ദില്ലി: കൊവിഡ് 19 വൈറസ് ബാധ വ്യാപകമായ സഹചര്യത്തിൽ പഞ്ചാബ് കേന്ദ്ര സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക്. കേരള സമ്പര്‍ക്രാന്തി എക്‌സ്പ്രസ്സില്‍ പ്രത്യേക കോച്ചിൽ കേരളത്തിലെത്തിക്കാനാണ് തീരുമാനം.

കൊവിഡ് ഭീതിയെ തുടര്‍ന്ന് പഞ്ചാബ് കേന്ദ്ര സര്‍വ്വകലാശാല അടച്ചിട്ടിരിക്കുകയാണ്. ഇവിടെയുണ്ടായിരുന്ന 130 ഓളം വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് വരാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇവർക്കായി രണ്ട് പ്രത്യേക കോച്ചുകൾ റെയിൽ അനുവദിച്ചതോടെയാണ് യാത്രാപ്രശ്നം പരിഹരിക്കപ്പെട്ടത്.

അതിനിടെ കർണ്ണാടകയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചയാളുമായി ബന്ധപ്പെട്ട കല്‍ബുറഗിയിലെ മെഡിക്കൽ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമായി. കൊവിഡ് ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘം ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത് ട്രെയിനിലും കെഎസ്ആർടിസി ബസിലുമാണ്. 

കലബുറഗിയിൽ നിന്ന് ബെംഗളൂരുവിലെത്താൻ കർണാടക ആർടിസി ബസ് ഏർപ്പെടുത്തി. മറ്റ് സംവിധാനങ്ങൾ നോർക്ക ഏർപ്പെടുത്താതിരുന്നതാണ് വീഴ്ചയായത്. സന്നദ്ധ സംഘടനകൾ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയെങ്കിലും അതിൽ പോകാൻ വിദ്യാർത്ഥികൾ തയ്യാറായില്ല. ബസിൽ നാട്ടിലേക്ക് വന്ന വിദ്യാർത്ഥികളെ മുത്തങ്ങയിൽ വച്ച് പരിശോധിച്ചു. 

മുഹമ്മദ് ഹുസൈൻ സിദ്ദിഖി എന്ന 76കാരനാണ് കർണാടകത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ വൈറസ് ബാധയേറ്റുള്ള ആദ്യ മരണമായിരുന്നു ഇത്. മരണത്തിന് ശേഷമാണ് ഇയാൾക്ക് കൊവിഡ് 19 രോഗമായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. ഫെബ്രുവരി 29 ന് ഇദ്ദേഹം സൗദി അറേബ്യയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തി. മാർച്ച് അഞ്ചിന് ഇദ്ദേഹം അസുഖബാധിതനാവുകയും തുടർന്ന് കൽബുർഗിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു.

നില വഷളായതോടെ ഇദ്ദേഹത്തെ മാർച്ച് ഒൻപതിന് ഹൈദരാബാദിലേക്ക് മാറ്റി. ഇവിടെ വച്ച് രോഗം മൂർച്ഛിച്ചതിനാൽ ആശുപത്രി അധികൃതർ വീട്ടിലേക്ക് മടക്കി അയച്ചു. ഇതോടെ ബന്ധുക്കൾ ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നു. പതിനൊന്നാം തീയതി മരണം സംഭവിച്ചു. ഇയാളെ ചികിത്സിച്ച സംഘത്തിലുള്‍പ്പെട്ടവരടക്കമാണ് ട്രെയിനിലും ബസിലും നാട്ടിലെത്തിയത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക