൽ പോയാൽ മതി. അനാവശ്യമായി പുറത്തിറങ്ങിയാൽ പിടിക്കപ്പെടും. അതെല്ലാവരും മനസിലാക്കിയാൽ നല്ലതാണ്. 

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഹൈബി ഈഡൻ എംപി ഒന്നരക്കോടി രൂപ അനുവദിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി - രണ്ട് കോടി, കേരളസഹകരണ വികസന ക്ഷേമനിധി ബോർഡ് - 51 ലക്ഷം, പികെ ​ഗ്രൂപ്പ് ഓഫ് കമ്പനീസ് കോഴിക്കോട് - 50 ലക്ഷം, പാരിസൺസ് ​ഗ്രൂപ്പ് ഓഫ് കമ്പനീസ് - 50 ലക്ഷം, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ - ഒരു ലക്ഷം, തിരുവിതാംകൂർ രാജകുടുംബാം​ഗം അശ്വതി തിരുനാൾ ​ഗൗരി ലക്ഷമിഭാ​യി - ഒരു ലക്ഷം, കല്യാൺ സിൽക്സിലെ ജീവനക്കാർ വേതനത്തിൽ നിന്നും 17,25000 രൂപ നൽകുന്നുണ്ട്. സ്വകാര്യമേഖലകളിലും ഇത്തരം സഹായങ്ങളുണ്ടാവുന്നത് മികച്ച മാതൃകയാണ്. 

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സഹായം കഴിഞ്ഞ മാസം മുടങ്ങിയിരുന്നു അതു തുടരാൻ തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗണിൽ പൊതുവായ പ്രഖ്യാപനം കേന്ദ്രത്തിൽ നിന്നും വന്ന ശേഷം നമ്മുടെ കാര്യത്തിലെ തീരുമാനം വരും. നമ്മുടെ നിരീക്ഷണത്തിൽ ചില ജില്ലകൾക്ക് ഇളവ് നൽകാം എന്ന് അഭിപ്രായമുണ്ട്. ചിലയിടത്ത് കർശന നിയന്ത്രണം തുടരുകയും വേണം. ഇക്കാര്യത്തിൽ കേന്ദ്രം ആദ്യം ഒരു നയം പറയട്ടെ എന്നിട്ട് അതിനനുസരിച്ച് നമ്മുടെ തീരുമാനം പറയാം. ട്രെയിനും അന്തർസംസ്ഥാന ബസുകളും ഉടനെ ഓടില്ലെന്ന സൂചനയാണ് ലഭിച്ചത്.  

സമ്പർക്കവും സമൂഹവ്യാപനവും രണ്ടാണ്. സമ്പർക്കത്തിലൂടെ ഈ രോ​ഗം വരുമെന്ന് നമ്മൾ നേരത്തെ കണ്ടതാണ്. എന്നാൽ സാമൂഹിക വ്യാപനം വഴി രോ​ഗം വരാനുള്ള അവസ്ഥയിലേക്ക് നമ്മൾ എത്തിയിട്ടില്ല. സ്പിം​ഗ്ളർ എന്ന കമ്പനിയുടെ സ്ഥാപകൻ ഒരു മലയാളിയാണ്. തൻ്റെ വയോധികരായ മാതാപിതാക്കളുടെ സംരക്ഷണത്തിന് കേരളം നൽകുന്ന സേവനം അദ്ദേഹം നേരിൽ കണ്ട് ബോധ്യപ്പെട്ടതാണ്. പ്രതിപക്ഷനേതാവ് ആരോപിക്കുന്ന പോലെ അതിലൂടെ വിവരങ്ങൾ ചോരുന്നില്ല. ലോകാരോ​ഗ്യസംഘടനയും ഇതേകമ്പനിയുടെ സേവനം ഉപയോ​ഗിക്കുന്നുണ്ട്. അവർ ശേഖരിക്കുന്ന ഡേറ്റകളെല്ലാം ഇന്ത്യയിലെ സെർവറുകളിലാണ് സൂക്ഷിച്ചത്. ഇവയെല്ലാം കേന്ദ്രസർക്കാർ ചട്ടങ്ങൾ പാലിച്ചാണ് സൂക്ഷിക്കുന്നത്. 

കൊവിഡ് രോ​ഗികളുടെ എണ്ണം കുറയുന്നതും രോ​ഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതും ആശ്വസകരമായ കാര്യമാണ്. എന്നാൽ അതു കരുതി നാം ജാ​ഗ്രത വെടിഞ്ഞാൽ ഇതൊരു വലിയ വിപത്തായി മാറും. രോ​ഗത്തെ പ്രതിരോധിക്കുന്നതിൽ ആരോ​ഗ്യപ്രവർത്തകരുടെ പങ്ക് വളരെ വലുതാണ്. അതോടൊപ്പം ലോക്ക് ഡൗണിനോട് സഹകരിച്ച ജനങ്ങളോടും നന്ദിയുണ്ട്. നമ്മുക്ക് ഈ ജാ​ഗ്രത തുടരണം. 

സുരക്ഷാക്രമീകരണങ്ങൾ പാലിച്ചു കൊണ്ടു ബാർബർ ഷോപ്പ് തുറക്കാമോ എന്നു പരിശോധിക്കും. ആളുകൾ വ്യായാമം ചെയ്യുന്നതിൽ തെറ്റില്ല. വീട്ടിലായാലും പുറത്തായാലും ഒറ്റയ്ക്ക് ഒരാൾക്ക് വ്യായാമം ചെയ്യാം എന്നു കരുതി. കൂട്ടം കൂടി വ്യായാമം ചെയ്യുന്നത് അം​ഗീകരിക്കാനാവില്ല.  

കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിരിച്ചു വരുന്ന പ്രവാസികളുടെ കാര്യം ​ഗൗരവത്തോടെ കാണണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരാണ് പ്രാഥമികമായി ഇടപെടേണ്ടത്. നമ്മുടെ പരിമിതികളിൽനിന്ന് സംസ്ഥാന സർക്കാരും പരമാവധി ചെയ്യും അവർക്കായി പാക്കേജ് അടക്കം പ്രഖ്യാപിക്കും. എത്രത്തോളം വലുതായിരിക്കും ഈ തിരിച്ചു വരവ് എന്നത് കണ്ടറിയണം. 

ഈ ദിവസങ്ങളിൽ പല കടകൾക്കും സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കുന്നതിൽ ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ കാസർകോട് ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും മുൻപേ പറഞ്ഞ പതിനൊന്നു മണി സമയം പാലിച്ചു കൊണ്ട് വേണം പ്രവർത്തിക്കാൻ ഇക്കാര്യത്തിൽ ഇവിടെ ഇളവുകളൊന്നും നൽകിയിട്ടില്ല. 

നാളെ ഈസ്റ്ററാണ് എല്ലാം ഇന്നു തന്നെ പറഞ്ഞു തീർക്കേണ്ട. നാളെ നമ്മൾ കാണില്ല, ഇനി നാളെ കഴിഞ്ഞു കാണാം... 


 

തുടര്‍ന്ന് വായിക്കാം: കൊവിഡ് മരണം; മാഹി സ്വദേശിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്ന് ആരോഗ്യ മന്ത്രി...

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios