Asianet News MalayalamAsianet News Malayalam

രണ്ടാം ദിവസവും ആശ്വാസം: സംസ്ഥാനത്ത് പുതിയ കൊവിഡ് രോഗികളില്ല, 5 പേർക്ക് രോഗമുക്തി

പ്രവാസികൾ ഇന്ന് തിരികെ വന്ന് തുടങ്ങുകയാണ്. നാടിന്‍റെ കരുതലിലേക്ക്. സർവസജ്ജമാണെന്ന് സർക്കാർ പറയുമ്പോഴും പല തട്ടുകളിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട് എന്നതും പ്രധാനമാണ്. ഇന്നത്തെ കണക്കുകൾ.

covid 19 kerala updates as on 07 may 2020
Author
Thiruvananthapuram, First Published May 7, 2020, 5:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന് വീണ്ടും ആശ്വാസദിനം. ഇന്നും ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. 5 പേര്‍ രോഗമുക്തി നേടി: ഇനി ചികിത്സയിലുള്ളത് 25 പേര്‍ മാത്രമാണ്. ഇതുവരെ രോഗമുക്തി നേടിയവര്‍ 474. 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. 

സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളിലാണ് ആര്‍ക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്ത ദിനങ്ങളായി കണക്കിൽ രേഖപ്പെടുത്തപ്പെടുന്നത്. അതേസമയം 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 25 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 35,171 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 34,519 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3035 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2337 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. അതേസമയം 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് നിലവില്‍ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

തത്സമയസംപ്രേഷണം:

Follow Us:
Download App:
  • android
  • ios